chottanikkara-temple

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഇന്ന് രാവിലെ അഗ്നിബാധയുണ്ടായി. ഉടനെ തന്നെ അണയ്ക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അവധിദിനമായതിനാൽ ക്ഷേത്രത്തിൽ പതിവിലധികം തിരക്കുണ്ടായിരുന്നു.

രാവിലെ ആറരയോടെ മേൽക്കാവിലെ ശ്രീകോവിലിനോട് ചേർന്ന തിടപ്പള്ളിയിൽ പന്തീരടി പൂജയ്ക്ക് നിവേദ്യം ഒരുക്കുമ്പോഴാണ് അടുപ്പിൽ നിന്നുള്ള തീ ആളിക്കത്തി മേൽക്കൂരയിലേക്ക് പടർന്നത്. മേൽക്കൂരയ്ക്ക് നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ പരിഹാരക്രിയകൾ നടത്താനും സാദ്ധ്യതയുണ്ട്.

ഭഗവതിക്ക് അർപ്പിക്കുന്ന നിവേദ്യങ്ങൾ പാകം ചെയ്യുന്ന ശ്രീകോവിലിന് സമാനമായ പ്രാധാന്യമുള്ള തിടപ്പള്ളിയിലേക്ക് ശാന്തിക്കാർക്കും കഴക്കാർക്കും മാത്രമേ പ്രവേശനമുള്ളൂ. മേൽക്കൂരയിൽ വലിയ തോതിലുള്ള മാറാലയ്ക്ക് തീപിടിച്ചതാണ് പ്രശ്നമായതെന്നെന്നാണ് സൂചന. വിറകുകൊണ്ടാണ് ഇവിടെ പാചകം. തീയും പുകയും പടർന്നപ്പോൾ ജീവനക്കാരും ഭക്തരും ചേർന്ന് വെള്ളം കോരിയൊഴിച്ചും പമ്പു ചെയ്തുമാണ് പത്ത് മിനിറ്റിനകം തീ അണച്ചത്.

പന്തീരടി പൂജയായതിനാൽ കുറച്ചു ഭക്തർ മാത്രമേ നാലമ്പലത്തിന് അകത്തുണ്ടായിരുന്നുള്ളൂ. തീപിടുത്തതെ തുടർന്ന് കുറച്ചുനേരം ദർശനം നിറുത്തിവച്ചു. നിവേദ്യം വീണ്ടും തയ്യാറാക്കി അർപ്പിച്ച ശേഷം ഒരു വശത്തുകൂടി മാത്രമാണ് ദർശനം അനുവദിച്ചത്. തന്ത്രി സ്ഥലത്തെത്തി പുണ്യാഹം നടത്തിയ ശേഷം ഉച്ചയോടെയാണ് നട വീണ്ടും തുറന്ന് നിയന്ത്രണങ്ങൾ മാറ്റിയത്.