
മഴക്കാലമായാലും വേനൽക്കാലമായലും വീട്ടിൽ കൊതുക് ശല്യത്തിന് ഒരു കുറവും കാണില്ല. ഡെങ്കിപ്പനി , വെെസ്റ്റ് നെെൽ, മന്ത്, ചിക്കൻഗുനിയ, തുടങ്ങിയ നിരവധി രോഗങ്ങൾ കൊതുക് പരത്താറുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുട്ടയിട്ടാണ് കൊതുകുകൾ പെരുകുന്നത്. അതിനാൽ വീട്ടിൽ വെള്ളം കെട്ടിനിർത്താതെ നോക്കണം.
കൊതുകിനെ തുരത്താൻ കെമിക്കൽ കലർന്ന ചില വിഷവസ്തുക്കൾ നാം ഉപയോഗിക്കാറുണ്ട് ഉദാഹരണം ചില കൊതുക് തിരികൾ, പുക എന്നിവ. എന്നാൽ ഇവ വീട്ടിലെ കുട്ടികൾക്ക് ദോഷമാണ്. കെമിക്കൽ ഉപയോഗിക്കാതെ വീട്ടിൽ പ്രകൃതിദത്തമായ രീതിയിൽ കൊതുകിനെ തുരത്തുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
തുളസി
വീട്ടിന്റെ പരിസരത്ത് തുളസി, വേപ്പ് എന്നിവ നട്ടാൽ കൊതുകിനെ തുരത്താം.
വെളുത്തുള്ളി
വെളുത്തുള്ളി ഉപയോഗിച്ചും കൊതുകിനെ അകറ്റാൻ സാധിക്കും. ഇതിന്റെ രൂക്ഷഗന്ധം കൊതുകുകൾക്ക് ഇഷ്ടമില്ല. കൊതുക് ശല്യമുള്ളപ്പോൾ വെളുത്തുള്ളിയെടുത്ത് ഒരു ചീനച്ചട്ടിയിലിട്ട് നന്നായി ചൂടാക്കാം. അപ്പോൾ വരുന്ന മണം കൊതുകിനെ അകറ്റാൻ സഹായിക്കും.അല്ലെങ്കിൽ വെള്ളവും വെളുത്തുള്ളി പേസ്റ്റും യോജിപ്പിച്ച് സ്പ്രേ ചെയ്താൽ മതി.
കർപ്പൂരം
വീട്ടിൽ കർപ്പൂരം പുകച്ചാൽ കൊതുക് ഒരു പരിധി വരെ വീട്ടിൽ നിന്ന് മാറി നിൽക്കും. കർപ്പുരത്തിന്റെ ഗന്ധം അവയ്ക്ക് ഇഷ്ടമല്ല.
ആര്യവേപ്പില
ആര്യവേപ്പില ഇട്ട് കാച്ചിയ എണ്ണ ദേഹത്ത് തേച്ച് പിടിപ്പിച്ചാൽ കൊതുകുകടിയിൽ നിന്ന് രക്ഷനേടാം.
കാപ്പിപ്പൊടി
കാപ്പിപ്പൊടി അൽപമെടുത്ത് ചെറിയ പാത്രങ്ങളിൽ വീടിന്റെ പല ഭാഗത്തായി തുറന്നുവയ്ക്കുന്നതും കൊതുകിനെ തുരത്തുന്നു.
സവാള
സവാള തൊലി കളഞ്ഞ് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കുക. ഇനി ഇത് കൊതുക് ശല്യമുള്ളിടത്ത് സ്പ്രേ ചെയ്തുകൊടുക്കാം. ചെറുപ്രാണികളെ അകറ്റാനും സവാള സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
കൊതുകിനെ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വൃത്തി തന്നെയാണെന്ന് ഓർക്കുക. ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കാൻ ശ്രദ്ധിക്കണം. പൊതുവെ ചിരട്ടകൾ, പാളകൾ, പാത്രങ്ങൾ, വീടിന്റെ സൺ ഷേഡുകൾ, ഫ്രിഡ്ജിന് പിന്നിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, മുട്ടത്തോട് തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിടുന്നത്.എല്ലാ ദിവസവും സമയം കിട്ടിയില്ലെങ്കിലും ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത്തരത്തിൽ വീടിന്റെ പരിസരത്ത് ഏതെങ്കിലും വസ്തുക്കളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് നോക്കണം. ഉണ്ടെങ്കിൽ അപ്പോൾ തന്നെ ഇവ നശിപ്പിക്കണം.