ger

മ്യൂണിക്ക്: ആതിഥേയരായ ജർമ്മനിയുടെ ഗോൾ മഴയുമായി യൂറോ കപ്പ് 2024ന് അതിഗംഭീര തുടക്കം. കൊളോണിലെ അർഹെയ്ൻ എൻർജി സ്റ്റേഡിയം വേദിയായ ഉദ്ഘാടന മത്സരത്തിൽ സ്കോട്ട്‌ലാൻഡിനെ 5-1ന് തകർത്താണ് ജർമ്മനി തുടങ്ങിയത്.ഫ്ലോറിൻ വ്റിറ്റ്‌സ്,​ ജമാൽ മുസിയാല,​ പെനാൽറ്റിയിലൂടെ ഹാവേർട്ട്‌സ്,​ നിക്ലാസ് ഫുൾക്രുഗ്,​ എംറെ കാൻ എന്നിവരാണ് ജർമ്മനിയുടെ സ്കോറർമാർ. ജർമ്മൻ ഡിഫൻഡർ അന്റോണിയോ റൂഡിഗറിന്റെ പിഴവിൽ പിറന്ന സെൽഫ് ഗോളാണ് സമ്പൂർണ തോൽവിയെന്ന നാണക്കേടിൽ നിന്ന് സ്കോട്ട്‌ലാൻഡിനെ രക്ഷിച്ചത്. റയാൻ പൊർട്ടേയൂസ് ഒന്നാം പകുതിയുടെ അവസാന നിമിഷം ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരായി ചുരുങ്ങിയതും സ്കോ‌ട്ട്‌ലാൻഡിന് തിരിച്ചടിയായി,.

ജർമ്മനി മാത്രം

ഗ്രൂപ്പ് എയിലെ ടീമുകൾ തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ജർമ്മനിയുടെ സർവാധിപത്യമായിരുന്നു. ഒരുഘട്ടത്തിൽ പോലും ലിവർപൂൾ താരം ആൻഡി റോബർട്ട്‌സന്റെ നേതൃത്വത്തിലിറങ്ങിയ സ്കോ‌ട്ട്‌ലാൻഡ് ചിത്രത്തിൽ പോലും ഇല്ലായിരുന്നു. സമീപകാലത്ത് നിറം മങ്ങിയിരുന്ന ജർമ്മൻ ടീം പഴയപ്രതാപത്തിലേക്ക് തരിച്ചെത്തിയെന്ന സൂചനയാണ് ആദ്യ മത്സരം നൽകുന്നത്. ഹാവേർട്ട്‌സിനെ സ്ട്രൈക്കറാക്കി,​ മുസിയാല,​ ഗുണ്ടോഗൻ,​ വ്‌റിറ്റ്സ്,​ സാക്ഷാൽ ടോണി ക്രൂസ്,​ആൻഡ്രിച്ച് എന്നിവരെ മദ്ധ്യനിരയിൽ അണിനിരത്തിയാണ് നഗൽസ്മാൻ ജർ‌മ്മനിയെ കളത്തിലിറക്കിയത്. ടാർജറ്റിലേക്ക് ജർമ്മനി പത്ത് ഷോട്ടുകളാണ് തൊടുത്തത്. എന്നാൽ സ്‌കോട്ട്‌ലാൻഡിന് ടാർജറ്റിലേക്ക് ഒരുഷോട്ട് പോലുമില്ല. 73 ശതമാനമായിരുന്നു ജ‌ർമ്മനിയുടെ പൊസഷൻ.

ഗോൾ ഗോൾ

പത്താം മിനിട്ട്: പത്താം മിനിട്ടിൽ തന്നെ ഫ്ലോറിയാൻ വ്‌റിറ്റ്സ് ജർമ്മനിയെ മുന്നിലെത്തിച്ചു. മധ്യവരയ്ക്ക് അരികിൽ നിന്നും ക്രൂസ് വലതുവിംഗിലേക്ക് നൽകിയ ലോംഗ് ബാൾ കിമ്മിച്ച് മനോഹരമായി ക്ലിയർ ചെയ്ത് ജർമ്മൻ ഗോൾ മുഖത്തേക് ഓടി വന്ന വ്റി‌റ്റ്സിന് നൽകുകയായിരുന്നു. പന്ത് സ്റ്റോപ്പ് ചെയ്യാതെ വ്‌റി‌റ്റ്‌സ് ബോക്സിന് തൊട്ടുമുന്നിൽ നിന്ന് തൊടുത്ത വലങ്കാലൻ ഷോട്ട് സ്കോട്ടിഷ് ഗോളി ഗുണ്ണിനെ നിഷ്പ്രഭനാക്കി വലകുലുക്കി. ടൂർണമെന്റിലെ ആദ്യ ഗോളിനുടമയായി വ്‌റിറ്റ്സ്.

പത്തൊമ്പതാം മിനിട്ട്

മുന്നേറ്റത്തിനിടെ ഡി ബോക്സിനകത്ത് നിന്ന് കായ് ഹാവേർട്ട്‌സ് നൽകിയ പാസ് മുസിയാല തൊടുത്ത വലങ്കാലൻ ഷോട്ട് സ്കോട്ട് വലകുലുക്കി. ജർമ്മനി 2 ഗോളിന് മുന്നിൽ.

45-ാം മിനിട്ട്

ജർമ്മനിക്ക് അനുകൂലമായി കിട്ടിയ പെനാൽറ്റി ഹാ‌വേർട്ട്‌സ്ഗോളാക്കുന്നു. സ്കോട്ടിഷ് ഗോൾ മുഖത്ത് നിന്ന് പന്തടിച്ച് കളയാനുള്ല ശ്രമത്തിനിടെ ഗുണ്ടോഗനെതിരെ റയാൻ പൊ‌ർട്ടേയൂസ് നടത്തിയ ചലഞ്ചാണ് ജ‌ർമ്മനിക്ക് സമനില സമ്മാനിച്ചത്. വാർ ചെക്ക് ചെയ്ത റഫറി പൊർട്ടേയൂസിന് ചുവപ്പ് കാ‌ർഡും കണ്ടു.

68-ാം മിനിട്ട്

പകരക്കാരനായിറങ്ങി 5 മിനിട്ടിനുള്ളിൽ ഫുൾകുർഗ് ഗോൾ നേടുന്നു. മുസിയാല ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് ഗുണ്ടോഗന് ക്ലിയർ ചെയ്യാനായില്ല. തൊട്ടുപിന്നാലെയുണ്ടായിരുന്ന ഫുൾകുർഗ് പന്ത് പിടിച്ചെടുത്ത് വലകുലുക്കി. 77-ാ മിനിട്ടിൽ ഫുൾകുർഗ് വീണ്ടും വലകുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു.

87-ാം മിനിട്ട്

സ്കോട്ടിഷ് പടയ്ക്ക് അനുകൂലമായി സെൽഫ് ഗോൾ. സ്കോട്ടിഷ് ക്യാപ്ടൻ റോബർട്ട്‌സൺ എടുത്തഫ്രീകിക്ക് മക്‌കെന്ന ഹെഡ്ഡ് ചെയ്തത് ഗോൾമുഖത്തുണ്ടായിരുന്ന റൂഡിഗറിന് നേരെയാണ് ചെന്നത്. ഞൊടിയിടയിൽ എത്തിയ പത് ഹെഡ്ഡ് ചെയ്ത് അകറ്റാനുള്ള റൂഡിഗറുടെ ശ്രമം സെൽഫ് ഗോളിൽ കലാശിച്ചു.

90+4

രണ്ടാം പകുതിയിലെത്തിയ എംറെ കാൻ മുള്ലർ നൽകിയ പാസ് മനോഹരമായി ഗോളാക്കികാൻ ജർമ്മനിയുടെ ഗോൾപട്ടിക പൂർത്തിയാക്കി.