money

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭെല്‍ (B.H.E.L, ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ്) ന് 7,000 കോടി രൂപ വില വരുന്ന ഓര്‍ഡര്‍ നല്‍കി അദാനി ഗ്രൂപ്പ്. ഓര്‍ഡര്‍ ലഭിച്ച കാര്യം ഭെല്‍ തന്നെയാണ് അറിയിച്ചത്.

ഛത്തീസ്ഗഡിലെ റായ്പൂരില്‍ സ്ഥാപിക്കുന്ന 2x800 മെഗാവാട്ട് റായ്പൂര്‍ സൂപ്പര്‍ ക്രിട്ടിക്കല്‍ തെര്‍മല്‍ പവര്‍ പ്ലാന്റിനുള്ള ആദ്യ ഓര്‍ഡര്‍ അദാനി പവര്‍ ലിമിറ്റഡില്‍ നിന്ന് ലഭിച്ചതായാണ് ഭെല്‍ പ്രസ്താവനയിലൂടെ അറിയിച്ചത്.

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ സ്ഥാപിക്കുന്ന 2x800 മെഗാവാട്ട് മിര്‍സാപൂര്‍ സൂപ്പര്‍ ക്രിട്ടിക്കല്‍ താപവൈദ്യുത നിലയത്തിനുള്ള രണ്ടാമത്തെ ഓര്‍ഡര്‍ അദാനി പവര്‍ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ എംടിഇയുപിപിഎല്ലില്‍ നിന്ന് ലഭിച്ചതായും അറിയിച്ചു.

പ്രധാന പ്ലാന്റ് ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിര്‍മ്മാണവും വിതരണവും കമ്മീഷനിംഗും സൂപ്പര്‍ വിഷനുമാണ് അദാനി ഗ്രൂപ്പില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. സ്റ്റീം ജനറേറ്ററുകള്‍, സ്റ്റീം ടര്‍ബൈനുകള്‍, ജനറേറ്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികളുടെ പ്രധാന ഉപകരണങ്ങള്‍ കമ്പനിയുടെ തിരുച്ചി, ഹരിദ്വാര്‍ പ്ലാന്റുകളില്‍ നിര്‍മ്മിക്കും.

ഘനവ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഊര്‍ജം, വ്യവസായം, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് സ്ഥാപനമാണ്.