
കാസർകോട്: കുമ്പള അനന്തപുരം ക്ഷേത്രക്കുളത്തിൽ പുതുതായി കണ്ടെത്തിയ മുതല വീണ്ടും പ്രത്യക്ഷപ്പെട്ടു. ബബിയ-3 എന്ന് പേരിട്ടിരിക്കുന്ന പുതിയ മുതലക്കുഞ്ഞ്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെ ശ്രീകോവിലിന് സമീപം ആനപ്പടിക്ക് വടക്കുഭാഗത്ത് എല്ലാവർക്കും കാണാൻ കഴിയുന്ന വിധം എത്തുകയായിരുന്നു.
ഉച്ചയ്ക്ക് ഒരുമണിക്ക് നട അടച്ചുപോയ ക്ഷേത്ര പൂജാരി സുബ്രഹ്മണ്യ ഭട്ട് വൈകീട്ട് എത്തിയപ്പോഴാണ്നാലര അടി നീളമുള്ള മുതലക്കുഞ്ഞിനെ കണ്ടത്. ദൃശ്യം പൂജാരി മൊബൈലിൽ പകർത്തി. അരമണിക്കൂറോളം അവിടെ കിടന്നശേഷം വെള്ളത്തിലേക്ക് പോയി. കഴിഞ്ഞ നവംബറിലാണ് മുതല കുഞ്ഞിന്റെ സാന്നിദ്ധ്യംതിരിച്ചറിഞ്ഞത്.
80 വർഷത്തോളം ജീവിച്ചിരുന്ന യഥാർഥ ബബിയ 2022 ഒക്ടോബർ 9നാണ് ചത്തത്. പകരം മറ്റൊരു മുതല എത്തുമെന്ന് പ്രശ്ന ചിന്തയിൽ കണ്ടെത്തിയിരുന്നു. കാസർകോട് മഞ്ചേശ്വരം അനന്തപുരം മഹാവിഷ്ണു ക്ഷേത്രം കേരളത്തിലെ ഏക തടാകക്ഷേത്രം എന്ന് നിലയിൽ പ്രസിദ്ധമാണ്. തിരുവനന്തപുരം പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയിലും അനന്തപുരം ക്ഷേത്രം പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ മുഖ്യആകർഷണമായിരുന്നു തടാകത്തിൽ വസിച്ചിരുന്ന ബബിയ എന്ന മുതല. പൂജാരി വിളിച്ചാൽ വെള്ളത്തിൽ നിന്ന് പൊങ്ങിവന്ന് നിവേദ്യച്ചോർ കഴിക്കുന്ന ശുദ്ധ വെജിറ്റേറിയൻ മുതലയായിരുന്നു ബബിയ. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബബിയ മുതല ജീവൻ വെടിഞ്ഞു. ബബിയ മുതലയുടെ വിയോഗം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോഴാണ് മറ്റൊരു മുതല തടാകത്തിൽ എത്തിയത്.. ബബിയയ്ക്കു മുമ്പുണ്ടായിരുന്ന മുതലയെ 1945ൽ ബ്രിട്ടിഷ് സൈന്യം വെടിവച്ചു കൊന്നതായാണ് പറയപ്പെടുന്നത്.