
കൊളോണ്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഹങ്കറിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി സ്വിറ്റ്സര്‍ലന്‍ഡിന് വിജയത്തുടക്കം. ക്വാഡോ ഡുവ, മൈക്കേല്‍ എയ്ബിഷെര്‍,ബ്രീല്‍ എംബോളോ എന്നിവരാണ് സ്വിറ്റ്സര്‍ലന്‍ഡിനായി ഗോള്‍ നേടിയത്. ബര്‍ണബാസ് വര്‍ഗയാണ് ഹങ്കറിയുടെ സ്‌കോറര്‍.
ജയത്തോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് സ്വിറ്റ്സര്‍ലന്‍ഡ്. ഉദ്ഘാടന മത്സരത്തില്‍ ജയം നേടിയ ആതിഥേയരായ ജര്‍മ്മനിയാണ് ഒന്നാമത്. സ്‌കോട്‌ലന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ജര്‍മ്മനി പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ആധിപത്യം സ്വിറ്റ്സര്‍ലന്‍ഡിന് തന്നെയായിരുന്നെങ്കിലും ഹങ്കറിയു അവസാന നമിഷങ്ങളില്‍ നന്നായി പൊരുതി. ഫിനിഷിംഗിലെ പിഴവ് ഇരുടീമിനും ഉണ്ടായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡായിരുന്നു അവസരങ്ങള്‍ തുലയ്ക്കുന്നതിലും മുന്നില്‍. ബയേര്‍ ലെവര്‍കുസന്‍ താരം ഗ്രാനിറ്റ് ഷാക്കയുടെ നേതൃത്വത്തില്‍ ഇറങ്ങിയ സ്വിറ്റ്സര്‍ലന്‍ഡ് 12-ാം മിനിട്ടില്‍ തന്നെ ഡുവയിലൂടെ മുന്നിലെത്തി.
ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് എയ്ബിഷെര്‍ സ്വിസ അക്കൗണ്ടില്‍ രണ്ടാം ഗോളും എത്തിച്ചു. 66-ാംമിനിട്ട് കളിയുടെ ഗതിക്ക് വിപരീതമായി സ്വിസ് പടയെ ഞെട്ടിച്ച് വര്‍ഗ ഹങ്കറിയ്ക്കായി ഒരുഗോള്‍ മടക്കി.
തുടര്‍ന്ന് സമനിലയ്ക്കായി ഹങ്കറി കിണഞ്ഞ് ശ്രമിക്കവെ രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ ബ്രീല്‍ എംബോളയിലൂടെ അധികസമയത്ത് (90+3) സ്വിസ്പട വിജയമുറപ്പിച്ച ഗോള്‍ നേടി. സ്വിസ് ഗോളി യാന്‍ സോമ്മര്‍ നല്‍കിയ ലോംഗ് ബാളാണ് ഹങ്കറി പ്രതിരോധ നിരയുടെ ആശയക്കുഴപ്പം മുതലെടുത്ത് എംബോള മനോഹരമായി ലോഫ്റ്റ് ചെയ്ത് ഗോളാക്കിയത്. ഒരുവര്‍ഷത്തോളം പരിക്കിന്റെ പിടിയിലായിരുന്ന എംബോളോയുടെ തിരിച്ചുവരവ് കൂടിയായി ഈ ഗോള്‍.