
പ്രതിമാസം കൃത്യമായ വരുമാനം ലഭിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട്. പക്ഷെ അവയിലേതാണ് മികച്ച ലാഭം നേടി തരികയെന്ന കാര്യത്തെക്കുറിച്ച് മിക്കവർക്കും ധാരണ കുറവുണ്ടാകാം. തപാൽ വകുപ്പിന്റെ കീഴിൽ തന്നെ നിരവധി നിക്ഷേപ പദ്ധതികൾ ഇപ്പോഴുണ്ട്. അവയിൽ പണ്ടുമുതൽക്കേ നിലവിലുളള ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഇതിലൂടെ നിക്ഷേപകന് പലിശയിനത്തിൽ പ്രതിമാസം കൃത്യമായ തുക ലഭിക്കും.
ഒറ്റത്തവണയായുളള നിക്ഷേപത്തിലൂടെ നിക്ഷേപകന് പ്രതിമാസം 5,550 രൂപയും ജോയിന്റ് അക്കൗണ്ടുകൾക്ക് 9,250 രൂപവരെയും ലഭിക്കും. നിക്ഷേപതുകയ്ക്ക് 7.4 ശതമാനം പലിശ നിരക്കിലാണ് പ്രതിമാസ വരുമാനം നിക്ഷേപകന് ലഭിക്കുന്നത്. വെറും 1000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരാൾക്ക് ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. ജോയിന്റ് അക്കൗണ്ടിൽ പ്രായപൂർത്തിയായ മൂന്ന് പേർക്കുവരെ ചേരാവുന്നതാണ്.
ഒരാൾക്ക് ഈ പദ്ധതിയിലൂടെ പരാമവധി ഒമ്പത് ലക്ഷം വരെയുളള നിക്ഷേപം നടത്താം. ജോയിന്റ് അക്കൗണ്ടിൽ പരാമാവധി 15 ലക്ഷം രൂപയുടെ നിക്ഷേപം വരെ നടത്താം. പദ്ധതിയിൽ ചേർന്ന് അഞ്ച് വർഷം വരെയും പ്രതിമാസം പലിശയിനത്തിൽ നിക്ഷേപകന് പണം ലഭിക്കും. കാലാവധി കഴിയുന്നതിന് മുൻപ് നിക്ഷേപപദ്ധതിയിൽ നിന്ന് പിൻമാറണമെങ്കിൽ ബന്ധപ്പെട്ട പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടാൽ മതി.
ആദായനികുതി നിയമത്തിലെ സെക്ഷൻ സി പ്രകാരമുളള നിക്ഷേപങ്ങൾക്ക് ഒരു സാമ്പത്തിക വർഷം 1.50 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങളും ലഭിക്കും. പക്ഷെ അഞ്ച് വർഷം പൂർത്തിയാക്കുന്നവർക്കാണ് ഈ അവസരമുളളത്. നിങ്ങൾ ഒമ്പത് ലക്ഷം രൂപയുടെ നിക്ഷേപ പദ്ധതിയിലാണ് ചേരുന്നതെങ്കിൽ തുടർച്ചയായി അഞ്ച് വർഷത്തേക്ക് 5,550 രൂപ പ്രതിമാസ വരുമാനം ലഭിക്കും. അല്ലെങ്കിൽ 15 ലക്ഷം രൂപയാണ് ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ അവർക്ക് പ്രതിമാസം വരുമാനം 9,250 രൂപ വീതവും ലഭിക്കും.