putin

പ്യോംഗ്യാംഗ്: 24 വർഷത്തിനുശേഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരകൊറിയൻ സന്ദർശനത്തിനായി തലസ്ഥാനമായ പ്യോംഗ്യാംഗിൽ എത്തി. ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ആലിംഗനത്തോടെയാണ് റഷ്യൻ പ്രസിഡന്റിനെ കിം ജോഗ് ഉൻ സ്വീകരിച്ചത്.

JUST IN: 🇷🇺 🇰🇵 Russian President Putin arrives in North Korea to meet with Kim Jong Un. pic.twitter.com/3LeVNu369b

— BRICS News (@BRICSinfo) June 18, 2024

ഇരുരാജ്യങ്ങളും അന്താരാഷ്‌ട്ര തലത്തിൽ ഒറ്റപ്പെടൽ നേരിടുന്നതിനിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ സന്ദർശനം. യുക്രെയിൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ വിലക്കുകൾ നേരിടുകയാണ് റഷ്യ. ഇതോടെ പുതിയ സൗഹൃദം കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രസിഡന്റ് പുടിൻ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

പുടിന്റെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരി മുഴുവൻ അലങ്കരിച്ചിരുന്നു. വിമാനത്താവളത്തിൽ പുടിനെ സ്വീകരിക്കാൻ ചുവന്ന പരവതാനി വിരിക്കുകയും ഇരുവശങ്ങളിലുമായി ചുവന്ന റോസാപൂക്കൾകൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു. 'ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള സൗഹൃദം അനശ്വരമാണ്' എന്നെഴുതിയ പോസ്റ്ററുകൾ നഗരങ്ങളിലുടനീളം പതിച്ചിരുന്നു.

പുടിന്റെ ഉത്തരകൊറിയ സന്ദ‌ർശനത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും ഇരുരാജ്യങ്ങളും ചില അതിപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്നും സൂചനയുണ്ട്. സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭാവിയിലെ സഹകരണം ഉറപ്പിക്കാനുള്ള കരാറുകളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് ക്രെംലിൻ വക്താവ് യൂറി ഉഷാകോവ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിലാണ് യാത്ര ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.