book

ഭാരതത്തിലെ ഏറ്റവും പ്രാചീനമായ അഭിനയരൂപം എന്ന നിലക്കാണ് കൂടിയാട്ടത്തിന് പ്രശസ്തി. യുനെസ്കോ അംഗീകരിച്ച കൂടിയാട്ടത്തിന്റെ ഇതിൻറെ പാഠരൂപം എന്ന് പറയുന്നത് സംസ്കൃത നാടകങ്ങളാണ്. ഈ കലാരൂപത്തിന്റെ അഭിനയത്തിന്റെ ലിഖിതരൂപം എന്നും പറയുന്നത് നാടകങ്ങൾ അല്ല നാടകങ്ങളുടെ ആട്ടപ്രകാരങ്ങളും ക്രമദീപികകളുമാണ് .അത് രചിച്ചിരിക്കുന്നത് നടന്മാർതന്നെയാണ്. ഏറ്റവും പ്രാചീനമായ കൂടിയാട്ടം എന്ന അഭിനയ രൂപത്തെപ്പറ്റി നമുക്ക് ലഭിച്ചിരിക്കുന്ന ഉപാദാനങ്ങൾ സംസ്കൃത നാടകങ്ങളും അതിൻറെ അഭിനയപ്രകാരങ്ങളും രംഗത്തുള്ള നടന്റെ പ്രവൃത്തികളുമാണ് .ദൗർഭാഗ്യവശാൽ ഇവയൊന്നും വേണ്ടത്ര ശാസ്ത്രീയമായ രീതിയിൽ ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടില്ല .കഴിഞ്ഞ ഒരു അഞ്ചു നൂറ്റാണ്ടിൽ ഈ കലാരൂപം പൂർണമായും ക്ഷേത്രകലായിരുന്നു. ആ സമയത്ത് ഇതിന്റെ ആസ്വാദനം , വിമർശനം എന്ന കാര്യങ്ങൾ ഒന്നും ഡോക്യുമെന്റ് ചെയ്യുന്നതിന് ആരും ശ്രദ്ധിച്ചിരുന്നില്ല. ക്ഷേത്രകല എന്ന് പറയുമ്പോഴേക്കും ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമേ അഭിനയം നിലനിന്നിരുന്നുള്ളൂ .അപ്പോഴും കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. ഏതാണ്ട് 1930കളിലാണ് അമ്മാവൻ തമ്പുരാൻ മഹാരാജാസ് കോളേജിൽ ഒരു പ്രഭാഷണം നടത്തുകയും അത് കൂത്തുംകൂടിയാട്ടവും എന്ന പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തത് .തുടർന്നുവന്ന അമ്പതുകളിൽ വടക്കുന്നാഥ ക്ഷേത്രത്തിൽ അവതരിപ്പിക്കപ്പെടുന്ന കൂടിയാട്ടത്തെപ്പറ്റി പ്രേക്ഷകരെ അറിയിക്കുന്നത് കെ.പി. നാരായണ പിഷാരടി എഴുതിയ കുറിപ്പുകളാണ്. ഈ മേഖലയിൽ പിന്നീട് ഉണ്ടായ പ്രധാനപ്പെട്ട സംഭാവന 1970 കളിൽ മണി മാധവചാക്യാർ എഴുതിയ നാട്യകല്പദ്രുമം ആണ് .ഈ ഗ്രന്ഥങ്ങളും ഇതോടൊപ്പം വിദേശികളുടെ പഠന നിരീക്ഷണങ്ങളും ആണ് ആദ്യകാലത്ത് നമുക്ക് ലഭിക്കുന്ന കൂടിയാട്ടത്തെ പറ്റിയുള്ള വിവരങ്ങൾ.


ഈ കാലഘട്ടത്തിലും അനുഭവപ്പെട്ട വന്ന ഒരു പരിമിതി കൂടിയാട്ടത്തെ പറ്റി സംസ്കൃതത്തിലുള്ള മൂലകൃതികൾ ഒന്നും സമൂഹത്തിന്,ചാക്യാന്മാർക്കു പോലും ലഭ്യമായിരുന്നില്ല എന്നതാണ്. അതുകൊണ്ട് ആധുനിക കാലത്തെ ശാസ്ത്രീയ രീതിശാസ്ത്രമനുസരിച്ച് കൂടിയാട്ടത്തെപ്പറ്റി പഠനങ്ങൾ ഉണ്ടാകാൻ വൈകി. ഇവിടെയാണ് ഡോ .കെ ജി പൗലോസിന്റെ സംഭാവനകളെ നാം വിലയിരുത്തേണ്ടത്.
കൂടിയാട്ടവുമായി ബന്ധപ്പെട്ട രണ്ടു കൃതികളാണ് സംസ്കൃതത്തിൽ ഉള്ളത്. ഒന്ന് പത്താം നൂറ്റാണ്ടിലെ കുലശേഖരന്റെ വ്യംഗ്യവ്യാഖ്യാ,അത് നിലവിൽ ഉണ്ടായിരുന്ന സംസ്കൃതനാടക നാടക അഭിനയ രീതികളെ പരിഷ്കരിക്കുകയും ഒട്ടേറെ പുതുമകൾ കൂട്ടി ചേർക്കുകയും ചെയ്തു. ഈ അഭിനയത്തിലെ വിപുലീകരണം യഥാസ്ഥിതിക നാട്യശാസ്ത്ര പണ്ഡിതന്മാരെ അസ്വസ്ഥരാക്കി .അതിന്റെ ഫലമാണ് പതിനാലാം നൂറ്റാണ്ടിൽ അജ്ഞാത നാമകർത്താവായ ഒരു വിമർശകൻ രചിച്ച നടാങ്കുശം .ഇത് നാട്യശാസ്ത്രത്തിൽ നിന്ന് കൂടിയാട്ടമായി വികസിച്ചപ്പോൾ അഭിനയ രീതിക്ക് ഉണ്ടായ എല്ലാ മാറ്റങ്ങളെയും ശക്തിയുക്തം നിരാകരിക്കുന്നതിനും കൂടിയാട്ട അഭിനയത്തെ നഖശിഖാന്തം എതിർക്കുന്നതും ആണ്. ഈ രണ്ടു കൃതികളും സമൂഹത്തിന് ലഭ്യമായിരുന്നില്ല .1993 ൽ നടാങ്കുശം മൂലം Natamkusha- a critic of dramaturgy.

ആദ്യമായി സംസ്കൃതത്തിൽ നിന്ന് മലയാള പരിഭാഷയോടും പഠനത്തോടും കൂടി അച്ചടിച്ചടിയിൽ വന്നത് 1933ലാണ് ഇതോടൊപ്പം തന്നെ വ്യംഗ്യ വ്യാഖ്യായുടെ ആദ്യഭാഗങ്ങൾ Vyangyavyakhya - The Aesthetics of Dhvani in Theatre ,1994 ൽ ഇംഗ്ലീഷ് പരിഭാഷയോടും വ്യാഖ്യാനത്തോടും കൂടി അച്ചടിയിൽ വരിക വഴി കൂടി പഠനത്തിന് ഒട്ടേറെ പുതിയ മാനങ്ങൾ കൈവന്നു. ഏറ്റവും പ്രധാനമായി നാട്യശാസ്ത്രത്തോടു കൂടിയാട്ടത്തെ നേരിട്ട് ബന്ധിപ്പിക്കുന്നവയാണ് ഈ രണ്ടു ഗ്രന്ഥങ്ങളും എന്നതാണ് . അങ്ങനെ രണ്ടു ഗ്രന്ഥങ്ങളെ ഉള്ളു താനും .ഇതോടൊപ്പം തന്നെ ആട്ടപ്രകാരങ്ങളുടെ പഠനവും അദ്ദേഹം പ്രസിദ്ധീകരിച്ചു . ഭഗവദ്ദജ്ജുകം നാടകം കൂടിയാട്ടത്തിൽ അവതരിപ്പിക്കുന്നതിന് രീതി BHAGAVADAJJUKA IN KOODIYATTAM എന്ന പേരിൽ 2000 ത്തിൽ പ്രസിദ്ധീകരിച്ചു. കല്യാണസൗഗന്ധികത്തിൻറെ അഭിനയ പ്രകാരവും Bheema in search of celestial flower- kalyanasaugandhika. Kootiyattam--[MALAYALAM TRANSLATION] എന്ന പേരിൽ 2000 ത്തിൽ തന്നെ പ്രസിദ്ധീകരിച്ചു .കൂടിയാട്ടം എന്ന അതി പ്രാചീനമായ കലാരൂപത്തെ ലോകരംഗവേദിയുടെ ഭാഗമായി ശാസ്ത്രീയമായി അവതരിപ്പിക്കുന്നതിനും അതിൻറെ സൂക്ഷ്മ അഭിനയങ്ങളെ സമൂഹത്തിന് ബോധ്യപ്പെടുത്തുന്നതിനും ഈ കൃതികൾ ഒട്ടേറെ സഹായിച്ചിട്ടുണ്ട്.കൂടിയാട്ടത്തിന്റെ ചരിത്രവും നൂറ്റാണ്ടുകളിലൂടെയുള്ള അതിന്റെ പരിണാമങ്ങളും പഠനവിഷയമാക്കികൊണ്ടു KUTIYATTAM THEATRE :THE EARLIEST LIVING TRADITION എന്ന കൃതി 2007 ൽ അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രാചീനമായ ഈ കലാരൂപത്തിനെപ്പറ്റി ആസ്വാദക സമൂഹത്തിനും പണ്ഡിതന്മാർക്കിടയിലും അർത്ഥവത്തായ സംവാദങ്ങൾക്ക് ഈ കൃതികൾ നിസ്തുലമായ സംഭാവനകൾ നൽകി.


ഇതോടെ വിദേശികൾ അനേകം പേർ കൂടിയാട്ടത്തിൽആകൃഷ്ടരാവുകയും വിശദമായ പഠനങ്ങൾക്കായി കേരളത്തിൽ വരികയും ചെയ്തു. അത്തരം പണ്ഡിതന്മാരുടെ ജിജ്ഞാസകളെ ശമിപ്പിക്കുന്നതിന് ശ്രീ എൽ എസ് രാജഗോപാൽ,ശ്രീ .കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവർ വലിയ സഹായങ്ങൾ നൽകി. കൂടിയാട്ടത്തെ സംബന്ധിച്ച് അതിപ്രാചീനങ്ങളായ മൂന്ന് മൗലിക ഗ്രന്ഥങ്ങൾ നാട്യശാസ്ത്രം ,വ്യംഗ്യ വ്യാഖ്യാ ,നടാങ്കുശം എന്നിവയാണ്. ഇവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ബൗദ്ധികവും ചരിത്രപരവും ആയ ഒരു പഠനത്തിന് സാഹചര്യം ഒരുക്കിയത് മേൽ പറഞ്ഞ ഗ്രന്ഥങ്ങളുടെ അവതരണങ്ങളാണ് .കൂടിയാട്ടത്തിൽ ആധുനിക ഗ്രന്ഥങ്ങൾ എന്ന നിലയിൽ ഡോ. കെ .ജി പൗലോസ് നടത്തിയ ഗൗരവമായ പഠനങ്ങൾ കലാലോകത്തിനു എന്നും മുതൽകൂട്ടുകളായി നിലകൊള്ളും .