crime

തൃശൂര്‍: തൃശൂരില്‍ രണ്ട് വീടുകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോട് പുത്തന്‍പള്ളിക്ക് സമീപം കളറാട്ട് മേഖലയിലാണ് മോഷണം നടന്നത്. കായിപ്പറമ്പ് സ്വദേശി ഗിരീഷിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്തേക്ക് കടന്നാണ് മോഷണം നടത്തിയത്.

അകത്തേക്ക് കയറിയ ശേഷം വീടിന്റെ ഹാളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗിരീഷിന്റെ പേരക്കുട്ടിയുടെ മാലയും രണ്ട് വളകളും കവരുകയായിരുന്നു. മൊത്തം രണ്ട് പവന്‍ സ്വര്‍ണം വീട്ടില്‍ നിന്ന് കള്ളന്‍ കൊണ്ടുപോയതായി വീട്ടുകാര്‍ പറയുന്നു.

വീടിനുള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ കള്ളന്‍ മൊബൈലിന്റെ ഫ്‌ളാഷ് ലൈറ്റ് ഓണാക്കിയിരുന്നു. ഇതിന്റെ വെളിച്ചം കണ്ട് വീട്ടുകാര്‍ ഉണര്‍ന്നുവെങ്കിലും കള്ളനെ പിടികൂടാന്‍ കഴിഞ്ഞില്ല. മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

സമീപത്ത് തന്നെ മറ്റൊരു വീട്ടിലെ ചന്ദ്രമതിയെന്ന സ്ത്രീയുടെ ഒന്നേകാല്‍ പവന്‍ തൂക്കമുള്ള മാലയും മോഷ്ടാവ് കൊണ്ടുപോയി. ഇവിടെയും അടുക്കള വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കഴുത്തിലുണ്ടായിരുന്ന മാല വലിച്ചു പൊട്ടിക്കുന്നതിനിടെ ചന്ദ്രമതി ഉണര്‍ന്ന് ബഹളം വെച്ചുവെങ്കിലും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

ഈ പ്രദേശത്ത് തന്നെ അയ്യാരില്‍ മുഹമ്മദലിയുടെ വീട്ടില്‍ വാതില്‍ കുത്തിതുറന്ന് മോഷണശ്രമം നടത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷണവും മോഷണശ്രമവും നടന്നത്. സംഭവത്തെ തുടര്‍ന്ന്‌ വീട്ടുകാര്‍ സമര്‍പ്പിച്ച പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.