vehicle

കേരളത്തിലെ സാമൂഹിക അന്തരീക്ഷം അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. ക്രിമിനലുകളുടെ വിഹാര ഭൂമി ആയി നമ്മുടെ നാട് പതുക്കെ പതുക്കെ മാറുന്നത് കണ്ടില്ല എന്ന് നടിക്കുക മാത്രമല്ല ഇവിടെത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ ചെയ്യുന്നത്; അത്തരം ആളുകൾക്കും സംഘങ്ങൾക്കും കുട പിടിക്കുക കൂടി ആണ്.

കേരളത്തിൽ ഈയിടെ ആയി വർദ്ധിച്ചു വരുന്ന ഒരു അശുഭകരമായ പ്രവണത ആണ് റോഡ് റേജ്‌ അഥവാ റോഡിലെ രോഷം !! സർവ്വ സീമകളും ലംഘിച്ചാണ് കേരളത്തിലെ ട്രാഫിക്ക് സംസ്ക്കാരത്തിന്റെ പോക്ക്. ഇടത് വശത്തു കൂടി ഓവർടേക്കിംഗും മൂന്ന് പേര് ബൈക്കിൽ പോവുന്നതും ഒക്കെ ഇപ്പോ നാട്ടുനടപ്പായി കഴിഞ്ഞു. എന്തെങ്കിലും ഒരു അപകടം സംഭവിച്ചാൽ വളരെ ആക്രമണസ്വഭാവത്തോട് കൂടി പെരുമാറി ഭയപ്പെടുത്തി ഉത്തരവാദിത്വത്തിൽ നിന്നും തലയൂരുന്നത് ആണ് ഇവിടെത്തെ രീതി. വളരെ സംസ്കാര രഹിതമായ ഭാഷയും പെരുമാറ്റവും കൊണ്ട് പരാതി ഇല്ലാ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കും. ചില തീർത്തും നിർഭാഗ്യകരമായ സംഭവങ്ങളിൽ ആളുകളെ ആക്രമിക്കുന്ന അവസ്ഥയും ജീവഹാനിക്കുള്ള സാഹചര്യവും ഒക്കെ ഉണ്ടാവുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ കൈ വിട്ടു പോവുന്നു.

ഡാഷ് ക്യാം മുതലായ ആത്മസുരക്ഷാ ഉപകരണങ്ങൾ ഒക്കെ എല്ലാവരും വാങ്ങേണ്ടി വരുന്ന അവസ്ഥ ദുർബലവും നിഷ്പ്രഭവും ആയ നിയമവ്യവസ്ഥിതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഒരു അപകടം ഉണ്ടായാൽ തല്ലിയും തെറി പറഞ്ഞും ഭീഷണിപെടുത്തിയും ഒത്തുതീർപ്പ് ഉണ്ടാക്കുന്നത് നമ്മുടെ രാജ്യത്ത് മാത്രമായിരിക്കും. മറ്റു രാജ്യങ്ങൾക്ക് ഒക്കെ വളരെ കൃത്യമായ ഒരു രീതി ഉണ്ട്. നമ്മുടെ നാട്ടിൽ അടിയന്തരമായി ഒരു റോഡ് അപകട പ്രോട്ടോക്കോൾ വേണം, ഇനി അത്തരം ഒന്ന് ഉണ്ടെങ്കിൽ അത് ആളുകളെ കൂടി അറിയിക്കണം !! പ്രധാന നിർദേശങ്ങൾ ഇവയാണ്

1. എ ഐ ക്യാമറ മോശം കാര്യമല്ല, ശരിയ്ക്കും എ ഐ ആണെങ്കിൽ !!

ക്യാമറകൾ എല്ലാ പ്രധാന റോഡിലും വരട്ടെ. അതിലൂടെ സഞ്ചരിക്കുന്ന വണ്ടികൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഉണ്ടോ എന്ന് റാൻഡം സാംപ്ലിംഗ് വഴി പരിശോധിക്കട്ടെ !! ഇല്ലാത്തവർക്ക് നോട്ടീസ് അയക്കട്ടെ, ഒരു നിശ്ചിത കാലത്തിനുള്ളിൽ ഇൻഷുറൻസ് പുതുക്കാത്തവരെ പിടികൂടി നിയമ നടപടിക്ക് വിധേയം ആക്കട്ടെ. റോഡിൽ മാത്രമല്ല എ ഐ ക്യാമറ വേണ്ടത്. മാളുകളിലും ടൂറിസം കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും ഒക്കെ വണ്ടികൾ നീരീക്ഷിക്കപ്പെടട്ടെ, നടപടികൾ സംഭവിക്കട്ടെ. ഇൻഷുറൻസ് ഇല്ലാത്ത വണ്ടികൾ റോഡിൽ ഉണ്ടാവരുത്.

2. ഒരു അപകടം ഉണ്ടായാൽ, പാലിക്കേണ്ട നടപടികൾ എന്തൊക്കെ?? അതിനൊരു മാർഗ്ഗരേഖ വേണം.

3. ചെറിയ അപകടങ്ങളിൽ നമുക്ക് പരസ്പരം ഇൻഷുറൻസ് കാർഡുകൾ കൈമാറാൻ ഉള്ള വ്യവസ്ഥ വേണം.

4. രണ്ടു കൂട്ടരും അപകടത്തിന്റെ പടം എടുത്ത് അപ്ലോഡ് ചെയ്യാൻ വേണ്ട പോർട്ടൽ വേണം. അവിടെ എ ഐ വേണം. അപകടം നടന്ന സ്ഥലത്തിനടുത്ത ക്യാമറകൾ പരിശോധിക്കാനും, പടങ്ങൾ പരിശോധിച്ച് നിഗമനങ്ങളിൽ എത്താനും വേണ്ട സാങ്കേതിക വിദ്യയും ഇൻഫ്രയും നിയമം മൂലം അനുശാസിക്കണം. ഇപ്പോ ആറ്‌ എയർ ബാഗ് നിയമം ആവുന്നത് പോലെ തന്നെ

5. വിളിച്ചാൽ പെട്ടന്ന് എത്തുന്ന റോഡ് സൈഡ് അസ്സിസ്റ്റൻസ് വേണം. സഞ്ചരിക്കുന്ന കോടതി അല്ല, സഹായം ആണ് വേണ്ടത്. ഇരു കൂട്ടരെയും രമ്യമായി സംസാരിച്ച്, ആവശ്യമായ വിവരങ്ങൾ ശേഖരിച്ച്, സമാധാനമായി കൈകാര്യം ചെയ്യുന്ന സംവിധാനം ആണ് വേണ്ടത്.

6. എന്തെങ്കിലും നിയമ ലംഘനം ഉണ്ടെങ്കിൽ (മദ്യം, മയക്ക് മരുന്ന്, മൊബൈൽ) അതാത് നിയമം അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോവട്ടെ.

7. നമ്മൾ ഇൻഷുറൻസ് എടുക്കുന്നത് ആവശ്യമായ സംരക്ഷണം ആവശ്യമുള്ളപ്പോൾ ലഭിക്കാൻ ആണ്. അത് ലഭിക്കുന്നു എന്ന് ഉറപ്പ് വന്നാൽ, ആളുകൾ പിന്നെ എന്തിനു റോഡിൽ ബലാബലത്തിനു മുതിരണം??

8. ക്ലെയിം പ്രോസസ്സിംഗ് കാര്യക്ഷമമായി നടന്നാൽ തന്നെ ആളുകളുടെ സമ്മർദ്ദം കുറയും.

9. അപകടം സംഭവിക്കുന്നത് ചിലപ്പോൾ ആരുടെയും കരുതിക്കൂട്ടിയുള്ള തെറ്റു കൊണ്ടല്ല. മനഃപൂർവം അല്ലാതെ തെറ്റിനു ഒരു പക്ഷെ പിഴയോ കൂടിയ ഇൻഷുറൻസ് പ്രീമിയമോ ഒക്കെ കൊടുക്കേണ്ടി വരും. അത് നമ്മുടെ ഉത്തരവാദിത്തം ആണ്. അതിൽ നിന്നും തെറി വിളി കൊണ്ടോ, കൈയൂക്ക് കൊണ്ടോ ഒഴിവായി മിടുക്കന്മാർ ആവുന്നവരെ അതിനു അനുവദിക്കുന്നത് നിയമ വാഴ്ചയുടെ പരാജയം ആണ്.

10. സാങ്കേതിക വിദ്യ കൊണ്ട് ഒട്ടനവധി പ്രശ്നങ്ങൾ കാര്യക്ഷമമായി പരിഹാരം സാധിക്കും. ജനപ്രതിനിധികൾ ഇത്തരം വർത്തമാനങ്ങൾക്ക് തയ്യാറാണെങ്കിൽ സ്വന്തം ചിലവിൽ ചായ വരെ വാങ്ങി തന്നു നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറാണ്. ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാണ്. പരസ്പര ബഹുമാനത്തോടെ എങ്കിൽ മാത്രം. ഒരു ജനപ്രതിനിധിയും രാജാവല്ല, പ്രതിനിധി മാത്രമാണ്

(അഭിപ്രായം വ്യക്തിപരം)