കുന്ദമംഗലം: നൈറ്റ് കർഫ്യൂവിനെതിരെ സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടിയെന്നോണം ലക്ഷക്കണക്കിന് രൂപയുടെ പിഴ ചുമത്താനുള്ള എൻ.ഐ.ടി അധികൃതരുടെ നടപടിക്കെതിരെ എസ്.എഫ്.ഐ കുന്ദമംഗലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ എൻ.ഐ.ടിയിലേക്ക്നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർക്കാൻ സമരക്കാർശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.
മാർച്ച് മെയിൻ ഗേറ്റിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ മിഥുൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ ആസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് യാസിൻ പ്രസംഗിച്ചു.
പി.എസ്.ശ്രീദത്ത് സ്വഗതവും അഭിശ്വതി നന്ദിയും പറഞ്ഞു. പൊലീസ് കെട്ടിയ ബാരിക്കേഡ് പ്രതിഷേധക്കാർ മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രമേശന് കാലിന് പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.കാലിക്കറ്റ് എൻ.ഐ.ടി കാമ്പസിൽ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണത്തിനെതിരെ കഴിഞ്ഞ മാർച്ച് 22 ന് നടന്ന സമരത്തിൽ പങ്കെടുത്ത അഞ്ച് വിദ്യാർത്ഥികൾക്കാണ് ആറുലക്ഷം രൂപ വീതം പിഴ ചുമത്തിയത്.