pic

ലിലോംഗ്‌വേ: ​വിമാനാപകടത്തിൽ മരിച്ച മലാവി വൈ​സ് ​പ്ര​സി​ഡ​ന്റ് ​സൗലോസ് ക്ലോസ് ചിലിമയുടെ (51) മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ ഗർഭിണി അടക്കം നാല് പേർ മരിച്ചു. പ്രാദേശിക സമയം, ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹത്തിലേക്ക് ഇടിക്കാതിരിക്കാൻ ശ്രമിച്ച സ്വകാര്യ കാർ ജനക്കൂട്ടത്തിനിടെയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 12 പേർക്ക് പരിക്കേറ്റു. ചിലിമയുടെ മൃതദേഹം വഹിച്ച വാഹനം തെരുവിലൂടെ നീങ്ങുന്നതിനിടെ ഒരുകൂട്ടം ആളുകൾ അകമ്പടി പോയ സർക്കാർ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞിരുന്നു. ചിലിമയുടെ മൃതദേഹം കാണിക്കാൻ അധികൃതർ വിസമ്മതിച്ചതാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. തുടർന്ന് പൊലീസും ആളുകളും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. ഇതിനിടെയാണ് എതിർ ദിശയിലെത്തിയ കാർ നിയന്ത്രണം തെറ്റി ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറിയത്. സ്ഥിതിഗതികൾ ശാന്തമായ ശേഷമാണ് വിലാപയാത്ര പുനരരാംഭിച്ചത്. ചിലിമയുടെ സംസ്കാരം തിങ്കളാഴ്ച ജന്മനാടായ എൻചിയോയിൽ നടന്നു. ഈ മാസം 10നാണ് ചിലിമ ഉൾപ്പെടെ ഒമ്പത് പേർ സഞ്ചരിച്ച വിമാനം​ ​ലി​ലോം​ഗ്‌​വേ​യി​ൽ നിന്ന് വ​ട​ക്ക​ൻ​ ​ന​ഗ​ര​മാ​യ എംസുസു​വി​ലേക്കുള്ള യാത്രയ്ക്കിടെ പർവത പ്രദേശത്തെ കൊടുംകാട്ടിൽ തകർന്നുവീണത്.