turkey

യൂറോ കപ്പ് ഗ്രൂപ്പ് എഫിൽ 3-1ന് ജോർജിയയെ തോൽപ്പിച്ച് തുർക്കി

ഡോർട്ട്മുണ്ട് : പേരുകേട്ട ടീമുകളെല്ലെങ്കിലും കളി തുടങ്ങിയതോടെ ആവേശം അലയടിച്ചുയർന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ജോർജിയയെ കീഴടക്കി തുർക്കി. യൂറോ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിയുകയായിരുന്നു. രണ്ടാം പകുതിയിലാണ് തുർക്കിയു‌ടെ രണ്ടുഗോളുകൾ കൂടി കണ്ടത്. ചെങ്കുപ്പായത്തിലിറങ്ങിയ തുർക്കിയും വെള്ളക്കുപ്പായത്തിലിറങ്ങിയ ജോർജിയയും തുടക്കം മുതൽ ഇഞ്ചോടിഞ്ച് പൊരുതുകയായിരുന്നു. 25-ാം മിനിട്ടിൽ മെർട്ട് മൾഡറിലൂടെ തുർക്കി മുന്നിലെത്തിയെങ്കിലും 32-ാം മിനിട്ടിൽ മിക്കാവുതാഡ്സെയിലൂടെ ജോർജിയ തിരിച്ച‌ടിച്ചു. 65-ാം മിനിട്ടിൽ റയൽ മാഡ്രിഡിന് വേണ്ടി കളിക്കുന്ന 19കാരൻ അർദ ഗ്യുലേറും ഇൻജുറി ടൈമിന്റെ ഏഴാം മിനിട്ടിൽ അബ്ദുൽ കരീമും നേടിയ ഗോളുകൾക്കാണ് തുർക്കിയുടെ ജയം.

ഗോളുകൾ ഇങ്ങനെ

1-0

25-ാം മിനിട്ട്

മെർട്ട് മൾഡർ

കാഡിയോഗ്ളുവിന്റെ ഒരു ഷോട്ട് ജോർജിയൻ പ്രതിരോധം തട്ടിയകറ്റിയത് പിടിച്ചെടുത്ത് മൾഡർ തുർക്കിയുടെ ആദ്യ ഗോൾ നേടി.

1-1

32-ാം മിനിട്ട്

മിക്കാവുതാഡ്സെ

ബോക്സിന്റെ വലതുവശത്തുനിന്ന് കോച്ചോറോഷ്വിലി നൽകിയ പാസ് മിക്കാവുതാഡ്സെ സമനില ഗോളാക്കി മാറ്റി.

2-1

65-ാം മിനിട്ട്

അർദ ഗ്യുലേർ

ടൂർണമെന്റ് ഇതുവരെ കണ്ട മികച്ച ഗോളുകളിലൊന്നായിരുന്നു ഗ്യുലേറിന്റേത്. ബോക്സിന് പുറത്തുനിന്ന് വലയ്ക്കകത്തേക്ക് വളച്ചടിച്ചുകയറ്റുകയായിരുന്നു ഗ്യുലേർ

3-1

90+7-ാം മിനിട്ട്

അബ്ദുൽ കരീം

അവസാന സമയത്ത് ജോർജിയൻ ഗോളിയടക്കം ആക്രമണത്തിനായി ഇരച്ചുകയറ്റിയപ്പോൾ ഒരു കൗണ്ടർ അറ്റാക്കിലൂടെ ആളില്ലാത്ത ജോർജിയൻ ഗോൾമുഖത്തേക്ക് ഒറ്റയ്ക്ക് പന്തുമായി ചെന്ന് കരീം നേടിയ ഗോൾ.

1

ആദ്യമായാണ് തുർക്കി ഒരു യൂറോകപ്പിലെ ആദ്യ മത്സരത്തിൽ ജയിക്കുന്നത്. ഇതിന്മുമ്പുള്ള അഞ്ചുതവണയും അതിന് കഴിഞ്ഞിരുന്നില്ല.

സ്വതന്ത്ര രാജ്യമായി ജോർജിയയുടെ ആദ്യ യൂറോകപ്പ് മത്സരമായിരുന്നു ഇത്.

19കാരനായ റയൽ മാഡ്രിഡ് താരം അർദ ഗ്യുലേർ യൂറോകപ്പിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായി ക്രിസ്റ്റ്യാനോ

റൊണാൾഡോയ്ക്കും ഫെറെങ്ക് ബെനെയ്ക്കും പിന്നിൽ ഇടം പിടിച്ചു.