kochi

ആലുവ: വൈകുന്നേരമായാല്‍ പ്രവര്‍ത്തനമില്ലാതെ ആലുവ റെയില്‍വേ സ്റ്റേഷന്‍ സ്‌ക്വയറില്‍ പൊലീസ് ആഘോഷപൂര്‍വ്വം തുറന്ന പ്രീപെയ്ഡ് കൗണ്ടര്‍. പകല്‍ സമയങ്ങളില്‍ മാത്രമാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം. വൈകുന്നേരമായാല്‍ ഓട്ടോ ഡ്രൈവര്‍മാരുടെ ഇഷ്ടം പോലെയാണ് വാടകയും ഓട്ടവും.

ഓട്ടോറിക്ഷകള്‍ ഹ്രസ്വദൂരയാത്രക്കാരെ അവഗണിക്കുന്നതായാണ് പരാതി. ട്രെയിന്‍ ഇറങ്ങി വരുന്ന യാത്രക്കാര്‍ സമീപ സ്ഥലങ്ങളിലേക്കാണ് പോകുന്നതെങ്കില്‍ ഓട്ടോകള്‍ ഓട്ടം വിളിച്ചാല്‍ വരില്ല. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ കുടുംബവുമായി വന്ന യൂത്ത് കോണ്‍ഗ്രസ് നേതാവായ ജോണി ക്രിസ്റ്റഫര്‍ വിളിച്ചിട്ട് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കൊച്ചിന്‍ ബാങ്ക് സ്റ്റോപ്പിലേക്ക് ഓട്ടം പോകാന്‍ ആരും തയ്യാറായില്ല. ഒരു മണിക്കൂറോളം കാത്ത് നിന്ന ശേഷമാണ് ഓട്ടോ ലഭിച്ചതത്രെ.

നേരത്തെ മുതല്‍ നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രീപെയ്ഡ് ബൂത്ത് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം ബൂത്ത് പുനരാരംഭിച്ചെങ്കിലും പകല്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. സേവനത്തിന് രണ്ട് രൂപ യാത്രക്കാരില്‍ നിന്ന് വാങ്ങുന്നുണ്ട്. ചെറിയ ഓട്ടം വിളിക്കുന്നവരെ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് നിന്ന് പരിഹസിക്കുന്നതായും ആരോപണമുണ്ട്. യൂണിയന്റെ പിന്‍ബലം ഉള്ളതിനാല്‍ ചോദ്യം ചെയ്യുന്നവരെ അപമാനിക്കുന്നതായും പരാതി.

അന്യസംസ്ഥാന തൊഴിലാളികളെ യാത്രക്കാരായി ലഭിക്കാനാണ് ഡ്രൈവര്‍മാര്‍ക്ക് താത്പര്യം. പെരുമ്പാവൂര്‍ മേഖലയിലേക്ക് കൊണ്ടു പോകുന്നത് അഞ്ചും ആറും പേരെ കുത്തിനിറച്ചാണ്. 500 മുതല്‍ 1000 രൂപ വരെ ഒരാളില്‍ നിന്നും വാങ്ങുന്നുവെന്നും പറയുന്നു.

ഗതാഗതമന്ത്രിക്ക് പരാതി നല്‍കി


ഓട്ടോറിക്ഷയില്‍ കയറിയ തന്നെയും കുടുംബത്തേയും ഇറക്കിവിട്ടതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജോണി ക്രിസ്റ്റഫര്‍ ഗതാഗത മന്ത്രിക്ക് പരാതി നല്‍കി. ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചതായും പറയുന്നു. ഭാര്യയും കുട്ടിയും അനിയത്തിയും ആറുമാസം പ്രായമുള്ള കുട്ടിയും ചേര്‍ന്നാണ് ഓട്ടോ വിളിച്ചത്. ജില്ലാ പൊലീസ് മേധാവിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കും.