
കാസർകോട്: ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച വീടില്ലെന്നറിഞ്ഞ് പഞ്ചായത്ത് ഓഫീസിൽ അന്വേഷിക്കാനെത്തിയ അപേക്ഷകയെ പൂട്ടിയിട്ടതായി പരാതി. കാസർകോട് അടുക്കത്ത് ബയൽ കോട്ടവളപ്പിൽ സാവിത്രിയെ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഓഫീസിലെ വി ഇ ഒ എം അബ്‌ദുൽ നാസർ വാതിലിന്റെ ഓടാമ്പലിട്ട് പുറത്തുനിന്ന് പൂട്ടിയിട്ട് പോയതായാണ് പരാതി.
ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചിട്ടുണ്ടെന്നറിഞ്ഞ് സാവിത്രി തന്റെ പഴയ വീട് പൊളിച്ചിരുന്നു. എന്നാൽ ആളുമാറി പോയെന്നാണ് പിന്നീട് അധികൃതർ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പലതവണ പഞ്ചായത്തിനെ സമീപിച്ചതായും സാവിത്രി പറയുന്നു. താൻ നൽകിയ എല്ലാ രേഖകളും തിരികെ ആവശ്യപ്പെടാനാണ് സാവിത്രി വി ഇ ഒയെ കാണാനെത്തിയത്. രേഖകൾ തിരികെ നൽകാൻ വി ഇ ഒ തയ്യാറാകാതിരുന്നത് തർക്കത്തിൽ കലാശിക്കുകയായിരുന്നു. തുടർന്നാണ് അപേക്ഷകയെ പൂട്ടിയിട്ടതെന്നാണ് പരാതി.
തുടർന്ന് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രമീള മജലും മറ്റ് അംഗങ്ങളും ബഹളം വച്ചതോടെയാണ് സാവിത്രിയെ തുറന്നുവിട്ടത്. ഓഫീസിൽ പൂട്ടിയിട്ടെന്ന സാവിത്രിയുടെ പരാതിയിൽ വി ഇ ഒക്കെതിരെ കേസെടുത്തു.
ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം വരുത്തിയെന്നാരോപിച്ച് വി ഇ ഒ അബ്‌ദുൾ നാസർ നൽകിയ പരാതിയിൽ പ്രമീള മജൽ, സാവിത്രി, ഉഷ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു. സാവിത്രിയുടെ പേര് ലൈഫ് മിഷൻ പദ്ധതിയിൽ ഇല്ലെന്നും മകൻ വിഷ്ണുവിന്റെ പേരാണ് ഭൂരഹിത ഭവനരഹിതരുടെ പട്ടികയിൽ ഉള്ളതെന്നും വി ഇ ഒ പറയുന്നു. പൂട്ടിയിട്ടെന്ന പരാതി അടിസ്ഥാന രഹിതമാണെന്നുമാണ് വി ഇ ഒയുടെ വിശദീകരണം.