rice-flour

കൊറിയക്കാരെപ്പോലെ തെളിഞ്ഞ ചർമ്മം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. കൊറിയക്കാരുടെ ഗ്ലാസ് സ്കിൻ ഇന്ന് ഇന്റർനെറ്റുകളിൽ ചർച്ചാ വിഷയമാണ്. നിരവധി പേരാണ് ഇതിനായി പലതരം വിലകൂടിയ സൗന്ദര്യവസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ പലപ്പോഴും ഇതിന് ശരിയായ ഫലം ലഭിക്കാറില്ല.

പക്ഷേ കൊറിയൻ സുന്ദരികൾ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചു അവരുടെ ചർമ്മം സംരക്ഷിക്കാറുണ്ട്. അത്തരത്തിൽ കൊറിയക്കാരുടെ ചർമ്മ സംരക്ഷണത്തിന് അരിപ്പൊടിക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. അരിപ്പൊടി കൊണ്ടുള്ള അവരുടെ ഫേസ്‌പാക്ക് വളരെ പ്രശസ്തമാണ്. സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും ഇത് ഉപയോഗിക്കാം. അവ എങ്ങനെ തയ്യാറാക്കണമെന്ന് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

ചർമ്മത്തിന് നിറം നൽകാനും ടാൻ ഇല്ലാതാക്കാനും അരിപ്പൊടി വളരെ നല്ലതാണ്. കൂടാതെ ച‌ർമ്മത്തിൽ അടിഞ്ഞുകൂടിയ അഴുക്ക് ഇത് നീക്കം ചെയ്യാൻ സഹായിക്കുന്നു.

ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും വളരെ നല്ലതാണ് തേൻ. ചർമ്മത്തിലെ പാടുകൾ ഇല്ലാതാക്കാൻ തേൻ സഹായിക്കുന്നു.

തെെരിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചർമ്മത്തിന് വളരെ നല്ലതാണ്. ചർമ്മം മൃദുലമാകാനും ഇത് സഹായിക്കുന്നു.

ഫേസ്‌പാക്ക് തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്‌പൂൺ അരിപ്പൊടി,​ രണ്ട് ടേബിൾ സ്‌പൂൺ തെെര്,​ ഒരു ടേബിൾ സ്‌പൂൺ തേൻ എന്നിവ എടുക്കുക. ശേഷം ഇവ നന്നായി യോജിപ്പിക്കണം. തെെര് ഇല്ലെങ്കിൽ പാൽ ഉപയോഗിക്കാം. ഇത് മുഖത്ത് പുരട്ടി 10 മിനിട്ടിന് ശേഷം കഴുകികളയാം. രണ്ട് ദിവസം കൂടുമ്പോൾ ഈ ഫേസ്‌പാക്ക് ചെയ്യുക. രണ്ടാഴ്ച കൊണ്ട് നിങ്ങൾക്ക് മാറ്റം കാണാൻ കഴിയും.