
സേലം -കൊച്ചി ദേശീയപാതയിൽ കോയമ്പത്തൂരിനു സമീപംവച്ച് മലയാളി യാത്രക്കാരെ മുഖംമൂടി സംഘം കാർ തടഞ്ഞ് ആക്രമിച്ചത് വലിയ ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. ഗ്രാഫിക് ഡിസൈൻ സ്ഥാപനം തുടങ്ങുന്നതിന് കമ്പ്യൂട്ടറുകൾ വില കുറച്ച് വാങ്ങാനാണ് ബംഗളൂരുവിലേക്ക് പോയ സംഘത്തിനാണ് ദുരനുഭവം ഉണ്ടായത്. ഇതിൽ ഏറ്റവും ദൗർഭാഗ്യകരമായ കാര്യം എന്താണെന്ന് വച്ചാൽ, അക്രമികളെല്ലാം മലയാളികൾ ആയിരുന്നുവെന്നതും, അതിൽ ഒരാൾ സൈനികനാണ് എന്നതുമാണ്.
പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെയാണ് പാലക്കാട് നിന്ന് മധുക്കര പൊലീസ് പിടികൂടി അറസ്റ്റ് ചെയ്‌തത്. പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖ്, ചാൾസ് റജി, സുഹൃത്തുക്കളായ അക്ഷയ്, നിഥിൻ എന്നിവർ സഞ്ചരിച്ച കാറാണ് വെള്ളിയാഴ്ച പുലർച്ചെ കോയമ്പത്തൂർ മധുക്കര എൽ. ആൻഡ് ടി ബൈപ്പാസിൽ ആക്രമിച്ചത്.
അറസ്റ്റിലായ വിഷ്ണുവാണ് മദ്രാസ് റജിമെന്റിൽ സൈനികൻ. ജൂൺ നാലിന് അവധിക്ക് വന്നശേഷം തിരിച്ചുപോയിട്ടില്ലത്രേ. കുഴൽപ്പണം ഉണ്ടെന്നു കരുതിയാണ് ആക്രമിച്ചതെന്ന് കരുതുന്നു. അക്രമികൾ വന്ന രണ്ട് കാറുകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂന്ന് കാറുകളിലാണ് പതിനഞ്ചംഗ മുഖംമൂടി സംഘം എത്തിയത്. ഇവർ കാർ അടിച്ചുതകർക്കുന്നതിനിടെ വഴിതടഞ്ഞ കാറുകൾ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. ഡ്രൈവ് ചെയ്ത അസ്ളത്തിന്റെ മനഃസാന്നിദ്ധ്യമാണ് തുണയായത്.

നിരത്തുകൾ പേടി സ്വപ്‌നമാകുമ്പോൾ
ഇതാദ്യമായല്ല മലയാളികൾ അന്തർസംസ്ഥാന ദേശീയ പാതകളിൽ ആക്രമിക്കപ്പെടുന്നത്. ബംഗളൂരു അടക്കമുള്ള മെട്രോ നഗരറോഡുകളിൽ പോലും ഇത്തരം ആക്രണങ്ങൾ പരക്കെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ സർജാപുര–അത്തിബലെ റോഡിൽ ഐടി ജീവനക്കാരുടെ കാർ തടഞ്ഞ് ഒരു സംഘം പണം ആവശ്യപ്പെടുകയുണ്ടായി. ഐടി കമ്പനി സ്ഥാപകൻ ചരൺ പാൽ സിംഗിന്റെ കാറാണ് ബൈക്കുകളിലെത്തിയ 6 അംഗ സംഘം തടഞ്ഞത്. പുതുച്ചേരിയിൽ പുതുവർഷാഘോഷത്തിൽ പങ്കെടുത്ത ശേഷം സഹപ്രവർത്തകരുമായി മടങ്ങിവരുമ്പോഴാണ് സംഭവം. കാറിനു മുന്നിൽ ബൈക്ക് നിർത്തിയ ഇവർ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.
പുറത്തിറങ്ങാൻ വിസമ്മതിച്ച ചരൺ സിംഗ് കാറുമായി ഒരുവിധം രക്ഷപ്പെട്ട് സർജാപുര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ 4 പേർ അറസ്റ്റിലാവുകയായിരുന്നു. 2023 ജൂലായിലും ഇതേ സ്ഥലത്ത് മലയാളികൾക്ക് നേരെ ആക്രമണമുണ്ടായി.
സംഘം ലക്ഷ്യം വയ‌്ക്കുന്നത് കച്ചവടക്കാരെ
തസ്‌കര സംഘത്തിന്റെ ലക്ഷ്യം പലപ്പോഴും കച്ചവടക്കാരിലാണ്. ചരക്ക് വാങ്ങാനോ, വിൽക്കാനോ പോകുന്നവരെ കൊള്ളയടിച്ച് കൈയിലെ പണം തട്ടിയെടുക്കുന്നതാണ് അക്രമികളുടെ രീതി. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ചങ്ങനാശ്ശേരിയിൽ മത്സ്യമാർക്കറ്റിലേക്ക് പുലർച്ചെ പോയ വ്യാപാരികളെ തസ്‌കര സംഘം ആക്രമിക്കുകയുണ്ടായി. ചങ്ങനാശേരി ചന്തയിൽ നിന്നു മത്സ്യം എടുക്കാനായി വന്ന വ്യാപാരികളെ മതുമൂല, തെങ്ങണ, പെരുന്ന റെഡ് സ്ക്വയർ, കിടങ്ങറ എന്നീ ഭാഗങ്ങളിൽ വച്ചാണ് ബൈക്കുകളിൽ എത്തിയ യുവാക്കളുടെ സംഘം ആക്രമിക്കാൻ ശ്രമിച്ചത്.
പല ഭാഗങ്ങളിലായി ഒതുക്കി നിർത്തിയിട്ടുള്ള ബൈക്കുകളിൽ ഒരെണ്ണം പെട്ടെന്നു മുന്നോട്ടെടുത്തു റോഡിൽ വ്യാപാരികളുടെ വാഹനത്തിനു കുറുകെ ഇടുകയാണ് ഇവരുടെ രീതിയെന്ന് ആക്രമണത്തിനിരയായവർ പറയുന്നു. തുടർന്നു ബൈക്കിൽ നിന്ന് ഇറങ്ങി കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ പകച്ചു പോയ വ്യാപാരിയുടെ പക്കൽ ഉണ്ടായിരുന്ന 8000 രൂപയും സംഘം അപഹരിച്ചു. മറ്റു സംഭവങ്ങളിൽ കവർച്ച സംഘത്തെ വെട്ടിച്ചു വാഹനം മുൻപോട്ടെടുത്തു വ്യാപാരികൾ രക്ഷപ്പെടുകയായിരുന്നു.
''മാർക്കറ്റിൽ നിന്നു മത്സ്യം വാങ്ങാൻ പണവുമായിട്ടാണു വ്യാപാരികൾ വരുന്നതെന്ന കൃത്യമായ ധാരണ അക്രമികൾക്കുണ്ട്. പെട്ടെന്നു ബൈക്ക് മുൻപിലേക്കു നിർത്തി കത്തിയുമായി ഒരാൾ നേർക്കു വരുമ്പോൾ നിസ്സഹായരായിപ്പോകും. മുൻപ് പുലർച്ചെ സമയത്തു പൊലീസ് പട്രോളിംഗ് വാഹനം വഴിയിൽ ഉണ്ടാകുമായിരുന്നു. ഇതു ഞങ്ങൾക്കു ധൈര്യമായിരുന്നു. അടുത്തിടെ പൊലീസ് വാഹനം കാണാറില്ല. പട്രോളിംഗ് ശക്തമാക്കണം. ആശങ്ക പരിഹരിക്കണം''. -കവർച്ച സംഘം ആക്രമിക്കാൻ ശ്രമിച്ച മത്സ്യവ്യാപാരികളിൽ ഒരാൾ പറയുന്നു.
മുട്ടയെറിയൽ പഴയ സ്റ്റൈൽ, ഇപ്പോൾ ചതി മറ്റൊരു രൂപത്തിൽ
കര്‍ണാടകയിലെയും മറ്റും ദേശീയ പാതകളില്‍ വിന്‍ഡ്ഷീല്‍ഡില്‍ കോഴിമുട്ട എറിഞ്ഞ് വാഹനം തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തുന്ന സംഘങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ നിരവധി വായിച്ചിട്ടുണ്ട്. മാത്രമല്ല മദ്യലഹരിയില്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സംഭവങ്ങളും നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാഹനയാത്രക്കാരില്‍ ഇതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്‌ടിച്ചതോടെ പാതിരാക്കള്ളന്മാർ തന്ത്രം മാറ്റി. 2024 ജനുവരിയിൽ യൂട്യൂബറായ പ്രതീക് സിംഗാണ് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവച്ചത്.
റോഡ് സുരക്ഷ സംബന്ധിച്ചും വാഹനങ്ങളുടെ ബില്‍ഡ് ക്വാളിറ്റിയെ കുറിച്ചും നിരവധി വീഡിയോകള്‍ പ്രത്യക്ഷപ്പെടുന്ന യൂട്യൂബ് ചാനലാണ് പ്രതീക് സിംഗിന്റേത്. രാത്രയില്‍ ഒറ്റവരി പാതയലൂടെ സഞ്ചരിക്കുന്ന ഒരു കാര്‍ ആണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. നടുറോഡിലായി ഒരു അജ്ഞാതന്‍ കിടക്കുന്നുണ്ടായിരുന്നു.
അപ്പോള്‍ എതിര്‍ദിശയില്‍ നിന്ന് മറ്റൊരു കാര്‍ വന്നു. രണ്ട് കാറുകളുടെ ഡ്രൈവര്‍മാരും റോഡില്‍ ഒരാള്‍ കിടക്കുന്നത് കണ്ട് വണ്ടിയുടെ വേഗത കുറച്ചു. റോഡില്‍ കിടക്കുന്ന മനുഷ്യന് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വേണ്ടിയാണ് ഇരു ഡ്രൈവര്‍മാരും വേഗത കുറച്ചത്. എന്നാല്‍ റോഡില്‍ അബോധാവസ്ഥയിലെന്നവണ്ണം കിടന്ന മനുഷ്യന്‍ വണ്ടികള്‍ സ്ലോ ആക്കിയത് കണ്ടതോടെ മെല്ലെ എഴുന്നേല്‍ക്കുന്നതാണ് കാണാനാകുക.
ഓരോ ദിവസവും പുതിയ പുതിയ തട്ടിപ്പുകളെ കുറിച്ച് കേള്‍ക്കുന്നത് കൊണ്ടായിരിക്കാം രണ്ട് കാറുകളുടെ ഡ്രൈവര്‍മാര്‍ക്കും അപകടം മണത്തു. വണ്ടി നിര്‍ത്താതെ ഇരുവരും ഓടിച്ച് പോയി. ഇരുകാറുകളും നിര്‍ത്താതെ പോകുന്നത് കണ്ട അജ്ഞാത
വ്യക്തി എഴുന്നേറ്റ് വണ്ടി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോ കര്‍ണാടകയില്‍ നിന്നുള്ളതാണെന്നാണ് കരുതപ്പെടുന്നത്. കാറില്‍ ഡാഷ് ക്യാം ഘടിപ്പിച്ചതു കൊണ്ടാണ് അപൂര്‍വമായ ഈ തട്ടിപ്പ് രീതിയെ കുറിച്ച് പുറംലോകമറിഞ്ഞത്.

ഡാഷ് ക്യാം ഘടിപ്പിക്കാതെ നിവർത്തിയില്ല
കോയമ്പത്തൂരിൽ അടക്കം മലയാളികൾ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ കാറിൽ ഘടിപ്പിച്ചിരുന്ന ഡാഷ് ക്യാമറയിൽ പതിഞ്ഞതുകൊണ്ടാണ് സംഭവത്തിന്റെ ഭീകരത പുറംലോകം അറിഞ്ഞത്. അധികാരികളെയും പൊതുജനത്തേയും ഇത് കൂടുതൽ ജാഗരൂകരാക്കുന്നു. ഇത്തരം സാഹചര്യത്തില്‍ തെളിവായി ഡാഷ് ക്യാം ദൃശ്യങ്ങള്‍ സമര്‍പ്പിക്കാം. അതുകൊണ്ട് തന്നെ മോട്ടോര്‍ വാഹന വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും ഡാഷ് ക്യാം പ്രോത്സാഹിപ്പിക്കുന്നു.
നിരവധി കാറുകള്‍ ഇന്‍ബില്‍റ്റ് ഡാഷ് ക്യാമുമായി വരുന്നുണ്ട്. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇവ വാങ്ങാന്‍ സാധിക്കും. അത്തരത്തില്‍ ഒരെണ്ണം എത്രയും പെട്ടെന്ന് വാങ്ങി കാറിൽ ഫിറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ എന്തുകൊണ്ട് നല്ലതാണ്.