court

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ സര്‍വീസ് സ്റ്റേഷന്‍ നിര്‍മാണത്തിനായി തണ്ണീര്‍തട സംരക്ഷണ നിയമം ലംഘിച്ച് പെര്‍മിറ്റ് കൈക്കലാക്കിയ കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കി കോടതി. കൊല്ലം കുളക്കട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അജിത, പഞ്ചായത്ത് ക്ലര്‍ക്ക് ഹാരിസണ്‍, സര്‍വീസ് സ്റ്റേഷന്‍ ഉടമ സാബു തോമസ് എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് നടപടി.

സര്‍വീസ് സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചതോടെ നാട്ടുകാര്‍ സംഘടിക്കുകയും വലിയ പ്രക്ഷോഭം നടത്തുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഈ സര്‍വീസ് സ്‌റ്റേഷന്‍ ഇടിച്ച് കളയുകയും ചെയ്തിരുന്നു. ഇതോടെയാണ് വിജിലന്‍സ് കൊല്ലം യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

തണ്ണീര്‍ തട സംരക്ഷണ നിയമം ലംഘിച്ച് പ്രതികള്‍ ഗൂഢാലോചന നടത്തി പെര്‍മിറ്റ് കൈക്കലാക്കുകയും സര്‍വീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് അനുമതി നേടുകയായിരുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. നിയമം കാറ്റില്‍പറത്തി സര്‍വീസ് സ്റ്റേഷന്‍ പണികഴിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കേസെടുത്തത്.

പ്രതികള്‍ക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്പാകെയാണ് വിജിലന്‍സ് കൊല്ലം യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്നാം പ്രതിയും സര്‍വീസ് സ്റ്റേഷന്‍ ഉടമയുമായ സാബു തോമസ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് പ്രതികളെ മുഴുവന്‍ കോടതി കുറ്റവിമുക്തരാക്കിയത്.

പ്രതിക്ക് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഫ്‌സന്‍ ഖാന്‍ ഹാജരായി. കുറ്റപത്രത്തില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതിനെ സാധുകരിക്കുന്ന തെളിവുകളോ സാക്ഷികളോ ഇല്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് പ്രതികളെ കോടതി വിടുതല്‍ ചെയ്തത്.