
മന്ത്രി സജി ചെറിയാൻ ആദ്യം എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഗാന്ധിഭവൻ സന്ദർശിക്കാനെത്തി. ആയിരത്തിലേറെ വരുന്ന കുടുംബാംഗങ്ങളെ അദ്ദേഹം അവരവർ വസിക്കുന്ന ഇടങ്ങളിൽ പോയി കാണുകയും ഓരോരുത്തരുടെയും ക്ഷേമ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. തിരിച്ചു ഗാന്ധിഭവന്റെ ഓഫീസ് അങ്കണത്തിൽ എത്തിയ അദ്ദേഹത്തിന്റെ മുഖത്ത് ആശങ്കയുടെയും ആർദ്രതയുടെയും ഭാവമായിരുന്നു.
ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജന്റെ തോളിൽ കൈവച്ചുകൊണ്ട് ചോദിച്ചു. 'ഇതൊരു മഹാത്ഭുതമാണല്ലോ". അങ്ങ് ഇതെങ്ങനെ നോക്കി നടത്തുന്നു?. തുടർന്ന് 'അങ്ങ് എവിടെയാണ് താമസിക്കുന്നത്?" സോമരാജൻ ഇടതുവശത്തേക്ക് കൈ ചൂണ്ടി. അവിടെ മരത്തൂണുകൾ പോലെയുള്ള ഏതാനും ചെറിയ തൂണുകളിൽ ഏറുമാടം പോലെ ഓടിട്ടൊരു കുഞ്ഞു വീട്. കുടിൽ എന്നാണ് അതിനു പേര്. ഏകദേശം 200 സ്ക്വയർ ഫീറ്റ്. അദ്ദേഹം ചോദിച്ചു, ''അതിനകത്ത് ടോയ്ലറ്റ് ഉണ്ടോ?"" എനിക്കൊന്നു പോകണം. എന്നിട്ട് അതിലേക്ക് പ്രവേശിച്ചു. അതിൽ ഒരു കട്ടിൽ, സ്റ്റൂൾ ഒരു കൊച്ചുമേശ, ഒരു കൊച്ച് അലമാര.. പിന്നെ കുറെ വസ്ത്രങ്ങൾ.. ഇതിനുള്ളിലെ സൗകര്യങ്ങൾ പരിശോധിക്കുവാ നായിരുന്നു ഇത്. സജി ചെറിയാന് വീണ്ടും അത്ഭുത കാഴ്ച.. പിന്നീട് മന്ത്രിയായി ഗാന്ധിഭവനിൽ എത്തി അദ്ദേഹം വേദിയിൽ സംസാരിച്ചു. ''പുനലൂർ സോമരാജൻ എന്റെ സഹോദരനും മാർഗ്ഗദർശിയുമാണ്. ഞാനിവിടെ വന്നു കണ്ടതിനുശേഷം ഒത്തിരി ചിന്തിച്ചു. മനുഷ്യന്റെ ജീവിതം ഇവിടെ കണ്ട കാഴ്ചകളാണ്. സ്വത്തും അധികാരവും ഒന്നും ഒന്നുമല്ല.. നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ.. അതു മാത്രമേ നിലനിൽക്കൂ.""
ഗാന്ധിഭവൻ കണ്ട ശേഷം സജി ചെറിയാൻ നാട്ടിലെത്തി. അടുത്ത സുഹൃത്തുക്കളെ വിളിച്ചുകൂട്ടി 'കരുണ" എന്ന ഒരു പാലിയേറ്റീവ് ടീമിന് തുടക്കം കുറിച്ചു. ഇന്ന് 4500 ഓളം രോഗികൾക്ക് ശുശ്രൂഷയും പരിചരണവും നൽകുന്ന ഒരു മഹാ പ്രസ്ഥാനമായി അത് മാറി. പിന്നെ ഒരു വിൽപ്പത്രം കൂടി എഴുതി. തന്റെ കാലശേഷം കുടുംബവീട് പാലിയേറ്റീവ് സംഘടനയ്ക്ക്... മനുഷ്യന്റെ കണ്ണ് തുറപ്പിക്കുന്ന പ്രസ്ഥാനമാണ് ഗാന്ധിഭവൻ എന്നായിരുന്നു സജി ചെറിയാന്റെ വാക്കുകൾ.
ഗാന്ധിഭവന്റെ പിറവി
2003 ജൂൺ ആറിന് പത്തനാപുരം ടൗണിന് സമീപം രണ്ട് മുറികളുള്ള ഒരു കൊച്ചു വാടക കെട്ടിടത്തിൽ പാറുക്കുട്ടിയമ്മയെന്ന വയോധികയെ താമസിപ്പിച്ചുകൊണ്ട് ഗാന്ധിഭവൻ അഭയകേന്ദ്രത്തിന് തുടക്കമിട്ടു. ഇന്ന് പത്തനാപുരം ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഗാന്ധിഭവനിൽ നിരവധി കെട്ടിടങ്ങളിലായി 1300 ലധികം കുടുംബാംഗങ്ങളുണ്ട്. ചിൽഡ്രൻസ് ഹോം, ഓൾഡേജ് ഹോം, പാലിയേറ്റീവ് കെയർ സെന്റർ, ഭിന്നശേഷിക്കാർക്കുള്ള നാഷണൽ ട്രസ്റ്റിന്റെ സെന്റർ, അംഗപരിമിതർക്കുള്ള വാസകേന്ദ്രം, എച്ച്.ഐ.വി ബാധിതർക്കുള്ള സെന്റർ, വിവിധ കേസുകളിൽപെട്ട് എത്തുന്ന വനിതകൾക്കും കുഞ്ഞുങ്ങൾക്കുമായുള്ള ഷെൽട്ടർ ഹോം എന്നീ അഭയ കേന്ദ്രങ്ങളും എട്ട് ഏക്കർ വരുന്ന ഇവിടെ പ്രവർത്തിക്കുന്നു. കേരള ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള സൗജന്യ നിയമസേവന വിഭാഗം, സൗജന്യ ലഹരി ചികിത്സാകേന്ദ്രം എല്ലാം ഇവിടെയുണ്ട്.
എല്ലാവർക്കും ഭക്ഷണം
ആദരണീയനായ പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനി 2005ലാണ് ആദ്യമായി ഗാന്ധിഭവനിൽ വന്നത്. പിന്നീട് അദ്ദേഹം ഈ വഴി പോകുമ്പോൾ എല്ലാം ഇവിടെ കയറും. ഇവിടുത്തെ കുഞ്ഞുങ്ങളെല്ലാം അദ്ദേഹത്തിന്റെ കൂട്ടുകാരാണ്. അദ്ദേഹം ആദ്യം എത്തിയപ്പോൾ പറഞ്ഞു: ''എനിക്കിനി സ്വർഗത്തിൽ പോകാനുള്ള വഴി എളുപ്പമാകും. കാരണം ഈ ദൈവഭവനം സന്ദർശിക്കാൻ കിട്ടിയ അവസരമാണ് അതിനു വഴി തുറക്കുന്നത്"". തുടർന്ന് ''നമ്മുടെ നാട്ടിൽ വിശന്നിരിക്കുന്ന ഒരുപാട് പേരുണ്ട്. ആര് ഇവിടെ വന്നാലും ഭക്ഷണം കൊടുക്കണം. ഒന്നും കഴിക്കാതെ ആരെയും വിടരുത്."" അത് ഇന്നും പാലിക്കുന്നു.
വിദ്യാഭ്യാസ പദ്ധതി
ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഗാന്ധിഭവൻ ആരംഭിച്ച സ്പെഷ്യൽ സ്കൂൾ ഇന്ന് നിരവധി സംരംഭങ്ങളുമായി മുന്നേറുകയാണ്. 200 വിദ്യാർത്ഥികളും അദ്ധ്യാപകരും സ്പെഷ്യൽ തെറാപ്പിസ്റ്റുകളുമായി 60 സ്റ്റാഫുകൾ. ഏറ്റവും മികച്ച പഠന പരിശീലനം നൽകുന്നു. ഓഡിയോളജി, ഒക്കുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ആധുനിക കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടെയുണ്ട്.
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾ ഇവിടെ പ്രവർത്തിക്കുന്നു. പൂർണ്ണമായും ഇതും സൗജന്യമാണ്. കൂടാതെ കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നൽകുന്ന പാലിയേറ്റീവ് ജെറിയാട്രിക് കെയർ നഴ്സിംഗ് കോഴ്സുകളുമുണ്ട്.
ഗാന്ധിഭവനിലെ കുട്ടികൾ
ഇപ്പോൾ ഗാന്ധിഭവനിൽ 18 വയസ്സിന് താഴെയുള്ള 45 പെൺകുട്ടികൾ ആണുള്ളത്. അതിൽ എട്ടു കുട്ടികൾ അവരുടെ അമ്മമാർ ഗർഭിണികളായി ഗാന്ധിഭവനിൽ വന്ന് പ്രസവിച്ചവരാണ്. ആ അമ്മമാരും കുഞ്ഞുങ്ങൾക്കൊപ്പമുണ്ട്. ആ കുട്ടികൾ ഒക്കെയും എൽ.കെ.ജി മുതൽ പ്ലസ്ടുവിനും ഡിഗ്രിക്കും പഠിക്കുന്നു.
മുതിർന്ന കുട്ടികളിൽ ഒരാൾ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിലും ഒരാൾ തിരുവനന്തപുരം എം.ജി കോളേജിലും പഠിക്കുന്നു. മറ്റൊരാൾ ബി.എസ്.സി നഴ്സിംഗും ഒ.ഇ.ടി പഠനവും കഴിഞ്ഞ് തൊഴിൽ തേടി അയർലന്റിൽ പോകാനുള്ള ഒരുക്കത്തിലാണ്.
ഗാന്ധിഭവൻ
ഒരത്ഭുത ലോകം
ശുചിത്വവും പ്രകൃതിസ്നേഹവും ഉപചാര മര്യാദകളും പഠിക്കാനുള്ള ഒരുപാഠശാല തന്നെയാണ് ഗാന്ധിഭവൻ. ദേശീയഅന്തർദേശീയ തലങ്ങളിലുള്ള പ്രമുഖരും കേരളത്തിന്റെ നാനാതലങ്ങളിലുള്ള ഉന്നതരും ഗാന്ധിഭവനെ നേരിൽ സന്ദർശിച്ച് പ്രകീർത്തിച്ചിട്ടുണ്ട്. 20 വർഷത്തിനുള്ളിലുള്ള എല്ലാ മുഖ്യമന്ത്രിമാരും ഗവർണർമാരും ഇവിടെ എത്തി ആശ്ലേഷിച്ചിട്ടുണ്ട്.
ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ദേശീയ പുരസ്കാരം, പ്രധാനമന്ത്രിയുടെ പുരസ്കാരം, കേരള സർക്കാരിൽ നിന്നും അഞ്ചു തവണ സംസ്ഥാന പുരസ്കാരം തുടങ്ങി ഇന്ത്യയിൽ ഏറ്റവും അധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള പ്രസ്ഥാനമെന്ന അംഗീകാരം ഇതെല്ലാം ഗാന്ധിഭവന്റെ കിരീടത്തിലെ പൊൻതൂവലായി. പത്മശ്രീക്ക് തുല്യമായ കേരള സർക്കാരിന്റെ കേരളശ്രീ അവാർഡും പുനലൂർ സോമരാജന് ലഭിച്ചിട്ടുണ്ട്.
അഗതികൾക്കായി
ഈ ജീവിതം
പുനലൂർ സോമരാജൻ, ഭാര്യ പ്രസന്ന, മക്കൾ അമൽരാജ്, അമിതാരാജ്. മരുമക്കൾ: മായ, ആയുഷ് എന്നിവരും ഗാന്ധിഭവനിൽ തന്നെ താമസിച്ച് ഇവിടുത്തെ സേവന പ്രവർത്തനങ്ങളിൽ പൂർണ്ണമായും പങ്കുചേരുന്നു. തന്റെ പിൻഗാമിയായി മകൻ അമൽരാജും യുവാക്കളായ സന്നദ്ധസേവകരുടെ ഒരു വലിയ നിരയും ഗാന്ധിഭവന്റെ ഭാവി സ്വപ്നമാണ്. കുഞ്ഞുനാളിൽ തന്നെ മാതാവിന്റെ മരണത്തെ തുടർന്ന് സർക്കാർ ജീവനക്കാരനായ പിതാവിന്റെ കാരുണ്യ പ്രവർത്തികൾ കണ്ടാണ് സോമരാജൻ വളർന്നത്. ഇതിനിടയിൽ ഒട്ടേറെ ജീവിതക്ലേശങ്ങളിലൂടെയാണ് ജീവിതം കടന്നുപോയത്. തെരുവിൽ അലയുന്ന മാനസിക രോഗികളെയും കുട്ടികളെയും വീട്ടിൽ കൂട്ടിക്കൊണ്ടുവന്ന് കുളിപ്പിച്ച് പുതുവസ്ത്രങ്ങൾ നൽകുന്ന പിതാവ് ചെല്ലപ്പന്റെ മാതൃകയാണ് സോമരാജനെ ഒരു ജീവകാരുണ്യ പ്രവർത്തകനാക്കിയത്.
കടബാദ്ധ്യതകൾ
ഗാന്ധിഭവന്റെ പ്രവർത്തനത്തിന്, ഭക്ഷണം, ചികിത്സ, നിർമ്മാണപുനർനിർമ്മാണ കാര്യങ്ങൾ, സേവന പ്രവർത്തകരുടെ ഹോണറേറിയം അടക്കം പ്രതിദിനം കുറഞ്ഞത് 4 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഒരിക്കലും എവിടെയും പണപ്പിരിവ് നടത്താതെ ഇവിടെയെത്തുന്നവർ നൽകുന്ന സഹായങ്ങൾ കൊണ്ട് മാത്രമാണ് ഗാന്ധിഭവൻ നടന്നുപോകുന്നത്. അനേകം മനുഷ്യസ്നേഹികൾ നൽകുന്ന ചെറിയ ചെറിയ സഹായങ്ങൾ ചേർത്ത് പിടിച്ച് മുന്നോട്ട് പോകുമ്പോഴും വലിയ ബാദ്ധ്യത അലട്ടുന്നുണ്ട്.
സോമരാജന്റെയും ഭാര്യയുടെയും വസ്തുവും വീടും എല്ലാം വിറ്റാണ് ഗാന്ധിഭവന്റെ വസ്തുവും ആദ്യ കെട്ടിടങ്ങളും നിർമ്മിച്ചത്. ഇതിൽ അനേകരുടെ കൈത്താങ്ങുമുണ്ടായി. ഒന്നുമില്ലാത്തവർക്കൊപ്പം ഈ കുടുംബവും അവിടെത്തന്നെ ജീവിക്കുന്നു. ഒന്നുമില്ലാത്തവരായി, എന്നാൽ എല്ലാം ഉള്ളവരായി. അന്നം മുട്ടുകയും കടക്കാർ അലട്ടുകയും ഒക്കെ ചെയ്തപ്പോൾ കുടുംബസമേതം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച സന്ദർഭങ്ങളും സോമരാജന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം ആത്മബലം കൊണ്ട് അതിജീവിക്കാൻ കഴിഞ്ഞതാണ് ഗാന്ധിഭവന്റെ വിജയത്തിന് കാരണം.
വിശ്വപൗരന്റെ ആലിംഗനം
മുൻ രാഷ്ട്രപതി ലോകാരാദ്ധ്യനായ ഡോ. എ.പി.ജെ. അബ്ദുൽ കലാം 2015 മെയ് 7ന് ഗാന്ധിഭവനിൽ വന്ന് മുഴുവൻ കുടുംബാംഗങ്ങളെയും കണ്ടു. അതിനുശേഷം അദ്ദേഹം സോമരാജനെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്തു. എന്നിട്ട് അദ്ദേഹം ചോദിച്ചു: ''നീ എപ്പടി ഇത് മാനേജ് ചെയ്യുന്നു? ഇത് ഭയങ്കര അത്ഭുതം തന്നെ."" എന്നിട്ട് അദ്ദേഹം വേദിയിൽ കയറി നിന്ന് സംസാരിച്ചു. ''എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനമാണിന്ന്. ഞാനിന്ന് ഇവിടെ ഇന്ത്യയെ മുഴുവനായി കാണുന്നു. നാനാത്വത്തിൽ ഏകത്വമാർന്ന മനോഹരമായ എന്റെ സ്വപ്നത്തിലെ ഇന്ത്യ, ഇവിടെ അസ്വസ്ഥതകളില്ല, വിഭാഗീയതകളില്ല, നാനാ വിശ്വാസികളും ഒന്നിച്ച് ഒറ്റ കുടുംബമായി വസിക്കുന്നു... ഇത് മഹാത്ഭുതം തന്നെയാണ്..."" അദ്ദേഹം സോമരാജനോട് ചോദിച്ചു: ''നിനക്ക് ഞാൻ എന്നാ തരണം?"" അതിനു മറുപടിയായി സോമരാജൻ നൽകിയത് ''അനുഗ്രഹം മതി"". വേദിയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സെക്രട്ടറി മലയാളിയായ ഡോ. പ്രസാദിനോട് ചോദിച്ചു ''നമ്മുടെ അക്കൗണ്ടിൽ എവുളോ ഇരിക്ക്?""
ലാപ്ടോപ്പിൽ നോക്കിയിട്ട് ''ഒരു ലക്ഷത്തി പതിനെണ്ണായിരം.""
അദ്ദേഹം പറഞ്ഞു: ''അതിൽ ഒരു ലക്ഷം ഇവനുക്ക് കൊടുക്കണം."" എന്നിട്ട് അദ്ദേഹം കൊണ്ടുവന്ന ഒരു കെട്ട് പുസ്തകം നൽകി സോമരാജനെ ചേർത്തുപിടിച്ചു. വിശ്വപൗരന്റെ ആലിംഗനം നൽകിയ കോരിത്തരിപ്പ് സോമരാജന്റെ ഉള്ളിൽ നിന്ന് ഇന്നും മാറിയിട്ടില്ല. ഒരിക്കലും അത് മാറുകയുമില്ല. അദ്ദേഹം നൽകിയ ചെക്കിന്റെ വില ആർക്കും മതിക്കാനാവുന്നതല്ല... ആ ചെക്കിന്റെ കോപ്പി സോമരാജൻ ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്... ഒപ്പം ഹൃദയത്തിലും...
കാരുണ്യ കരസ്പർശവുമായി
എം.എ. യൂസഫലി
പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കാലത്താണ് ടി.കെ.എ. നായർ ആദ്യമായി പത്തനാപുരം ഗാന്ധിഭവനിൽ എത്തുന്നത്. അദ്ദേഹം ഈ കുടുംബത്തെ മുഴുവനായി കണ്ടു. ഗാന്ധിഭവന്റെ ഓഡിറ്റോറിയത്തിലെത്തി കുടുംബാംഗങ്ങളെ സംബോധന ചെയ്തു സംസാരിച്ചുകൊണ്ടിരി ക്കെ ദൂരെ നിന്ന സോമരാജനെ അടുക്കലേക്ക് വിളിച്ചു. ആലിംഗനം ചെയ്ത ശേഷം മൈക്കിലൂടെ പറഞ്ഞു.
''മിസ്റ്റർ സോമരാജൻ, നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ്. ആരാലും സാദ്ധ്യമാകാത്ത പ്രവർത്തിയാണ് നിങ്ങൾ ഇപ്പോൾ ചെയ്യുന്നത്. ഇതേപോലെ മുന്നോട്ടുപോകണം. ഒരിക്കലും തളരരുത്.""
പിന്നീട് അദ്ദേഹം സഹോദരതുല്യം സ്നേഹിക്കുന്ന പത്മശ്രീ. എം.എ. യൂസഫലിയെ കണ്ടപ്പോൾ അദ്ദേഹത്തോട് പറഞ്ഞു ''പത്തനാപുരത്ത് പ്രവർത്തിക്കുന്ന ഗാന്ധിഭവൻ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാണണം. അല്ലെങ്കിൽ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമായിരിക്കുമത്.""
ഏഴുവർഷം മുമ്പ് യൂസഫലി ഗാന്ധിഭവനിലെത്തി. അദ്ദേഹം സോമരാജനെ കണ്ട ഉടനെ പറഞ്ഞു: ''ഞാൻ നിങ്ങളെ രണ്ടുവർഷംകൊണ്ട് നിരീക്ഷിക്കുകയായിരുന്നു. നിങ്ങളുടെ പ്രവർത്തനം സത്യമാണെന്ന് മനസ്സിലായതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്"".
ഗാന്ധിഭവൻ കുടുംബാംഗങ്ങളെ സംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം സോമരാജനെ അടുത്ത് വിളിച്ച് ചെവിയിൽ ചോദിച്ചു. ''ഞാനെന്തു തരണം?"" മറുപടിയായി സോമരാജൻ നൽകിയത് ''അങ്ങയുടെ സ്നേഹം മാത്രം മതി"" എന്നാണ്. ''അതുകൊണ്ട് മാത്രം പറ്റുമോ?"" സോമരാജൻ ചിരിച്ചു. അദ്ദേഹം പറഞ്ഞു: ''ഞാൻ ഒരു കോടി രൂപ തരാം"" . അവിശ്വസനീയമായ അമ്പരപ്പോടെ നിന്ന സോമരാജനോട് വീണ്ടും ''ഇതു മതിയോ..."" ആ ഒരു കോടി പെട്ടെന്ന് തന്നെ നിർമ്മാണ കമ്പനിക്ക് നൽകി കെട്ടിടം നിർമ്മിക്കാൻ ഗാന്ധിഭവൻ തീരുമാനിച്ചു.
എന്നാൽ കെട്ടിടത്തിന്റെ പൈലിംഗ് പണി പൂർത്തീകരിക്കാൻ കഴിയാതെ മുടങ്ങി. സോമരാജന് ആകെ സങ്കടമായി. ഒരു കോടിയും പോയി. പണിയും പൂർത്തിയായില്ല. ഒരു കോടി ചെലവിട്ട ഭൂമി വെറും ശ്മശാന തുല്യമായി. എത്രയോ രാത്രികളിൽ ആരും കാണാതെ സോമരാജൻ അവിടെ പോയിരുന്ന് പൊട്ടിക്കരയുമായിരുന്നു. അങ്ങനെയിരിക്കെ യൂസഫലി വിളിച്ചു. സോമരാജനും മകൻ അമൽരാജും പോയി അദ്ദേഹത്തെ കണ്ട് വിവരങ്ങൾ സംസാരിച്ചു. ഒരു കെട്ടിടം നിർമ്മിക്കാൻ അഞ്ചുകോടി രൂപ നൽകി. സോമരാജൻ അത് സ്വീകരിക്കാൻ മടിച്ചു.
''അങ്ങ് തന്നെ കെട്ടിടം നിർമ്മിച്ച് തന്നാൽ മതി.""
''ആയിരം പേരെ നോക്കുന്ന താങ്കൾക്ക് ഒരു കെട്ടിടം പണിയാൻ കഴിയില്ലേ?"" ''ഇല്ല... എനിക്ക് അതിന് പ്രാപ്തിയില്ല. ഇനിയും എത്ര പേരെ നോക്കാനും മനസ്സുണ്ട്."" സോമരാജന്റെ മറുപടി കേട്ടപാടെ അദ്ദേഹം കെട്ടിടം നിർമ്മിച്ച് നൽകാൻ തന്റെ സെക്രട്ടറിയെയും ചീഫ് എൻജിനീയറെയും ചുമതലപ്പെടുത്തി.
15 കോടി ചിലവിൽ ആധുനിക സൗകര്യങ്ങളും സജ്ജീകരണങ്ങളുമുള്ള ഒരു കെട്ടിടം നിർമ്മിച്ച് അമ്മമാർക്ക് സമ്മാനിച്ചു. തന്റെ സ്വന്തം അമ്മമാരായി കാണുകയും ഇപ്പോൾ അച്ഛൻമാർക്ക് വേണ്ടി 20 കോടി ബഡ്ജറ്റിൽ വീണ്ടും ഒരു കെട്ടിടനിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഈ വലിയ സമ്മാനം സോമരാജന്റെയും ഗാന്ധിഭവന്റെയും സത്യസന്ധതയ്ക്കും ധാർമ്മികതയ്ക്കും കിട്ടിയ ഒരംഗീകാരമാണ്.
മുരളിയ ഫൗണ്ടേഷൻ കെ. മുരളീധരൻ, കോന്നി സേവാകേന്ദ്രം സി.എസ്. മോഹൻ, പാം ഇന്റർനാഷണൽ , നസീർ വെളിയിൽ തുടങ്ങി നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും ഗാന്ധിഭവന് വിവിധ സഹായങ്ങളുമായെത്തി. ഗാന്ധിഭവൻ ബ്രാൻഡ് അംബാസഡറായി പത്തനാപുരം എം.എൽ.എ മന്ത്രി കെ.ബി. ഗണേഷ്കുമാറും ഗാന്ധിഭവന് ഒപ്പമുണ്ട്.