
10-ാം ക്ലാസിൽ വച്ച് സുഹൃത്തിനോട് മോഡൽ ആവാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ പരിഹസിച്ചു. ആ പരിഹാസം വാശിയാക്കി ഋതു സാരംഗി ലാൽ നടന്നുകയറിയത് റോയൽ മിസ് ഇന്ത്യ റാംമ്പിലേക്കായിരുന്നു. ജയ്പ്പൂരിൽ നടന്ന റോയൽ മിസ് ഇന്ത്യയായി കിരീടം ചൂടിയ എറണാകുളം സ്വദേശി ഋതു സാരംഗി ലാലിന്റെ (22) നേട്ടം മലയാളികൾക്ക് എന്നും അഭിമാനിക്കാം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സുന്ദരിമാർ മാറ്റുരച്ച മത്സരത്തിൽ സൗത്ത് ഇന്ത്യയിൽ നിന്നുള്ള ഏക മത്സരാർത്ഥിയായിരുന്നു ഋതു. ലാൽ കൃഷ്ണന്റെയും സിനി ലാലിന്റെയും മകളാണ്. മിസ് വള്ളുവനാട് ടൈറ്റിൽ വിന്നർ, 2022ലെ ട്രിവാൻഡ്രം ലുലു ബ്യൂട്ടി ക്വീൻ തുടങ്ങിയ കിരീടങ്ങൾ ചൂടിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫീമെയിൽ ഫാഷൻ കൊറിയോഗ്രാഫർ കൂടിയായ ഋതു 100ലധികം റാമ്പുകളിൽ ചുവടു വച്ചിട്ടുണ്ട്.

ആറാം ക്ലാസിൽ മിനിസ്‌ക്രീനിലേക്ക്
ചെറുപ്പം മുതൽ അഭിനയിക്കാനായിരുന്നു താൽപര്യം. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് 'മഞ്ഞുരുകും കാലം' എന്ന സീരിയലിൽ അഭിനയിക്കുന്നത്. ദുബായിൽ നിന്ന് വന്നാണ് അത് അഭിനയിച്ചത്. നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ദുബായിൽ ആയിരുന്നു പഠിച്ചത്. ഫാഷൻ ഫീൽഡിലേക്ക് വരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല.
ചെറിയ വാശി
10-ാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ഒരു സുഹൃത്തിനോട് മോഡൽ ആവാൻ താൽപര്യം ഉണ്ടെന്ന് സൂചിപ്പിച്ചു. എന്നാൽ അന്ന് കുറച്ച് തടിയുണ്ടായിരുന്ന എന്നെ അവർ പരിഹസിക്കുകയാണ് ചെയ്തത്. അത് ഒരു വാശിയായി എടുത്തു. അന്നു മുതൽ പരിശ്രമിച്ചാണ് ഇന്ന് ഇവിടെ വരെ എത്തിയത്.
ഹെഡ് ലെെൻ മീഡിയ എന്ന ഒരു മോഡലിംഗ് കമ്പനിയുടെ ജാൻ എന്ന ഒരാളെ പരിചയപ്പെട്ടു. അതുവഴിയായിരുന്നു ആദ്യമായി ഒരു ഫാഷൻ ഷോയിൽ പങ്കെടുക്കുന്നത്. തിരുപ്പൂർ ആയിരുന്നു അത്.

നല്ല മത്സരമുള്ള ഒരു ഫീൽഡ് തന്നെയാണ് മോഡലിംഗ് ഫീൽഡ്. പക്ഷേ 22 വയസിൽ തന്നെ എനിക്ക് എന്റെ ഒരുപാട് ആഗ്രഹങ്ങൾ സാധിക്കാൻ കഴിഞ്ഞു. എന്റെ മാതാപിതാക്കളും ഫീയാൻസെയും സുഹൃത്തുക്കളും സഹോദരങ്ങളും അതിന് കൂടെ നിന്നു. 19 വയസിൽ ട്രിവാൻഡ്രം ഫാഷൻ മോഡൽസ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി. മുൻപും പല ഫാഷൻ റാംമ്പുകളിലും എത്തിയിട്ടുണ്ട്. എന്നാൽ 19 വയസിലാണ് ആദ്യമായി ഒരു ടെറ്റിൽ വിന്നർ ആകുന്നത്. അത് മിസ് വള്ളുവനാട് ടൈറ്റിൽ ആണ്.

20-ാം വയസിലാണ് ലുലു ബ്യൂട്ടി ക്വീൻ ടൈറ്റിൽ വിന്നറായി. അത് എന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ദിവസമായിരുന്നു. ഈ വർഷമാണ് റോയൽ മിസ് ഇന്ത്യ കിരീടം ചൂടുന്നത്. മോഡൽ ആകണമെന്ന എന്റെ ദൃഢനിശ്ചയമാണ് ഇതുവരെ എത്തിച്ചത്.
അവഗണനയും പരിഹാസവും
അവഗണന ഒരുപാട് നേരിട്ടിട്ടുണ്ട്, പ്രധാനമായും പൊക്കത്തിന്റെ പേരിൽ. മോഡലിംഗ് മേഖലയിൽ ഇങ്ങനെ പല അവഗണനങ്ങളും നേരിടേണ്ടി വരും. പക്ഷേ തളർന്നില്ല. ഇത്തരം കാര്യങ്ങൾ മാറിയാൽ നല്ലതായിരുന്നുവെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ഒരു പാട് കഴിവുള്ള കുട്ടികളെ ഇത്തരത്തിൽ പൊക്കത്തിന്റെയും മറ്റും പേരിൽ മാറ്റി നിർത്തിയിട്ടുണ്ട്. അത് ചെയ്യുന്നതിനെ ഞാൻ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല. അവരെയും മുന്നിലേക്ക് കൊണ്ട് വരാനാണ് ഞാൻ ശ്രമിക്കുന്നത്.

അഭിനയം ഏറെ പ്രിയം
അഭിനയിക്കാൻ എനിക്ക് ഇപ്പോഴും വളരെ ഇഷ്ടമാണ്. നല്ല കഥാപാത്രങ്ങൾ വന്നാൽ സിനിമയിലും സീരിയലിലും ചെയ്യും. സീരിയലിൽ നിന്ന് ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. എനിക്ക് ഒരു നടിയായും മോഡലായും അറിയപ്പെടാനാണ് ആഗ്രഹം. കാരണം ഞാൻ അഭിനയരംഗത്ത് നിന്നാണ് മോഡലിംഗിലേക്ക് വന്നത്.
ഇപ്പോൾ എറണാകുളം കടമറ്റത്താണ് ഋതു താമസിക്കുന്നത്. ഇത്തരത്തിൽ മോഡലിംഗിനെ സ്‌നേഹിക്കുന്ന നിരവധി പെൺകുട്ടികൾക്ക് ഒരു പ്രചോദനമാണ് ഈ 22കാരി. കഴിവുള്ള പെൺകുട്ടികൾക്ക് അവസരം കൊടുക്കാനും തന്നെപോലെ ഉയരങ്ങളിലെത്തിക്കാനും ഋതു ശ്രമിക്കുന്നുണ്ട്.