euro

ബെർലിൻ: ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തരുന്ന യൂറോ കപ്പിലെ മരണഗ്രൂപ്പായ ബിയിലെ ഗ്ലാമർ പോരാട്ടത്തിൽ ക്രൊയേഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് സ്‌പെയിൻ. ബെർലിനിലെ ഒളിമ്പിക്സ് സ്റ്റേഡിയം വേദിയായ പോരാട്ടത്തിൽ ആദ്യ പകുതിയിലാണ് സ്പെയിനിന്റ മൂന്ന് ഗോളുകളും പിറന്നത്. ക്യാപ്ടൻ അൽവാരൊ മൊറാട്ട,​ ഫാബിയാൻ റൂയിസ്,​ ഡാനി കാർവഹാൽ എന്നിവരാണ് സ്പെയിനിന്റെ സ്കോറർമാർ. 29,​ 32,​45+2 മിനിട്ടുകളിലായിരുന്നു സ്പെയിനിന്റെ ഗോളുകൾ.

ക്രോസ് ബാറിന്റെ കീഴിൽ ഉനെ സിമോൺ മികച്ച സേവുകളുമായി സ്പെയിന്റെ രക്ഷകനായി.

കുറിയ പാസുകളുമായി മൈതാനത്ത് ആധിപത്യം നേടുന്ന ടിക്കി ടാക്ക ശൈലിയിൽ നിന്ന് ആക്രമണ ഫുട്ബാളിലേക്കുള്ള സ്‌പെയിനിന്റെ മാറ്റം വ്യക്തമാക്കുന്ന പ്രകടനമായിരുന്നു ക്രൊയേഷ്യയ്ക്ക് എതിരെ നടന്നത്. യൂറോയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ലാമിനെ യമാൽ,​ പെഡ്രി,​ നിക്കോവില്യംസ്,​ കുരേല തുടങ്ങിയ യുവരക്തങ്ങളിൽ വിശ്വാസം വച്ചാണ് സ്പാനിഷ് കോച്ച് ഫ്യൂയന്റെ ടീമിനെ കളത്തിലിറക്കിയത്. മറുവശത്ത് മുപ്പത്തെട്ടുകാരൻ ലൂക്കാ മൊഡ്രിച്ച്,​ ക്രമാരിച്ച്,​പെരിസിച്ച്,​ ബുഡിമർ തുടങ്ങിയ പരിചയ സമ്പന്നരിലായിരുന്നു ക്രൊയേഷ്യൻ കോച്ച് ഡാലിച്ചിന്റെ പ്രതീക്ഷ.

ചരിത്രം യമാൽ

യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാ‌ഡ് സ്പെയിന്റെ ലാമിൻ യമാൽ സ്വന്തമാക്കി. ഇന്നലെ ക്രൊയേഷ്യയ്ക് എതിരെകളത്തിലിറങ്ങുമ്പോൾ പതിനാറ് വർഷവും 338 ദിവസവുമായിരുന്നു യമാലിന്റെ പ്രായം. കളിക്കളത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത യമാലാണ് കാർവഹാലിന്റെ ഗോളിന് അസിസ്റ്റ് നൽകിയത്.റൂയിസി്റെ ഗോളിലും യമാലിന്റെ ഇടപെടൽ ഉണ്ടായിരുന്നു.

പെനാൽറ്റി സംഭവം

78-ാം മിനിട്ടിൽ പെറ്റ്‌കോവിച്ചിനെ റോഡ്രി വീഴ്ത്തിയതിന് ക്രൊയേഷ്യയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. റോഡ്രിക്ക് മഞ്ഞക്കാർഡും കിട്ടി. പെറ്റ്‌കോവിച്ച് എടുത്ത കിക്ക് സിമോൺ തട്ടിയെങ്കിലും റീബൗട്ട് പിടിച്ചെടുത്ത് പെരിസിച്ച് നൽകിയ പാസിൽ പെറ്റ്‌കോവിച്ച് വലകുലുക്കി. എന്നാൽ പെറ്റ്കോവിച്ച് കിക്കെടുക്കുമ്പോൾ ക്രൊയേഷ്യൻ താരങ്ങൾ ബോക്സിലേക്ക് കയറിയെന്ന് കണ്ടെത്തിയതിനാൽ വാർ പരിശോധനയ്ക്ക് ശേഷം ഗോൾ നിഷേധിച്ചു. അതേസമയം സ്പാനിഷ് ഗോളി സിമോണും കിക്കിന് മുൻപ് ലൈനിൽ നിന്ന് അനങ്ങിയതായി റീപ്ലേകളിൽ കാണാം.