pakistan

ഫ്‌ളോറിഡ: ട്വന്റി 20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്ത്. ഗ്രൂപ്പ് എയിലെ അയര്‍ലാന്‍ഡ് - യുഎസ്എ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെയാണ് മുന്‍ ചാമ്പ്യന്‍മാരും നിലവിലെ റണ്ണറപ്പുകളുമായ പാകിസ്ഥാന്‍ പുറത്തായത്. എ ഗ്രൂപ്പില്‍ നിന്ന് ഇന്ത്യക്ക് ഒപ്പം യുഎസ്എ സൂപ്പര്‍ എട്ടിലേക്ക് മുന്നേറി. പ്രാഥമിക റൗണ്ടില്‍ ഇന്ത്യയോടും യുഎസ്എയോടും തോറ്റതോടെയാണ് പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായത്.

ഇന്നത്തെ മത്സരം ഉപേക്ഷിച്ചതോടെ അമേരിക്കയ്ക്ക് നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പോയിന്റായി. കാനഡയ്‌ക്കെതിരെ മാത്രം വിജയിച്ച് രണ്ട് പോയിന്റുമായി നില്‍ക്കുന്ന പാകിസ്ഥാന് അവസാന മത്സരത്തില്‍ അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ചാലും പരമാവധി നാല് പോയിന്റ് മാത്രമേ ലഭിക്കുകയുള്ളൂ. ഇതോടെയാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി യുഎസ്എ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുള്ള ഇന്ത്യയാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍.

കാനഡ, പാകിസ്ഥാന്‍ എന്നിവര്‍ക്കെതിരെ നേടിയ വിജയമാണ് യുഎസ്എക്ക് തുണയായത്. പാകിസ്ഥാനുമായി നടന്ന മത്സരം ടൈ ആയതോടെ സൂപ്പര്‍ ഓവറിലായിരുന്നു യുഎസ്എയുടെ വിജയം. ഈ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഹ ആതിഥേയരായ അവര്‍ പുറത്തെടുത്തത്. ഗ്രൂപ്പിലെ ശക്തരായ ഇന്ത്യയെ പോലും മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ വിറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.

സൗത്താഫ്രിക്ക പോലുള്ള ശക്തരായ ടീമുകളുമായിട്ടാണ് സൂപ്പര്‍ എട്ടില്‍ അവരുടെ മത്സരങ്ങള്‍. ലോകകപ്പിന് തൊട്ട് മുമ്പ് നടന്ന പരമ്പരയില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്താനും അവര്‍ക്ക് കഴിഞ്ഞിരുന്നു.