euro-2024

ബെര്‍ലിന്‍: യൂറോ കപ്പ് ഫുട്‌ബോളിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങി സ്പാനിഷ് പട. ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു സ്‌പെയിന്‍ മൂന്ന് ഗോളുകളും നേടിയത്. രണ്ടാം പകുതിയില്‍ ലഭിച്ച ഒരു പെനാല്‍റ്റി കിക്ക് ക്രോയേഷ്യന്‍ ഫോര്‍വേഡ് ബ്രൂണോ പെറ്റ്‌കൊവിച്ച് പാഴാക്കുകയും ചെയ്തു.

തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് മത്സരത്തിന്റെ 29ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയുടെ ഗോളില്‍ സ്‌പെയിന്‍ മുന്നിലെത്തുകയായിരുന്നു. കൃത്യം മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം 32ാം മിനിറ്റില്‍ ഫാബിയന്‍ റൂയിസ് ലക്ഷ്യം കണ്ടതോടെ മുന്‍ ലോക ചാമ്പ്യന്‍മാര്‍ ലീഡ് ഉയര്‍ത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ (45+2) ഡാനി കര്‍വാഹാളിലൂടെ സ്‌പെയിന്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ശക്തമായ കോട്ട കെട്ടിയാണ് സ്‌പെയിന്‍ പ്രതിരോധ ഫുട്‌ബോളിലേക്ക് മാറിയത്. വലിയ മുന്നേറ്റങ്ങളുണ്ടാക്കാന്‍ ക്രൊയേഷ്യക്ക് കഴിഞ്ഞതുമില്ല.

ആദ്യ പകുതിയില്‍ ആക്രമിച്ച കളിച്ച സ്‌പെയിന്‍ രണ്ടാം പകുതിയില്‍ പ്രതിരോധത്തിലേക്ക് മാറുകയായിരുന്നു. പെറ്റ്‌കൊവിച്ച് എടുത്ത പെനാല്‍റ്റി കിക്ക് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തടുത്തെങ്കിലും റീബൗണ്ടില്‍ ബ്രൂണോ പെറ്റ്‌കൊവിച്ച് വല കുലുക്കി. എന്നാല്‍ 'വാര്‍' പരിശോധനയില്‍ കിക്ക് എടുക്കുന്നതിന് മുമ്പ് ക്രൊയേഷ്യന്‍ താരങ്ങള്‍ ബോക്‌സിനുള്ളില്‍ പ്രവേശിച്ചുവെന്ന് തെളിഞ്ഞതോടെ റഫറി ഗോള്‍ അനുവദിച്ചില്ല.