
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിന് സ്ഥലമേറ്റെടുത്ത് നല്‍കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. റണ്‍വേയുടെ സ്ട്രിപ്പ് 150 മീറ്റര്‍ വീതി കൂട്ടി വികസിപ്പിക്കുന്നതിന് 12 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്ത് നല്‍കാനൊരുങ്ങുന്നത്. സുരക്ഷിതമായ വിമാന ലാന്‍ഡിംഗ് ഉറപ്പ് വരുത്തുന്നതിന് റണ്‍വേയുടെ ഇരുവശത്തേയും സ്ട്രിപ്പ് 150 മീറ്റര്‍ വികസിപ്പിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശിച്ചിരുന്നു.
ഡിജിസിഎ നിര്‍ദേശം അനുസരിച്ച് 12 ഏക്കറോളം സ്ഥലം ഏറ്റെടുത്തില്ലെങ്കില്‍ അത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിനടുത്ത് 12 ഏക്കര്‍ സ്ഥലമാണ് റണ്‍വേ വികസനത്തിനായി ഏറ്റെടുക്കേണ്ടത്. ഇതില്‍ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് 10.5 ഏക്കറും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബ്രഹ്മോസിന്റെ ഒന്നര ഏക്കര്‍ സ്ഥലവും ഉള്‍പ്പെടുന്നു. പുറത്ത് നിന്ന് സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്നതിനാല്‍ തന്നെ സര്‍ക്കാര്‍ മാത്രം തീരുമാനിച്ചാല്‍ സ്ഥലം വിട്ടുകൊടുക്കല്‍ എളുപ്പത്തില്‍ നടക്കും.
റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് നിരവധി തവണ വിമാനത്താവള അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് അയച്ചെങ്കിലും മറുപടിയുണ്ടായില്ല. ഇതോടെയാണ് വിഷയത്തില്‍ ഡിജിസിഎ ഇടപെട്ടത്. സ്ഥലം എത്രയും വേഗം ഏറ്റെടുത്ത് കൈമാറണമെന്ന അന്ത്യശാസനമാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികളിലേക്ക് കടന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കായിരിക്കും സര്‍ക്കാര്‍ സ്ഥലം കൈമാറുക. ചാക്ക-ശംഖുംമുഖം റോഡിന്റെ ഒരുഭാഗമാണ് വികസനത്തിനായി ഏറ്റെടുക്കേണ്ടത്. ഇവിടെ പുതിയ പാതയും നിര്‍മിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ നല്‍കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരവും പുതിയ റോഡ് നിര്‍മിക്കാനുള്ള തുകയും വിമാനത്താവള നടത്തിപ്പുചുമതലയുള്ള അദാനി ഗ്രൂപ്പ് ആണ് വഹിക്കുക. റണ്‍വേകളുടെ ഇരുവശത്തെയും സ്ട്രിപ്പ് 150 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കണമെന്നാണ് മാനദണ്ഡം. വലിയ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള അനുമതി ലഭ്യമാകണമെങ്കിലും ഈ മാനദണ്ഡം പാലിക്കണം. 90 മീറ്ററായിരുന്നു നേരത്തെ വീതിയുണ്ടായിരുന്നത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത ശേഷം അദാനി ഗ്രൂപ്പ് 110 മീറ്ററാക്കി വികസിപ്പിച്ചിരുന്നു.