pakistan-cricket-team

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയോട് വീണ്ടും തോറ്റു, പാകിസ്ഥാന്‍ ആരാധകര്‍ക്ക് അതിലും സഹിക്കാന്‍ വയ്യാത്തത് അമേരിക്കയോട് തോറ്റ് ലോകകപ്പില്‍ നിന്ന് നാണംകെട്ട് പുറത്തായതാണ്. യുഎസ്എ പോലൊരു ടീമിനോട് പാകിസ്ഥാനെന്ന ക്രിക്കറ്റില്‍ വലിയ ചരിത്രം അവകാശപ്പെടാനുള്ള ഒരു ടീം തോറ്റത് ആരാധകരെ നിരാശപ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ അലോസരപ്പെടുത്തുകയാണ്. രൂക്ഷമായ ഭാഷയിലാണ് പാക് ആരാധകര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഒരു വലിയ ടൂര്‍ണമെന്റില്‍ എങ്ങനെയാണ് കളിക്കേണ്ടതെന്ന് ഇന്ത്യയെ കണ്ട് പഠിക്കണമെന്നും ഇങ്ങനെ തോറ്റ് മടങ്ങാന്‍ നാണമില്ലേയെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നത് പോലെയല്ല ലോകകപ്പില്‍ കളിക്കേണ്ടതെന്ന് ഇനിയെങ്കിലും മനസ്സിലാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. വലിയൊരു വിഭാഗം ആരാധകര്‍ തങ്ങളുടെ ടീമിനെ കയ്യൊഴിയുകയും ചെയ്തിട്ടുണ്ട്. ഇനി പാകിസ്ഥാന്റെ ക്രിക്കറ്റ് മത്സരങ്ങള്‍ കാണില്ലെന്ന തീരുമാനം പോലും പലരും സ്വീകരിച്ച് കഴിഞ്ഞു.

മുന്‍ താരങ്ങളും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. പാകിസ്ഥാന് ലോകകപ്പിലെ അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ അയര്‍ലാന്‍ഡ് - യുഎസ്എ മത്സരത്തിന്റെ ഫലം കാത്തിരിക്കണം, എത്ര ലജ്ജാകരമാണ് ഈ അവസ്ഥയെന്ന് ഓര്‍ത്ത് നോക്കൂവെന്നാണ് പാക് മാദ്ധ്യമപ്രവര്‍ത്തകരും കളിയെഴുത്ത്കാരും വിമര്‍ശിക്കുന്നത്. ഇത് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്നു. ഇതിലും കൃത്യമായി നിങ്ങള്‍ എത്ര താഴെയാണ് നില്‍ക്കുന്നതെന്ന് പറയാന്‍ കഴിയില്ലെന്നാണ് ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ വിമര്‍ശനം.

വളരെ അധികം വിഷമം തോന്നുന്നുവെന്നാണ് ഇതിഹാസ സ്പിന്നര്‍ സഖ്ളെയിന്‍ മുഷ്താഖ് പാകിസ്ഥാന്റെ പുറത്താകലില്‍ പ്രതികരിച്ചത്. പാക് താരം ഷദാബ് ഖാന്റെ ഭാര്യയുടെ പിതാവ് കൂടിയാണ് മുഷ്താഖ്. ക്യാപ്റ്റന്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, ഫഖര്‍ സമാന്‍ തുടങ്ങിയ താരങ്ങളെ എത്രയും വേഗം പുറത്താക്കണമെന്നാണ് മുന്‍ താരം അഹമ്മദ് ഷെഹ്സാദ് ആവശ്യപ്പെട്ടത്.

പാകിസ്ഥാന്റെ ലോകകപ്പ് യാത്ര ഇവിടെ അവസാനിച്ചിരിക്കുന്നു എന്ന ഒറ്റ വരിയാണ് ഷൊയ്ബ് അക്തര്‍ കുറിച്ചത്. സമൂഹമാദ്ധ്യമമായ എക്സിലായിരുന്നു റാവല്‍പിണ്ടി എക്സ്പ്രെസിന്റെ പ്രതികരണം.കുറച്ച് കൂടി രൂക്ഷമായ ഭാഷയിലാണ് ഇതിഹാസ താരവും മുന്‍ നായകനുമായ വസീം അക്രം പ്രതികരിച്ചത്. അമേരിക്കയ്ക്ക് അഭിനന്ദനങ്ങള്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ അവര്‍ സൂപ്പര്‍ എട്ടിലെ പ്രവേശനം അര്‍ഹിച്ചിരുന്നു.

എന്താണ് പാക് താരങ്ങളുടെ പരിപാടി. ഇ.കെ 601 നമ്പര്‍ വിമാനത്തില്‍ കയറി ദുബായിലേക്ക് പോകുമായിരിക്കും അല്ലേ, അവിടെ നിന്ന് അവനവന്റെ വീടുകളിലേക്കും. എന്തായാലും മടങ്ങി വരൂ, പിന്നീട് എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം എന്നായിരുന്നു അക്രത്തിന്റെ പ്രതികരണം.

പടലപ്പിണക്കത്തിന്റേയും തമ്മിലടിയുടേയും കൂടാരമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം, പേസര്‍ ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ രണ്ട് വശത്താണ്. ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കാറുപോലുമില്ലെന്നും വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ താന്‍ ഒന്നും പറയുന്നില്ലെന്നും എന്തെങ്കിലും പറഞ്ഞാല്‍ ഷഹീന്‍ തന്റെ മകളുടെ ഭര്‍ത്താവ് ആയതുകൊണ്ട് പിന്തുണയ്ക്കുന്നുവെന്നും വ്യാഖ്യാനിക്കപ്പെടുമെന്നും ലോകകപ്പ് കഴിയട്ടെ എന്നുമാണ് ഷഹീദ് അഫ്രീദി നേരത്തെ പ്രതികരിച്ചത്.