
ഒടുവിൽ സർപ്രൈസ് ന്യൂസ് പുറത്തുവിട്ട് അമലപോളും ഭർത്താവ് ജഗത് ദേശായിയും.
അമല പോൾ ആൺകുഞ്ഞിന് ജന്മം നൽകിയെന്ന വാർത്തയാണ് ജഗത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അതേസമയം പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നും ജഗത് പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ജൂൺ 11നായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞു പിറന്നിട്ട് ഒരാഴ്ചയായെങ്കിലും ആ സന്തോഷവാർത്ത സർപ്രൈസായി വയ്ക്കുകയായിരുന്നു അമലയും ജഗതും.കുഞ്ഞും അമ്മയും വീട്ടിലേക്കെത്തിയ മൂഹൂർത്തം കോർത്തിണക്കി തയ്യാറാക്കിയ വീഡിയോയാണ് ജഗത് പങ്കുവച്ചത് . കുഞ്ഞിന്റെ പേരും ജഗത് വെളിപ്പെടുത്തി. ഇളയ് (ILAI) എന്നാണ് കുഞ്ഞിനു പേരു നൽകിയിരിക്കുന്നത്.. കുഞ്ഞിനേയും കൊണ്ട് വീട്ടിലെത്തിയ അമലയ്ക്കായി വലിയ സർപ്രൈസ് തന്നെ ഒരുക്കിയിരുന്നു. സ്‌പെഷ്യൽ തീമിലുള്ള ഡെക്കറേഷനുകളും വീഡിയോയിൽ കാണാം.
നേരത്തെ നിറവയറുമായി നൃത്തം ചെയ്യുന്ന അമല പോളിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധനേടിയിരുന്നു. ടൈം ടു സിംഗ് ബേബി കം ഡൗൺ കം ഡൗൺ എന്നകുറിപ്പോടെയാണ് അമല പോൾ വീഡിയോ പങ്കുവച്ചത്. ഇതിനൊപ്പം പാട്ടുമുണ്ട്.
കഴിഞ്ഞ നവംബറിലായിരുന്നു അമലയുടെയും ജഗദ് ദേശായിയുടെയും വിവാഹം. ജനുവരിയിലാണ് താൻ ഗർഭിണിയാണെന്ന വിവരം അമല സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.അമ്മയാകുന്നതിന്റെ വിശേഷങ്ങൾ അമല ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആടുജീവിതം ആണ് അമല പോൾ നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജിന്റെ നായികയായി സൈനു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.