
ബാര്‍ബഡോസ്: ഐസിസി ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അഫ്ഗാനിസ്ഥാന്‍ - വെസ്റ്റിന്‍ഡീസ് പോരാട്ടത്തോടെ അവസാനിക്കും. ഇനി സൂപ്പര്‍ എട്ട് മത്സരങ്ങളാണ് വരാനിരിക്കുന്നത്. ജൂണ്‍ 20ന് അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് സൂപ്പര്‍ എട്ടില്‍ പരസ്പരം മത്സരിക്കുന്നത്. ഇതില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സെമിയിലേക്ക് മുന്നേറും. ഇന്ത്യയെ സംബന്ധിച്ച് താരതമേന്യ എളുപ്പമാണ് കാര്യങ്ങള്‍.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവരാണ് ഇന്ത്യ ഉള്‍പ്പെടുന്ന ഒന്നാം ഗ്രൂപ്പില്‍ ഉള്ളത്. ഇതില്‍ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തന്നെ സെമിയിലേക്ക് മുന്നേറും. എന്നാല്‍ വെസ്റ്റിന്‍ഡീസിലെ വേഗം കുറഞ്ഞ പിച്ചുകളില്‍ ശക്തമായ സ്പിന്‍ നിരയുള്ള അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനേയും എഴുതിത്തള്ളാന്‍ ഇന്ത്യയോ ഓസ്‌ട്രേലിയയോ തയ്യാറാകില്ല. നാലില്‍ നാലും ജയിച്ചാണ് ഓസീസ് അവസാന എട്ടില്‍ ഇടം പിടിച്ചത്. കാനഡയ്‌ക്കെതിരെ അവസാന മത്സരം മഴയില്‍ ഉപേക്ഷിച്ചതൊഴിച്ചാല്‍ മറ്റെല്ലാ മത്സരങ്ങളും ഇന്ത്യയും വിജയിച്ചു.
ജൂണ്‍ 20ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം. 22ന് ബംഗ്ലാദേശിനേയും 24ന് ഓസ്‌ട്രേലിയയേയും ഇന്ത്യ നേരിടും. സൂപ്പര്‍ എട്ടിലെ രണ്ടാം ഗ്രൂപ്പില്‍ ശക്തരായ ദക്ഷിണാഫ്രിക്ക, നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്, ആതിഥേയരായ വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്ക് പുറമേ യുഎസ്എയും ആണ് ഉള്‍പ്പെട്ടിരിക്കുന്നത്. ശക്തരായ പാകിസ്ഥാനെ തോല്‍പ്പിച്ചതോടെയാണ് യുഎസ്എ യോഗ്യത നേടിയത്. ഏതൊരു ടീമിനേയും അട്ടിമറിക്കാന്‍ കഴിയുമെന്ന് തെളിയിച്ചാണ് അവര്‍ എത്തിയിരിക്കുന്നതും.
ഇന്ത്യയെ സംബന്ധിച്ച് ഇതുവരെയുള്ള തങ്ങളുടെ മത്സരങ്ങള്‍ എല്ലാം തന്നെ കളിച്ചത് യുഎസ്എയിലാണ്. ഇനിയുള്ള മത്സരങ്ങളാകട്ടെ എല്ലാം വെസ്റ്റിന്‍ഡീസിലും. ഈ മാറ്റത്തോട് പൊരുത്തപ്പെടുകയെന്നതാണ് ഒന്നാമത്തെ വെല്ലുവിളി. അവസാനമായി വെസ്റ്റിന്‍ഡീസില്‍ ഒരു ട്വന്റി 20 പരമ്പര കളിച്ചപ്പോള്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു. സീനിയര്‍ താരങ്ങള്‍ വിട്ടുനിന്ന പരമ്പരയായിരുന്നു അത്.