
കട്ടപ്പന: കഴിഞ്ഞ വേനല്‍ ചൂടില്‍ കേരളത്തില്‍ ഏറ്റവുമധികം കൃഷി നാശമുണ്ടായത് ഇടുക്കി ജില്ലയിലായിരുന്നു. മലയോര മേഖലകളിലായിരുന്നു ഏറിയപങ്ക് നാശവും. ഇതില്‍ ഏലം മേഖലയ്ക്കുണ്ടായ നാശം വലിയ വലിയ ചര്‍ച്ചയാവുകയും മന്ത്രിമാരടക്കം തോട്ടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ചെറുകിട തേയില കര്‍ഷകരുടെ ദുരവസ്ഥ കാണാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. ആയിരത്തോളം ചെറുകിട തേയില കര്‍ഷകരാണ് ഇടുക്കിയിലുള്ളത്. ഇവരില്‍ ഭൂരിഭാഗം പേരുടെയും തേയില ചെടികള്‍ കരിഞ്ഞുണങ്ങി. ചെറുകിട തോട്ടം മേഖലയില്‍ 25ശതമാനം നാശനഷ്ടമുണ്ടായതായാണ് കണക്ക്. ഏകദേശം അഞ്ച് കോടി രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. കാലാവസ്ഥയും വിലയിടിവും കാരണം കണ്ണീരിലായ കര്‍ഷകനെ സഹായിക്കാന്‍ സര്‍ക്കാരും വിമുഖത കാണിച്ചാല്‍ ചെറുകിട തേയിലതോട്ടം മേഖല ഹൈറേഞ്ചില്‍ നാമാവശേഷമാകുമെന്നാണ് വിലയിരുത്തല്‍.
കൊളുന്തിനായി കാത്തിരിപ്പ്; ഒപ്പം വ്യാജന്മാരുടെ കടന്നുവരവും
കരിഞ്ഞുണങ്ങിയ തേയില ചെടികളില്‍ നിന്ന് കൊളുന്ത് നുള്ളണമെങ്കില്‍ കര്‍ഷകര്‍ ഇനി ആറ് മാസത്തോളം കാത്തിരിക്കണം. ജൂണ്‍ പകുതി കഴിഞ്ഞിട്ടും കാലവര്‍ഷം ശക്തമാകാത്തതും പ്രതിസന്ധിയാണ്. ഇടനിലക്കാരുടെ ചൂഷണം കാരണം ന്യായവില പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് കാലാവസ്ഥയും വില്ലനാകുന്നത്. ആഗോള വിപണിയില്‍ തേയിലയ്ക്ക് വില വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഗുണമുണ്ടായിട്ടില്ല. ഫാക്ടറികളിലേയ്ക്ക് അമിതമായി പച്ചകൊളുന്ത് എത്തിച്ച് തമിഴ്‌നാട് ലോബിയാണ് ഇടുക്കിയില്‍ നിന്ന് ലാഭം കൊയ്യുന്നത്. ഊട്ടി പോലുള്ള സ്ഥലങ്ങളില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ കൊളുന്ത് എത്തിച്ച് ഉത്പന്നമാക്കി മാറ്റി ഇടുക്കിയിലെ തേയിലയെന്ന ലേബലിലാണ് കയറ്റുമതി ചെയ്യുന്നത്.
'കൃഷി നാശമുണ്ടായവര്‍ ടീ ബോര്‍ഡിനെയും സംസ്ഥാന സര്‍ക്കാരിനെയും നഷ്ടപരിഹാരത്തിനായി സമീപിച്ചെങ്കിലും ലഭിക്കാന്‍ അര്‍ഹതയില്ലന്നാണ് മറുപടി ലഭിച്ചത്.
തേയില ഉത്പാദനം കൃഷി അല്ലെന്നും വ്യവസായമാണെന്നുമാണ് സര്‍ക്കാര്‍ രേഖകളില്‍ പറയുന്നത്.' -ചെറുകിട കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വൈ.സി. സ്റ്റീഫന്‍
=വേനല്‍ചൂടില്‍ അഞ്ച് കോടിയുടെ നാശനഷ്ടം
=വ്യാജനായി ഊട്ടി തെയില വിപണിയില്‍