
കോഴിക്കോട്: ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 30 രൂപയാണ്. എന്നാൽ ഒന്നര കിലോമീറ്റർ ഓട്ടം പോകാൻ നഗരത്തിലെ ചില ഓട്ടോക്കാർ വാങ്ങുന്നത് 40 രൂപ വരെ...! അമിത ചാർജ് ഈടാക്കി സാധാരണക്കാരനെ കൊള്ളയടിക്കുകയാണ് ഓട്ടോക്കാർ. ദീർഘ ദൂരമല്ലാതെ കുറഞ്ഞ ദൂരത്തേക്ക് ഓട്ടം വരാനും മടിക്കുന്നവർ ധാരാളം. ചാർജിന്റെ പേരിൽ അടിപിടി കൂടി മാന്യമായി സവാരി നടത്തുന്ന ഡ്രൈവർമാരുടെ പേരുകളയുകയാണ് ചിലർ.
@ പലർക്കും പലതാണ് ചാർജ്
മാനാഞ്ചിറയിൽ നിന്ന് പുതിയ സ്റ്റാൻഡിലേക്ക് പോകണമെങ്കിൽ മിനിമം ചാർജായ 30 രൂപ നൽകിയാൽ മതി. പക്ഷേ, 40 രൂപ വരെ വാങ്ങുന്നവരുണ്ട്. സാധാരണ ഒന്നര കിലോമീറ്ററിന് 30 രൂപയാണ് മിനിമം ചാർജ്. കിലോമീറ്ററിന് 12 രൂപ കണക്കാക്കി ചാർജ് വർധിക്കുകയും ചെയ്യും. മീറ്ററിൽ 36 രൂപയായാൽ 40 വാങ്ങുന്നതാണ് മിക്കവരുടെയും രീതി. സ്ഥലം പരിചയമില്ലാത്തവരും സ്ത്രീകളുമാണ് കബളിപ്പിക്കപ്പെടുന്നവരിൽ കൂടുതലും. നഗരം പരിചയമില്ലാത്ത യാത്രക്കാരെ വളഞ്ഞവഴിക്ക് കൊണ്ടുപോയി കൂടുതൽ തുക വാങ്ങുന്നതും ചില ഓട്ടോക്കാർ വിനോദമാക്കിയിട്ടുണ്ട്.
രാത്രി പത്ത് മണി കഴിഞ്ഞാൽ പകുതി ചാർജ്ജ്കൂടി അധികം വാങ്ങാൻ വ്യവസ്ഥയുണ്ടെങ്കിലും സമയപരിധിക്കു മുമ്പെ കൂടുതൽ ചാർജ്ജ് ആവശ്യപ്പെടുന്ന ഓട്ടോക്കാരുമുണ്ട്. തിരിച്ച് ഓട്ടം കിട്ടില്ലെന്നതാണ് അതിനുള്ള ന്യായം. നഗരത്തിലെ മിക്ക ഓട്ടോറിക്ഷ സ്റ്റാൻഡിലും ഇതു തന്നെയാണ് സ്ഥിതി. മഴ തുടങ്ങിയതോടെ ഓട്ടം വിളിച്ചാലും വരാത്ത ഓട്ടോക്കാരുണ്ട്.
@മീറ്റർ ബാധകമല്ല !
മീറ്റർ ഇല്ലാതെയാണ് പല ഓട്ടോകളുടെയും സവാരി. ഉള്ളതാവട്ടെ പ്രവർത്തനക്ഷമവുമല്ല. ചിലർ മീറ്ററിട്ട് ഓടിയാലും വാങ്ങുന്നത് മീറ്ററിലുള്ളതിനേക്കാൽ കൂടിയ തുക. ഡിജിറ്റർ മീറ്ററുകൾ നിർബന്ധമാക്കിയിട്ടും പല ഓട്ടോകളിലും പഴയ മോഡലാണ് ഉപയോഗിക്കുന്നത്.
@ യാത്രാനിരക്ക് ബോർഡില്ല
അംഗീകൃത ഓട്ടോ സ്റ്റാൻഡുകളിലും ഓട്ടോറിക്ഷകളിലും യാത്രാനിരക്ക് രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കണമെന്ന മോട്ടോർവാഹന വകുപ്പിന്റെ നിർദ്ദേശവും പാലിക്കപ്പെടുന്നില്ല. ഒന്നരക്കിലോമീറ്ററിന് 30 രൂപ എന്ന കുറഞ്ഞ നിരക്ക് മുതൽ 26 കിലോമീറ്ററിനുള്ള 397.50 രൂപ നിരക്ക് വരെയെങ്കിലും പട്ടികയിലുണ്ടാകണമെന്നാണ്. നിരക്ക് ഈടാക്കുന്നതിന്റെ മാനദണ്ഡം, രാത്രിയാത്രയിലെ നിരക്കിലെ വ്യത്യാസം, കാത്തുനിൽക്കേണ്ടിവരുമ്പോഴുള്ള നിരക്ക് തുടങ്ങിയ വിവരങ്ങളും ഉണ്ടാകണം.
'' ഓട്ടോറിക്ഷകൾക്ക് അകത്ത് നിരക്കുപട്ടിക പ്രദർശിപ്പിക്കുന്നുണ്ടോയെന്ന് ഫിറ്റ്നസ് പരിശോധനാ സമയത്ത് ഉറപ്പാക്കുന്നുണ്ട്. അമിതചാർജ് ഈടാക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക, എന്നിങ്ങനെയുള്ള പരാതികൾ 91 88 96 11 00 നമ്പറിൽ അറിയിക്കാം''-
പി.ആർ സുമേഷ്,
ആർ.ടി.ഒ കോഴിക്കോട്