railway

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയ്ക്ക് വരുമാനത്തില്‍ നല്ലൊരു പങ്കും നല്‍കുന്നത് കേരളമാണ്. എന്നാല്‍ കേരളത്തിന്റെ ചെറിയ പ്രശ്‌നങ്ങളോട് പോലും മുഖം തിരിക്കുന്ന പരിപാടിയാണ് റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളത്തിലെ യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ആവശ്യത്തിന് ട്രെയിനുകളിലില്ലെന്നത്. ഒരുമിച്ച് കുറേ അധികം ട്രെയിനുകള്‍ പിന്നീട് മണിക്കൂറുകളോളം ഒരണ്ണം പോലുമില്ലെന്നതാണ് യാത്രാക്ലേശം രൂക്ഷമാക്കുന്നത്.

അന്യജില്ലകളിലേക്ക് ജോലിക്ക് പോകുന്നവരെയാണ് ഈ പ്രശ്‌നം വളരെയധികം ബാധിക്കുന്നത്. ചെറിയ ദൂരങ്ങളിലെ യാത്രയ്ക്ക് മെമു ട്രെയിന്‍ ആണ് പരിഹാരം. കേരളത്തില്‍ ആകെയുള്ളത് വെറും 12 മെമു സര്‍വീസുകളാണ്. അതില്‍ തന്നെ യാത്രക്കാര്‍ കൂടുതലുള്ള മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍ മുതല്‍ കണ്ണൂര്‍ വരെ സര്‍വീസ് നടത്തുത് ഒരു മെമു മാത്രം. കണ്ണൂര്‍ മുതല്‍ മംഗളൂരു വരെയുള്ള 132 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു മെമു പോലുമില്ലതാനും. അതുകൊണ്ട് തന്നെ കാസര്‍കോഡ് നിന്ന് കോഴിക്കോടെത്തി ജോലി ചെയ്യുന്നവര്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടാണ്.

ഈ യാത്രാ പ്രശ്‌നങ്ങള്‍ തന്നെയാണ് കേരളത്തിലും ട്രെയിനിന് ഉള്ളില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ശനിയാഴ്ചയാണ് നേത്രാവതി എക്‌സ്പ്രസില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ജനറല്‍ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റുകളില്‍ വ്യാപകമായി പ്രവേശിച്ചതോടെയാണ് പ്രശ്‌നമുണ്ടായത്. റിസര്‍വ് കോച്ചിലെ യാത്രക്കാര്‍ റെയില്‍ മദദ് ആപ്പില്‍ 25 പരാതികളാണ് അയച്ചത്.

വണ്ടി ഷൊര്‍ണൂര്‍ എത്തിയപ്പോഴാണ് വന്‍തിരക്ക് അനുഭവപ്പെട്ടതും റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ ഇത്രയും പരാതി അയച്ചതും. സാധാരണ ടിക്കറ്റെടുത്തവര്‍ റിസര്‍വേഷന്‍ കോച്ചില്‍ കയറുന്നുവെന്നതാണ് പരാതി. ഇതേ തുടര്‍ന്ന് ഇനിമുതല്‍ ഷൊര്‍ണൂരില്‍ വണ്ടി പരിശോധിക്കാന്‍ ആര്‍.പി.എഫിന് നിര്‍ദേശം നല്‍കി. റിസര്‍വ്ഡ് കോച്ചില്‍നിന്ന് മുഴുവന്‍ ജനറല്‍ ടിക്കറ്റുകാരെയും പുറത്താക്കാനാണ് നിര്‍ദേശം. കോഴിക്കോട് ആര്‍.പി.എഫും യാത്രക്കാരും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കോളം കാര്യങ്ങളെത്തി.

നേത്രാവതി എക്സ്പ്രസാണ് വൈകുന്നേരം മംഗളൂരു ഭാഗത്തേക്കുള്ള അവസാന വണ്ടി. വൈകുന്നേരം 5.15-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടും. 6.40-ന് കണ്ണൂരില്‍ എത്തും. ഇതുകഴിഞ്ഞാല്‍ കാസര്‍കോട് ഭാഗത്തേക്ക് പോകാന്‍ പോകാന്‍ പുലര്‍ച്ചെ രണ്ടരയ്ക്ക് വരുന്ന ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനായി എട്ടുമണിക്കൂര്‍ കണ്ണൂര്‍ സ്റ്റേഷനില്‍ ഇരിക്കണം. നേത്രാവതി എക്സ്പ്രസില്‍ രണ്ട് ജനറല്‍ കോച്ചാണുള്ളത്. അതില്‍ പകുതി കോച്ച് തപാലിന് വിട്ടുകൊടുത്തു. ഇതോടെ ജനറല്‍ യാത്രക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.

കേരളത്തിലെ സാഹചര്യം നോക്കിയാല്‍ ജനറല്‍ കംപാര്‍ട്‌മെന്റില്‍ യാത്ര ചെയ്യുന്നവര്‍ പോലും പണം മുടക്കി ടിക്കറ്റ് എടുത്താണ് യാത്ര ചെയ്യുന്നത്. യാത്രാ പ്രതിസന്ധിയുള്ല റൂട്ടുകളില്‍ മെമു സര്‍വീസ് ആരംഭിച്ചാല്‍ അത് വലിയ വരുമാനമാര്‍ഗമാകുകയും ഒപ്പം യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഇതിന് റെയില്‍വേ തയ്യാറാകുന്നില്ലെന്നതാണ് പ്രശ്‌നം.