
ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകർന്ന് ഇസ്ലാം മതവിശ്വാസികൾ നാളെ ബക്രീദ് ആഘോഷിക്കുകയാണ്. വിശ്വാസികൾക്ക് ഇത് വലിയ പെരുന്നാളാണ്. ഈദുൽ അദ്ഹ എന്ന ഈ ആഘോഷം ഇന്ത്യയിൽ ബക്രീദ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള വലിയ ആഘോഷം കൂടിയാണ് ബലി പെരുന്നാൾ. കേരളത്തിൽ ജൂൺ 17ന് ആണ് ബക്രീദ് ആഘോഷിക്കുന്നത്. ലോകം ബലി പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ ആഘോഷ രീതികളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും അറിയാം...
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽനെ അല്ലാഹുവിന്റെ കല്പന മാനിച്ച് അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ബലി പെരുന്നാൾ എന്ന് പേരു വന്നത്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതീകമായി മുസ്ലിം മത വിശ്വാസികൾ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്താറുണ്ട്.
അദ്ഹ എന്ന അറബി വാക്കിന്റെ അർത്ഥം ബലി എന്നാണ്. ഈ ദുൽ അദ്ഹ എന്നാൽ ബലിപെരുന്നാൾ. വലിയ പെരുന്നാൾ എന്ന വാക്ക് ബലി പെരുന്നാൾ എന്ന പദത്തിൽ നിന്നും പിന്നീട് ഉണ്ടായതാണ്. യഥാർത്ഥത്തിൽ അത് ശരിയായ പ്രയോഗമല്ല. ബക്രീദ് എന്ന വാക്കും പിൽക്കാലത്ത് പ്രചാരത്തിലായതാണ്. ബക്കരി ഈദ് ഈ രണ്ട് വാക്കിൽ നിന്നാണ് ബക്രീദ് ഉണ്ടായത്. ബക്കരി എന്നാൽ ആട് എന്നർത്ഥം. എന്നാൽ അൽ ബക്ര എന്നാൽ മൃഗം എന്നാണ്. മൃഗത്തിനെ ബലി കൊടുത്തു എന്ന അർത്ഥത്തിൽ ബക്ര ഈദ് ബക്രീദ് ആയി.
മൂന്ന് ഘട്ടങ്ങളിലായാണ് ബക്രീദ് ആഘോഷം നടക്കുന്നത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് കൂട്ടുകാർക്കും സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും നൽകുക, ദരിദ്രർക്ക് ദാനം നൽകുക. ഈ മൂന്ന് പുണ്യകരമായ പ്രവർത്തിയാണ് ബലി പെരുന്നാൾ ദിനം അനുഷ്ഠിക്കുന്നത്. ഇന്നേ ദിവസം ബലിയർപ്പിക്കുന്ന ആടിനെ മൂന്നായി ഭാഗിച്ച് ഒരു വിഹിതം ബലി നൽകിയവർക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികൾക്കും ഒരു ഭാഗം പാവപ്പെട്ടവനും നൽകുന്നു. 400 ഗ്രാം സ്വർണത്തേക്കാൾ കൂടുതൽ സമ്പത്തുള്ള ഓരോ ഇസ്ലാം മത വിശ്വാസിയും ബലി നൽകണമെന്നാണ് നിയമം.
ഒരു വർഷം രണ്ട് തവണയാണ് ഈദ് ആഘോഷിക്കുന്നത്. ആദ്യം ചെറിയ പെരുന്നാളും പിന്നീട് വലിയ പെരുന്നാളും ആഘോഷിക്കും. ചന്ദ്രനെ നിരീക്ഷിച്ചാണ് പെരുന്നാൾ ദിവസം കണക്കാക്കുന്നത്. എന്നാൽ റമദാൻ മാസത്തിലാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
ബക്രീദ് ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസ അറിയിക്കാം...