expat

നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും എന്ത് ആവശ്യം അറിയിച്ചാലും മടിക്കാതെ പണം അയക്കുന്നവര്‍. ഓരോ വരവിനും പ്രിയപ്പെട്ടവര്‍ക്കുള്ള സമ്മാനങ്ങള്‍ വാരിക്കൂട്ടി നാട്ടില്‍ വിമാനമിറങ്ങുന്നവര്‍. പ്രവാസിയല്ലേ അപ്പോള്‍ കയ്യില്‍ ഒരുപാട് പണമുണ്ടാകും, ഈ കാഴ്ചപ്പാടിലാണ് പ്രവാസി മലയാളിയെ കേരളീയര്‍ ഭൂരിഭാഗവും നോക്കിക്കാണുന്നത്. കുവൈറ്റിലുണ്ടായ അപകടമാണ് ചെറുതായിട്ടെങ്കിലും ഒരു ശരാശരി പ്രവാസി വിദേശ നാടുകളില്‍ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശിയത്.

കേരളത്തിലേക്ക് പണമയക്കുകയും നമ്മുടെ നാടിന്റെ പുരോഗതിയില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നവരാണ് പ്രവാസികള്‍. അവരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ഒട്ടും ഭൂഷണമല്ല. അധികാരികള്‍ ഇനിയും ശ്രദ്ധ ചെലുത്താത്ത അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാത്തത് പോലെ നടിക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട് ഓരോ പ്രവാസി മലയാളിക്കും പറയാന്‍. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതിരിക്കുന്നത് ഒരുതരത്തില്‍ പറഞ്ഞാല്‍ ക്രൂരതയാണ്.

ഇവിടെയാണ് ലോക കേരള സഭ എന്ന സംസ്ഥാന സര്‍ക്കാരിന്റെ പരിപാടി വെറും പ്രഹസനമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും. പ്രവാസികളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനും അവരുടെ പ്രശ്നങ്ങള്‍ പറയാനുമുള്ള വേദി എന്നതാണ് ലോക കേരള സഭ കൊണ്ട് ഉദ്ദേശിക്കുന്നത്. ലോക കേരള സഭയുടെ ഇത്തവണത്തെ മേഖലാതല ചര്‍ച്ച പ്രവാസികളുടെ പ്രശ്നങ്ങള്‍ മേഖല തിരിച്ച് മനസ്സിലാക്കുന്നതിനുള്ള അവസരം കൂടിയായി. മുഖ്യമന്ത്രിയുടേയും നിയമസഭാ സ്പീക്കറുടേയും പ്രസീഡിയം അംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ നടന്ന പൊതുസഭയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രശ്നങ്ങള്‍ വലിയ ചര്‍ച്ചയായി.

പ്രവാസി ക്ഷേമനിധി അംഗത്വം എടുക്കുന്നവരുടെ പ്രായപരിധി 65 ആയി ഉയര്‍ത്തണം, മുഴുവന്‍ പ്രവാസികളെയും ക്ഷേമനിധിയില്‍ അംഗമാക്കാന്‍ നടപടിയെടുക്കണം, വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് കാറ്റഗറി ആക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം, പ്രവാസികളുടെ മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും പലിശരഹിത ലോണ്‍ അനുവദിക്കണം, സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നോര്‍ക്ക കൗണ്ടര്‍ ആരംഭിക്കണം, വിദേശരാജ്യങ്ങളില്‍ വച്ചു മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണം.

നോര്‍ക്ക സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് തൊഴില്‍സംവരണം അനുവദിക്കണം, മരിക്കുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് നോര്‍ക്ക നല്‍കുന്ന സാമ്പത്തിക സഹായം ഒരു ലക്ഷം രൂപയില്‍നിന്ന് 5 ലക്ഷമായി വര്‍ധിപ്പിക്കണം, നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് വ്യവസായം ആരംഭിക്കാന്‍ ഏകജാലക സംവിധാനം ആരംഭിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഗള്‍ഫ് മേഖലയിലെ പ്രവാസികളില്‍നിന്ന് പ്രധാനമായും ഉയര്‍ന്നത്.

പ്രവാസികളുടെ പ്രശ്നങ്ങള്‍ മാത്രമല്ല വിവിധ മേഖലകളില്‍ കേരളത്തിന് സാദ്ധ്യമായ ഇടപെടലുകളെ കുറിച്ചും ലോക കേരള സഭയില്‍ ചര്‍ച്ചകളുണ്ടായി. തൊഴില്‍ വീസ തട്ടിപ്പുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണം, വിവിധ രാജ്യങ്ങളിലെ വീസ നിയമങ്ങള്‍ പഠിച്ചു നോര്‍ക്ക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം, മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കണം. നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് മാത്രമായി വിദേശ വിദ്യാഭ്യാസം പരിമിതപ്പെടുത്തണം.

വിദേശത്തേക്ക് പോകുന്നവര്‍ക്ക് നിയമസഹായം നല്‍കണം, റിക്രൂട്ടിങ് തട്ടിപ്പുകള്‍ തടയുന്നതിന് നോര്‍ക്ക റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തണം, വിദേശ വിദ്യാര്‍ഥികളെ സഹായിക്കാന്‍ നോര്‍ക്കയില്‍ പ്രത്യേക ഓഫിസറെ നിയമിക്കണം തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് വിവിധ മേഖലകളില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രവാസികള്‍ ആവശ്യപ്പെട്ടത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിവരുന്നവര്‍ക്കും തങ്ങളുടെ ആവശ്യങ്ങള്‍ പറയാനുള്ള അവസരം ലഭിച്ചു.

പ്രവാസി പെന്‍ഷന്‍ പ്രായപരിധി ഒഴിവാക്കണം, പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായി സെസ് ഏര്‍പ്പെടുത്തണം, പ്രവാസി ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കണം, കുടുംബശ്രീ മിഷന്‍ മാതൃകയില്‍ പ്രവാസി മിഷന്‍ ആരംഭിക്കണം തുടങ്ങിയവയാണ് മടങ്ങി വരുന്നവരുടെ ആവശ്യങ്ങള്‍. എല്ലാ ആവശ്യങ്ങളും പരിഹരിക്കുന്നതിനും ഇടപെടുന്നതിനും സംസ്ഥാന സര്‍ക്കാരിന് പരിമിധിയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും പല പ്രശ്നങ്ങളും പൊതുസമൂഹത്തിന് മുന്നിലെത്തിക്കാന്‍ ലോക കേരള സഭയിലൂടെ കഴിഞ്ഞുവെന്നതാണ് പ്രത്യേകത.