hiuse-flies

കുന്ദമംഗലം: മഴപെയ്തതോടെ ഈച്ചശല്ല്യം രൂക്ഷമായി. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കൂട്ടത്തോടെയാണ് ഇവയുടെ വരവ്. രോഗങ്ങൾ പരത്തുന്ന ഇവയെ സൂക്ഷിക്കണം. വെള്ളത്തിലൂടെയും ആഹാര പദാർത്ഥങ്ങളിലൂടെയും പകരുന്ന വിവിധയിനം രോഗങ്ങളുടെ അണുക്കളെ വ്യാപിപ്പിക്കുന്നതിൽ വലിയ പങ്ക് ഈച്ചകൾക്കുണ്ട്.വയറിളക്കം , പിള്ളവാതം,ടൈഫോയ്ഡ്, അതിസാരം, കോളറ,വയറുകടി ,മഞ്ഞപ്പിത്തം തുടങ്ങിയവയുടെ രോഗാണുക്കൾ, ചില വിരകളുടെ മുട്ടകൾ എന്നിവ ഈച്ചകൾ വഴിയാണ് വ്യാപിക്കുന്നത്. ഈച്ചകളുടെ സാന്നിദ്ധ്യം, ആ സ്ഥലത്തെ മോശപ്പെട്ട മാലിന്യ സംസ്കരണത്തെയും ജനങ്ങളുടെ ശുചിത്വ രാഹിത്യത്തെയും ആണ് സൂചിപ്പിക്കുന്നത്. ഒന്ന് ശ്രദ്ധിച്ചാൽ ഇവയെ തുരത്താം.

ഈച്ചകളെ ഒഴിവാക്കാൻ ആദ്യം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

അടുക്കളയും കുളിമുറിയും കക്കൂസും എപ്പോഴും ശുചിയായിരിക്കണം.

വീട്ടിലും പരിസരത്തും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നില്ലെന്ന് ഉറപ്പ് വരുത്തണം.

വീടിനു പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്ന ഇടം ഉണ്ടെങ്കിൽ അത് പൂർണമായും അടച്ചുറപ്പുള്ളതാക്കിയിരിക്കണം.

പ്രകൃതിദത്തമായ രീതികളിലൂടെ ഈച്ചകളെ ഇല്ലാതാക്കുന്നതാണ്. ആരോഗ്യത്തിനും ഉത്തമം.


ഉപ്പുവെള്ളം തളിച്ച് ഈച്ചകളെ അകറ്റാം

ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾ‌ സ്പൂൺ ഉപ്പ് കലർത്തി ഇളക്കിയ ശേഷം കുപ്പിയിലേക്ക് മാറ്റുക. ഈച്ചകൾ വന്നിരിക്കുന്നിടത്തെല്ലാം തളിക്കുക. കുറച്ച് തുളസിയിലയും പുതിനയിലയും അല്പം വെള്ളവും ചേർത്ത് അരച്ചെടുത്ത് വെള്ളം ചേർത്ത് കുപ്പിയിലാക്കി ഈച്ച പതിവായി ഇരിക്കുന്നിടത്ത് തളിക്കാം.


ഓറഞ്ചിന്റെ തൊലികൾ വെള്ളത്തിൽ മുക്കിയ ശേഷം തുണിയിൽ പൊതിഞ്ഞ് കെട്ടി ഈച്ച ശല്യമുള്ളിടത്ത് തൂക്കിയിടുന്നതും നല്ലതാണ്. ഇഞ്ചി സ്പ്രേ നല്ലതാണ്. ഒരു കുപ്പ് വെള്ളത്തിൽ ഒരു ടീസ്‌പൂൺ ഇഞ്ചി ചതച്ച് നീര് ഇളക്കുക. ഈച്ച സാനിധ്യമുള്ള ഭാഗത്ത് ഈ മിശ്രിതം തളിക്കുക.