expat

പണം ഏറെ അയയ്ക്കുന്നത് കൊല്ലത്തുകാര്‍

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ നാട്ടിലേക്കയയ്ക്കുന്ന പണം ഇരട്ടിയിലേറെ വര്‍ദ്ധിച്ചതായി കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട്. 2018ല്‍ 85,092കോടിയാണ് അയച്ചിരുന്നതെങ്കില്‍ 2023ല്‍ അത് 2.16ലക്ഷം കോടിയായി ഉയര്‍ന്നു. വീട്ടിലേക്ക് ഒരുവര്‍ഷം 96,185രൂപ അയച്ചിരുന്ന മലയാളി ഇപ്പോള്‍ അയക്കുന്നത് 2.23ലക്ഷം രൂപ.

മലപ്പുറത്താണ് പ്രവാസികള്‍ കൂടുതലെങ്കിലും വീട്ടിലേക്ക് പണം അയയ്ക്കുന്നതില്‍ മുന്നില്‍ കൊല്ലം ജില്ലക്കാരാണ്. മൊത്തം അയയ്ക്കുന്ന പണത്തിന്റെ 16.2% മലപ്പുറത്തേക്കാണെങ്കില്‍ കൊല്ലത്തേക്ക് 17.8% പണം എത്തുന്നു. മുസ്‌ളിം വിഭാഗത്തിലുള്ളവരാണ് കൂടുതല്‍ പണം അയയ്ക്കുന്നത്. 40.1%. ഹിന്ദുക്കള്‍ 39.1%ഉം ക്രിസ്ത്യന്‍ വിഭാഗക്കാര്‍ 20.8%ഉം അയയ്ക്കുന്നു. വീട്ടിലെത്തുന്ന പ്രവാസികളുടെ പണത്തില്‍ 15.8% ഭവനനിര്‍മ്മണത്തിനും 14% വായ്പ തിരിച്ചടയ്ക്കാനും 10% വിദ്യാഭ്യാസത്തിനും ഉപയോഗിക്കുന്നു.

സംസ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഒഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റും സംയുക്തമായാണ് സര്‍വേ നടത്തിയത്. ഇന്നലെ ലോകകേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

സംസ്ഥാനത്ത് പ്രവാസികളുടെ എണ്ണം കുറയുകയും തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം കൂടുകയും ചെയ്യുന്ന അപകടകരമായ സ്ഥിതിയാണുള്ളതെന്ന് സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. 24ലക്ഷമുണ്ടായിരുന്ന പ്രവാസികള്‍ ഇപ്പോള്‍ 22ലക്ഷമായി കുറഞ്ഞു. തിരിച്ചുവരുന്ന പ്രവാസികള്‍ 2018ല്‍ 12 ലക്ഷമായിരുന്നെങ്കില്‍ ഇപ്പോഴത് 18ലക്ഷമായി. വിദ്യാര്‍ത്ഥികളുടെ പ്രവാസം കൂടുന്നതും ആശങ്കാജനകമാണ്.

വിദ്യാര്‍ത്ഥികളുടെ കുടിയേറ്റത്തിന്റെ എണ്ണം 2018ല്‍ 1,29,763 ആയിരുന്നു. 2023ല്‍ ഏകദേശം 2,50,000 ആയി ഇരട്ടിച്ചെന്ന് സര്‍വേയില്‍ പറയുന്നു.17 വയസുള്ളപ്പോള്‍ തന്നെ വിദേശത്ത് കുടിയേറുന്നവരുണ്ട്, ആകെ പ്രവാസികളില്‍ 11.3 ശതമാനം ഇപ്പോള്‍ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ പണം നാട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുകയാണ്. സ്ത്രീകുടിയേറ്റവും കുടുംബത്തോടെയുള്ള കുടിയേറ്റവും വര്‍ദ്ധിക്കുകയാണ്. സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 2018ലെ 15.8 ശതമാനത്തില്‍ നിന്ന് 2023ല്‍ 19.1 ശതമാനമായി ഉയര്‍ന്നു. സ്ത്രീകളുടെ കുടിയേറ്റം ജി.സി.സി രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്കും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും മാറിയിട്ടുണ്ട്.

--------

പ്രവാസികള്‍ കൂടുതല്‍ മലപ്പുറത്ത്

പ്രവാസികള്‍ ഏറെയുള്ളത് മലപ്പുറത്താണ്, 377,647

പ്രവാസികളില്‍ മുസ്ലീങ്ങള്‍ 41.9 ശതമാനവും ഹിന്ദുക്കള്‍ 35.2 ശതമാനവും ക്രിസ്ത്യാനികള്‍ 22.3 ശതമാനവും വരും.താലൂക്കുകളില്‍ തിരൂരിലാണ് കൂടുതല്‍ പ്രവാസികള്‍. കുറവ് ഇടുക്കിയിലെ ദേവികുളത്തും.

പ്രവാസികളുടെ എണ്ണം

1998ല്‍ 14ലക്ഷം

2003ല്‍18ലക്ഷം

2008ല്‍ 22ലക്ഷം

2013ല്‍ 24ലക്ഷം

2018ല്‍ 21ലക്ഷം

2023ല്‍ 22ലക്ഷം