
മൊബെെൽ ഫോൺ മറന്നുവെക്കുന്നതും നഷ്‌ടമാകുന്നതും വളരെ പ്രയാസമുള്ള കാര്യമാണ്. ചിലപ്പോൾ വീട്ടിൽ തന്നെ പല സ്ഥലത്തും നാം ഫോൺ മറന്നുവയ്ക്കാറുണ്ട്. പിന്നെ അത് കണ്ടെത്താൻ വളരെ പാടാണ്. അപ്പോൾ പിന്നെ ഫോൺ സൈലന്റിൽ കൂടെയാണെങ്കിൽ പറയാനുണ്ടോ?
മൊബെെൽ ഫോണിനുള്ളിൽ ചിത്രങ്ങൾ, ബാങ്ക് വിവരങ്ങൾ, വ്യക്തിഗത വിവരങ്ങൾ എന്നിവയും ഉണ്ടായിരിക്കും. അതിനാൽ ഫോൺ എപ്പോഴും വളരെ സൂക്ഷിച്ച് വേണം കെെവശം വയ്ക്കാൻ. മറ്റുള്ളവർ മൊബെെൽ ഫോൺ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാൽ ചില സമയങ്ങളിൽ മെബെെൽ ഫോൺ നഷ്ടമാകാറുണ്ട്. നിങ്ങൾ ഒരു ആൻഡ്രോയ്‌ഡ് ഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ വളരെ എളുപ്പത്തിൽ ഇത് കണ്ടെത്താം. അത് എങ്ങനെയെന്ന് നോക്കാം.
ഒട്ടുമിക്ക ആൻഡ്രോയ്ഡ് ഫോണുകളിലും ഒരു ഇൻബിൾട്ട് ഫീച്ചർ അടങ്ങിയിട്ടുണ്ട്. 'ഫൈന്‍ഡ് മൈ ഡിവൈസ്' (Find My Device) എന്നാണ് ഇതിന്റെ പേര്. ഈ ഫീച്ചർ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണിന്റെ ലൊക്കേഷൻ കണ്ടെത്താനാകും. ലൊക്കേഷൻ മാത്രമല്ല നഷ്ടമായ ഫോൺ ലോക്ക് ചെയ്യാനും ഡാറ്റകൾ നീക്കം ചെയ്യാനും റിംഗ് കേൾപ്പിക്കാനും കഴിയും .
എന്നാൽ ഇത് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ ഫോണിൽ ഫെെൻഡ് മെെ ഡിവെെസ് ഓപ്ഷൻ ഇനാബിൾ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണം. ലൊക്കേഷനും ഓണായിരിക്കണം. ഗൂഗിൾ പ്ലേ വിസിബിലിറ്റിയും ഇനാബിൾ ചെയ്തിട്ടുണ്ടാവണം. ഒരു ഗൂഗിൾ അക്കൗണ്ടുമായി ഫോൺ ബന്ധിപ്പിക്കുകയും ചെയ്തിരിക്കണം. എന്നാൽ മാത്രമേ 'ഫൈന്‍ഡ് മൈ ഡിവൈസ്' ഉപയോഗിച്ച് ഫോൺ കണ്ടെത്താൻ കഴിയും.
നഷ്ടമായ ആൻഡ്രോയ്ഡ് ഫോൺ കണ്ടെത്താൻ മറ്റൊരു ഫോണിലോ ലാപ്ടോപ്പിലോ നിന്ന് ഫെെൻഡ് മെെ ഡിവെെസ് എന്ന വെബ്സെെറ്റ് സന്ദർശിക്കുകയോ ഫെെൻഡ് മെെ ഡിവെെസ് ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം. നഷ്ടമായ ഫോണിലെ ഗൂഗിൾ അക്കൗണ്ട് വിവരങ്ങൾ വച്ച് ലോഗ്‌ഇൻ ചെയ്യുക. ഇതോടെ നിങ്ങളുടെ ഫോണിന്റെ അവസാനം രജിസ്റ്റർ ചെയ്യപ്പെട്ട ലൊക്കേഷൻ കാണാനാകും. പ്ലേ സൗണ്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ അഞ്ച് മിനിട്ട് നേരത്തേക്ക് ഫോൺ സൈലന്റ് മോഡിലാണെങ്കിൽ പോലും ഫുൾ ശബ്ദത്തിൽ റിംഗ് ചെയ്യാൻ തുടങ്ങും. കൂടാതെ ഫോൺ ലോക്ക് ചെയ്യാനും വിവരങ്ങൾ ഡിലീറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കുന്നു.