aliya

അതിസമ്പന്നരുടെ ജീവിതരീതിയെക്കുറിച്ചും അവരുടെ മക്കളെയും കുടുംബത്തെയും കുറിച്ചറിയാനും താത്പര്യമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. മുകേഷ് അംബാനി, അദാനി തുടങ്ങിയവരുടെ കുടുംബവുമായും സമ്പത്തുമായും ബന്ധപ്പെട്ട വാർത്തകൾ ചൂടപ്പം പോലെയാണ് ജങ്ങൾ സ്വീകരിക്കുന്നത്. അതിസമ്പന്നരിൽ ഒരാളും വിവാദ നായകനുമായ ലളിത് മോദിയുടെ മകളായ ആലിയ മോദിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. സൗന്ദര്യംകൊണ്ടും സമ്പത്തുകൊണ്ടും ഇവർ കീഴടക്കിയത് ആയിരങ്ങളുടെ മനസാണ്.

ആദ്യം ജോലി, പിന്നെ ബിസിനസ്

മികച്ച സംരംഭകനും ഐപിൽ ചെയർമാനുമൊക്കെയായിരുന്ന ലളിത് മോദി വിവാദങ്ങളിൽപ്പെട്ട് പിന്നിലേക്ക് മാറിയപ്പോൾ മക്കളായ ആലിയ മോദിയും രുചിർ മോദിയും ബിസിനസിലെ പുതിയ തലങ്ങൾ വെട്ടിപ്പിടിച്ച് മുന്നേറുകയാണ്. ഇരുവരും ഇന്ന് രാജ്യം ഉറ്റുനോക്കുന്ന ബിസിനസ് സ്റ്റാറുകളാണ്. ലളിത് മോദി- മിനാൽ മോദി ദമ്പതികളുടെ മകളായി 1993 ലാണ് ആലിയ ജനിച്ചത്. തൊട്ടടുത്ത വർഷം മകൻ രുചിരും ജനിച്ചു. അച്ഛനെയും മക്കളെയും തനിച്ചാക്കി 2018 ൽ മിനാൽ മോദി കാൻസർ ബാധിച്ച് മരിച്ചു.

aliya2

ബോസ്റ്റണിലും ലണ്ടനിലുമായിരുന്നു ആലിയുടെ വിദ്യാഭ്യാസം. ബോസ്റ്റണിലെ ബ്രാൻഡീസ് സർവകലാശാലയിൽ നിന്ന് ആർട്ട് ഹിസ്റ്ററിയിൽ ബിരുദം നേടി. ലണ്ടനിലെ പ്രശസ്തമായ ഇഞ്ച്ബാൾഡ് സ്കൂൾ ഓഫ് ഡിസൈനിൽ നിന്ന് ആർക്കിടെക്ചറൽ ഇന്റീരിയർ ഡിസൈനിംഗിൽ ബിരുദാനന്തര ബിരുദവും നേടി. സ്വന്തം ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന് രണ്ട് വർഷം മുമ്പ് അവർ ലണ്ടനിലും ഹോങ്കോങ്ങിലും ഡാര ഹുവാങ്ങിന്റെ അവന്റ് ഗാർഡ് ആർക്കിടെക്ചർ സ്ഥാപനമായ ഡിസൈൻ ഹൗസ് ലിബർട്ടിയിൽ ജോലിചെയ്തിരുന്നു.

പഠിച്ചതും പ്രാക്ടിക്കലും

പഠിച്ചുനേടിയ അറിവും ജോലിയിലൂടെ ലഭിച്ച പ്രാക്ടിക്കലായുള്ള അറിവും സ്വന്തം ബിസിനസിനെ വളർത്താൻ ആലിയയെ ചില്ലറയൊന്നുമല്ല സഹായിച്ചത്. ഇന്നവർ ഡിസൈൻ കൺസൾട്ടൻസി വാഗ്ദാനം ചെയ്യുന്ന ലണ്ടൻ ആസ്ഥാനമായുള്ള ഇന്റീരിയർ ഡിസൈൻ കമ്പനിയായ എഎംആർഎം ഇന്റർനാഷണൽ കൺസൾട്ടന്റ്സ് ലിമിറ്റഡിന്റെ സ്ഥാപകയും സിഇഒയുമാണ് . കമ്പനിയുടെ ഇന്നത്തെ വിപണിമൂല്യം ഒരുമില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടുകൾ. ആലിയ മോദിക്ക് 5 മില്യൺ യുഎസ് ഡോളറിലധികം ആസ്തിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ബ്രെറ്റ് കാൾസണാണ് ഭർത്താവ്. 2022 മേയിൽ ഇറ്റലിയിലെ വെനീസിൽ വച്ചായിരുന്നു വിവാഹം.

aliya1

സഹോദരൻ രുചിർ മോദി രാജ്യത്തെ പ്രായംകുറഞ്ഞ പ്രശസ്ത സംരംഭകരിൽ ഒരാളാണ്. നിരവധി ബിസിനസുകളിലാണ് രുചിർ കൈവച്ചിരിക്കുന്നത്. ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ്, മോദി എന്റർപ്രൈസസ്, കെകെ മോദി ഗ്രൂപ്പ്, മോഡികെയർ എന്നിവയുടെ ഡയറക്ടറാണ് രുചിർ മോദി. മോദി വെഞ്ച്വേഴ്സിന്റെ സ്ഥാപകനും സിഇഒയും കൂടിയാണ് അദ്ദേഹം. എല്ലാ സ്ഥാപനങ്ങളും ഒന്നിനൊന്ന് മെച്ചമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

2022 ജൂലായിലെ കണക്കനുസരിച്ച് ലളിത് മോദിയുടെ ആസ്തി ഏകദേശം 4,555 കോടി രൂപയാണ്. അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യമായ മോദി എന്റർപ്രൈസസിന്റെ മൂല്യം ഏകദശം 2.8 ബില്യൺ യുഎസ് ഡോളറാണ്. ‌അതായത് ഏകദേശം 23,450 കോടി രൂപ.