jds

തിരുവനന്തപുരം: ജനതാദൾ(എസ്) എന്ന പേര് ഉപേക്ഷിക്കാനും പുതിയ പാർട്ടി രൂപീകരിക്കാനും തീരുമാനിച്ച് ജെഡിഎസ് സംസ്ഥാന ഘടകം. ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷൻ മാത്യു.ടി തോമസ് എംഎൽഎയാണ് വിവരം അറിയിച്ചത്. പുതിയ പേര് രജിസ്‌‌റ്റർ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങൾ പരിശോധിച്ചാകും തീരുമാനം. എൽഡിഎഫിനൊപ്പമാകും പാർട്ടി നിൽക്കുകയെന്നും ദേശീയ ഘടകം ബിജെപി ബന്ധമുപേക്ഷിച്ചാൽ പാർട്ടിയിൽ ലയിക്കുമെന്നും മാത്യു ടി തോമസ് പ്രസ്‌താവിച്ചു. ആർജെഡിയിലേക്ക് ലയിക്കാൻ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

മൂന്നാം മോദി സർ‌ക്കാറിൽ കർണാടക മുൻ മുഖ്യമന്ത്രിയും ദേശീയ അദ്ധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമി മന്ത്രിയായതോടെയാണ് സംസ്ഥാന ഘടകത്തിന് നേരെ പ്രതിപക്ഷ പാർട്ടികളടക്കം രംഗത്തെത്തിയത്. ദേവഗൗഡയുമായുള്ള ബന്ധം ഉപേക്ഷിച്ചതായാണ് സംസ്ഥാന ഘടകം അറിയിച്ചിരുന്നത് എന്നാൽ നിലവിൽ ജെഡ‌ിഎസ് സംസ്ഥാന ഘടകം തന്നെയാണ് എൽ‌ഡി‌എഫിലുള്ളത്. ഇതിനെതിരെ മുന്നണിക്കുള്ളിൽ ആർജെഡി നേതാവ് എം.വി ശ്രേയാംസ് കുമാർ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ബിജെപി ബന്ധത്തിന്റെ പേരിൽ മുൻമന്ത്രിമാരും മുതിർന്ന നേതാക്കളുമായ എ.നീലലോഹിതദാസ്,​ സി.കെ നാണു എന്നിവർ പാർട്ടി വിട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയുണ്ടായാലോ എന്ന ആശങ്ക സംസ്ഥാന അദ്ധ്യക്ഷൻ മാത്യു.ടി തോമസിനും മന്ത്രി കെ.കൃഷ്‌ണൻകുട്ടിയ്‌ക്കും ഉണ്ടെന്ന വിമർശനവും ഉയർന്നിരുന്നു. ജെഡിഎസ് എൻഡിഎ മന്ത്രിസഭയിൽ അംഗമായതോടെ സിപിഎമ്മിനും പ്രതിസന്ധിയുണ്ടായിരുന്നു.