-priyanka-gandhi-

കൽപ്പറ്റ: ജൂൺ നാലിന് ഫലം പുറത്തുവന്നപ്പോൾ രാഹുൽ ഗാന്ധി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തിളക്കമാർന്ന ജയം. ഇതോടെ വയനാട് ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് ക്യാമ്പുകൾക്ക് ധാരണയുണ്ടായിരുന്നു. ഉത്തരേന്ത്യയിൽ കോൺഗ്രസ് നേടിയെടുത്ത വിജയത്തിന് രാഹുൽ റായ്ബറേലി നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് പാർട്ടിയിലെ അണികൾക്ക് പോലും അറിയാം. എന്നാൽ സസ്‌പെൻസുകൾ നിറച്ച് ഇന്നെലയാണ് രാഹുൽ വയനാട് ഒഴിയുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. ഇതോടൊപ്പം സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി തനിക്ക് പകരക്കാരിയായി വയനാട്ടിൽ ഉണ്ടാവുമെന്ന് രാഹുൽ പ്രഖ്യാപിച്ചു.

2024 ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾക്കിടെ താൻ മത്സരരംഗത്തുണ്ടാവില്ലെന്ന് പ്രിയങ്ക പറയാതെ പറഞ്ഞിരുന്നു. ഇനി മത്സരിക്കുന്നുണ്ടെങ്കിൽ കുടുംബവുമായി ഏറ്റവും അടുത്ത അമേത്തിയിലായിരിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് പ്രിയങ്കയുടെ ചുരം കയറിയുള്ള വരവ് വയനാട് മാത്രം പിടിക്കാനാണോ? കോൺഗ്രസ് ഏത് സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാലും വിജയം ഉറപ്പാക്കുന്ന വയനാട്ടിൽ എന്തുകൊണ്ട് പ്രിയങ്ക?

2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ അമേത്തിയിൽ സ്മൃതി ഇറാനിക്കെതിരെ മത്സരിക്കാൻ പ്രിയങ്ക ഇറങ്ങിയേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പ്രിയങ്ക മത്സരിച്ചാൽ 'കുടുംബ രാഷ്ട്രീയം' തിരഞ്ഞെടുപ്പിൽ ബിജെപി ആയുധമാക്കുമെന്ന് നേതൃത്വത്തിന് വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്നു. 2019 മുതലേ പ്രിയങ്കയുടെ പേര് മത്സരരംഗത്ത് സജീവമായിരുന്നു. എന്നാൽ പാർട്ടി നേതൃത്വത്തിൽ മാത്രം സജീവമായ പ്രിയങ്ക ആദ്യ മത്സരം ഇപ്പോൾ വയനാട്ടിൽ കുറിക്കാൻ തീരുമാനിക്കുകയായിരുന്നു.

വയനാട് ലോക്‌സഭാ മണ്ഡലം കോൺഗ്രസിന് സുരക്ഷിതമായ സീറ്റാണ്. 2009 ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസാണ് മണ്ഡലത്തിൽ വിജയിച്ചത്. ഒരു പക്ഷേ, ഈ തിരഞ്ഞെടുപ്പിൽ ബിജെപി 300 കൂടുതൽ സീറ്റുകളുമായി അധികാരത്തിൽ എത്തിയിരുന്നെങ്കിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കാൽ ഒരു സാദ്ധ്യതയുമില്ലെന്നാണ് നേതാക്കൾ പറയുന്നത്. ബിജെപിയുടെ ആധിപത്യം കുറയുകയാണെന്നും പ്രിയങ്കയ്ക്ക് അരങ്ങേറ്റം കുറിക്കാൻ ഇതാണ് ഏറ്റവും മികച്ച സമയമെന്നും നേതാക്കൾ വിശ്വസിക്കുന്നു. ഇതോടെ ഗാന്ധി കുടുംബത്തിൽ നിന്നുള്ള നേതാക്കൾ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും പ്രതിനിധീകരിക്കുന്നു എന്ന മറ്റൊരു പ്രത്യേകതയുമുണ്ടാകും.

'സൗത്ത് സ്ട്രാറ്റജി' എന്ന നിലയിൽ കേരളം കോൺഗ്രസിന് ഏറ്റവും പ്രധാനപ്പെട്ടതാണ്. ആ പ്രാധാന്യമാണ് പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ പ്രതിഫലിപ്പിക്കുന്നത്. കർണാടകയിൽ ഗാന്ധി കുടുംബത്തിന് ഏറ്റവും അടുപ്പമുള്ള നേതാവെന്ന നിലയിൽ ഡികെ ശിവകുമാർ ഉണ്ട്. തമിഴ്നാട്ടിൽ നേരിട്ട് പ്രാതിനിധ്യമില്ല. അതുകൊണ്ട് തന്നെ വയനാട് ഗാന്ധി കുടുംബത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ്. ബിജെപിയുടെ വോട്ടുശതമാനം കൂടിവരുന്ന വേളയിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കോൺഗ്രസ് നേരിട്ട് കൈവെക്കുകയാണെന്ന് നേതൃത്വം പറയാൻ ശ്രമിക്കുന്നുവെന്നാണ് പ്രിയങ്കയുടെ നേരിട്ടുള്ള പ്രവേശനം അർത്ഥമാക്കുന്നത്.

രാഹുലിന് പകരം പ്രിയങ്കയെ മത്സരിപ്പിച്ചതിലൂടെ, തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കിയിട്ടും ദക്ഷിണേന്ത്യയെ കൈവിട്ടുവെന്ന വിമർശനവും ഗാന്ധി കുടുംബം ഒഴിവാക്കും. കൂടാതെ 2029 പൊതുതിരഞ്ഞെടുപ്പിൽ പ്രിയങ്കയെ മുന്നിൽ നിർത്തി ദക്ഷിണേന്ത്യയിൽ നേട്ടമുണ്ടാക്കാമെന്നും നേതൃത്വം കരുതുന്നു. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി തരംഗം അസ്തമിച്ചെന്നാണ് പ്രതിപക്ഷം പറയുന്നത്. കേന്ദ്രത്തിൽ കൂട്ടു കക്ഷി സർക്കാർ അധികാരത്തിലേറിയതോടെ ബിജെപി ശരിക്കും പ്രതിസന്ധിയിലുമാണ്. ഈ സമയത്ത് പ്രതിപക്ഷത്തിന്റെ ബെഞ്ചിൽ രാഹുലും പ്രിയങ്കയും ഒരുമിച്ചുണ്ടാകുന്നത് എൻഡിഎയ്ക്ക് പുതിയ തലവേദന സൃഷ്ടിക്കും.