
ബംഗളൂരു: കന്നട നടൻ ദർശൻ ഉൾപ്പെട്ട കൊലക്കേസിൽ കൊല്ലപ്പെട്ട രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തി.
പ്രതികളിലൊരാളായ ദർശന്റെ ഫാൻസ് ക്ലബ് അംഗം രവിയാണ് കാറിൽ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയത്.
ചിത്രദുർഗ ജില്ലയിലെ അയ്യനഹള്ളി ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് കാർ പിടിച്ചെടുത്തത്.
രവിയുടെ കുടുംബത്തെ പൊലീസ് ചോദ്യം ചെയ്തു. കാറിൽ നിന്ന് നിരവധി സാധനങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കേസിൽ
ദർശനും പവിത്രയും ഉൾപ്പെടെ 15 ഓളം പേരാണ് അറസ്റ്റിലായത്.
പവിത്ര ദർശന്റെ ഭാര്യയല്ല
അതിനിടെ പവിത്ര ഗൗഡ ദർശന്റെ ഭാര്യയല്ലെന്നും അങ്ങനെയുള്ള തെറ്റിദ്ധാരണകൾ പരത്തുന്നത് ദർശന്റെ ഭാര്യയായ വിജയലക്ഷ്മിയെ വേദനിപ്പിക്കുന്നുവെന്നും പ്രതിയുടെ അഭിഭാഷകൻ പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും ചില മാദ്ധ്യമങ്ങളും ദർശന്റെ രണ്ടാം ഭാര്യയാണ് പവിത്ര എന്ന് പറഞ്ഞതിനെ സംബന്ധിച്ചായിരുന്നു പ്രതികരണം. അറസ്റ്റിനു പിന്നാലെ രണ്ടു തവണ ദർശനെ കണ്ടു. പവിത്ര ദർശന്റെ ഭാര്യയാണെന്ന തരത്തിലുള്ള വാർത്തകൾ കണ്ട് ദർശന്റെ ഭാര്യ വിജയലക്ഷ്മി അസ്വസ്ഥയാണ്. അവർക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. ദർശൻ നിയമപരമായി വിവാഹം കഴിച്ചത് തന്നെയാണെന്നും മറ്റു ഭാര്യമാരൊന്നും ഇല്ലെന്നും അവർ പറയാൻ ആഗ്രഹിക്കുന്നു. അവർക്ക് ഒരു മകനുണ്ട്.
പവിത്ര സഹപ്രവർത്തകയും സുഹൃത്തും മാത്രമാണ്. മറ്റു ബന്ധമൊന്നുമില്ലെന്നും അഭിഭാഷകൻ പറഞ്ഞു.