fire
fire

ഓരോ ദുരന്തവും നമ്മെ ഓരോ പാഠം പഠിപ്പിക്കുന്നുണ്ട്. അഥവാ,​ ദുരന്തത്തിന് വഴിയൊരുക്കിയ പിഴവുകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. കുവൈറ്റിൽ,​ 24 മലയാളികൾ ഉൾപ്പെടെ അമ്പതു പേരുടെ ജീവനെടുത്ത അഗ്നിദുരന്തത്തിന് ഇടയാക്കിയ കാരണങ്ങൾ കേരളത്തെ സംബന്ധിച്ചും വലിയ ഓർമ്മപ്പെടുത്തലാണ്. കുവൈറ്റിൽ എൻ.ബി.ടി.സി കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഏഴുനില ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തിന് ഇടയാക്കിയത് ഷോർട്ട് സർക്യൂട്ട് ആണോ,​ അതോ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ ചോർന്നതാണോ എന്ന അന്തിമാന്വേഷണ വിവരം പുറത്തുവന്നിട്ടില്ല. എന്തായാലും,​ ജീവനക്കാർ തിങ്ങിത്താമസിച്ചിരുന്ന കെട്ടിടത്തിൽ മതിയായ അഗ്നിരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുവൈറ്റ് ദുരന്തത്തിൽ നെഞ്ചുപിടയുന്ന കേരളത്തിലാകട്ടെ, നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന കൂറ്റൻ ഫ്ളാറ്റ് സമുച്ചയങ്ങളും, ആയിരക്കണക്കിനു പേർ ജോലി ചെയ്യുന്ന വ്യാപാരസമുച്ചയങ്ങളും ഉൾപ്പെടെ എപ്പോൾ വേണമെങ്കിലും 'അരക്കില്ലങ്ങ"ളായി മാറാവുന്ന വിധം, അഗ്നിസുരക്ഷാ ഉറപ്പുകളേതുമില്ലാത്ത എത്രയെങ്കിലും ബഹുനില മന്ദിരങ്ങളുണ്ട്! വൻകിട കെട്ടിടങ്ങൾ പരിശോധിച്ച് അഗ്നിസുരക്ഷ സംബന്ധിച്ച നിരാക്ഷേപ പത്രം (എൻ.ഒ.സി)​ നൽകേണ്ട ഫയർ ഫോഴ്സിന്റെ കൈവശം പോലുമില്ല, അത്തരം കെട്ടിടങ്ങളുടെ കൃത്യമായ എണ്ണം പോലും! ഇവയുടെ എണ്ണം 1500-ഓളം വരുമെന്നത് ഏകദേശ കണക്കു മാത്രം. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പ്രയോഗിക്കാനുള്ള ആധുനിക അഗ്നിശമന സംവിധാനങ്ങൾ,​ മുന്നറിയിപ്പ് സംവിധാനങ്ങൾ,​ കെട്ടിടത്തിന്റെ മുകൾ നിലകളിൽ നിന്ന് അതിവേഗം താഴെയിറങ്ങി രക്ഷപ്പെടാനുള്ള പടിക്കെട്ടുകൾ ഉൾപ്പെടെ അടിയന്തര രക്ഷാ മാർഗങ്ങൾ,​ പ്രത്യേക ലിഫ്റ്റുകൾ,​ ശ്വസനോപകരണങ്ങൾ തുടങ്ങി ബഹുനില മന്ദിരങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട രക്ഷാസംവിധാനങ്ങൾ നിരവധിയാണ്. ഇവ പരിശോധിച്ച് ഉറപ്പാക്കേണ്ടതും പ്രവർത്തനസജ്ജമെന്ന് സാക്ഷ്യപ്പെടുത്തേണ്ടതും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ്.

അതേസമയം,​ ലക്ഷങ്ങൾ ചെലവു വരുന്ന ഈ സംവിധാനങ്ങളില്ലാതെ തന്നെ പല കെട്ടിടത്തിനും ഉന്നതരുടെ ശുപാർശ പ്രകാരം എൻ.ഒ.സി നല്കുന്നതായാണ് ആക്ഷേപം. രണ്ടു വർഷത്തിലൊരിക്കൽ കെട്ടിടങ്ങളുടെ ഫയർ സേഫ്ടി എൻ.ഒ.സി പുതുക്കണമെന്നുമുണ്ട്,​ ചട്ടം. ഫലത്തിൽ അതും ഏട്ടിലെ പശു മാത്രം! ഇതെല്ലാം ഉറപ്പാക്കാൻ നിശ്ചിത കാലയളവിൽ ഇത്തരം കെട്ടിടങ്ങളിൽ കൃത്യമായ ഫയർ ഓഡിറ്റ് നടത്തി കർശന നടപടി സ്വീകരിക്കുകയാണ് ഏകമാർഗം. പക്ഷേ,​ ഫയർ ഓഡിറ്റ് നടക്കാറുണ്ടെങ്കിലും,​ പരിശോധനകളിൽ വെളിപ്പെടുന്ന പിഴവുകളും പോരായ്മകളും ചൂണ്ടിക്കാട്ടി കെട്ടിടം ഉടമയ്ക്ക് നോട്ടീസ് നല്കാൻ മാത്രമാണ് ഫയർ ഫോഴ്സിന് നിലവിലെ അധികാരം. മതിയായ രക്ഷാ സംവിധാനങ്ങളില്ലാത്തവയോ,​ നോട്ടീസ് നല്കിയിട്ടും നിർദ്ദേശങ്ങൾ പാലിക്കാത്തവയോ ആയ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നിഷേധിക്കാനോ,​ അടച്ചുപൂട്ടലിന് ഉത്തരവിടാനോ ഫയർ ഫോഴ്സിന് കഴിയില്ല.

എന്നാൽ,​ ഫയ‌ർ ഓഡിറ്റിൽ കണ്ടെത്തിയ അപകടസാദ്ധ്യതകൾ നിശ്ചിത കാലാവധിയിൽ പരിഹരിക്കപ്പെട്ടോ എന്ന് ഉറപ്പാക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് റിവ്യു ഓഡിറ്റ് നടത്താമല്ലോ. സമ്മർദ്ദങ്ങൾക്കോ സ്വാധീനങ്ങൾക്കോ വഴങ്ങി ഫയർ ഫോഴ്സിൽ നിന്ന് എൻ.ഒ.സി നൽകുന്നുണ്ടോ എന്ന് സേനയുടെ തന്നെ വിജിലൻസ് വിഭാഗത്തിന് പരിശോധിക്കാം. നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് റിവ്യു ഓഡിറ്റിലും ബോദ്ധ്യമായാൽ അത്തരം കെട്ടിടങ്ങളെ സംബന്ധിച്ച വിവരം അതത് ജില്ലാ കളക്ടർക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിക്കും കൈമാറാം. നിയമലംഘനങ്ങളും പിഴവുകളും ബോദ്ധ്യപ്പെടുന്ന സാഹചര്യങ്ങളിൽ അത്തരം കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നിഷേധിക്കുകയും,​ ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും വേണം. ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കണമെങ്കിൽ ഒരു ദുരന്തം തന്നെ സംഭവിക്കണമെന്ന് വാശിപിടിക്കരുത്.