police

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ പൊലീസിന്റെ പിടിയില്‍. കണ്ണൂര്‍ ചാലാക്കരയിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകനായ സനൂപിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. റെയിന്‍ കോട്ട് ധരിച്ചെത്തിയ സിപിഎം പ്രവര്‍ത്തകന്‍ അരുണ്‍ ആണ് സനൂപിന്റെ വീടിന് നേരെ ബോംബെറിഞ്ഞത്.

ബോംബേറ് നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സ്റ്റീല്‍ ബോംബ് ആണ് അരുണ്‍ സനൂപിന്റെ വീട്ടിലേക്ക് വലിച്ചെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് വീടിന് നേരെ ബോംബെറിഞ്ഞത്. ഈ സമയത്ത് വീട്ടില്‍ ആളില്ലാത്തതിനാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.

അതേസമയം വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി പൊലീസ് പറയുന്നു. പ്രദേശത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഈ കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മുതല്‍ കണ്ണൂര്‍ ജില്ലയില്‍ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ വിജയാഘോഷത്തില്‍ എതിര്‍ പാര്‍ട്ടികളെ പ്രകോപിപ്പിക്കുകയോ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ വീടിന് മുന്നില്‍ ആഹ്ലാദപ്രകടനം നടത്തുന്നതും വിലക്കിയിരുന്നു.