an-shamseer

തിരുവനന്തപുരം: അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ആഘോഷങ്ങള്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു.

ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷനും സ്പോർട്സ് കരാട്ടേ അസോസിയേഷൻ തിരുവനന്തപുരവും സംയുക്തമായി സംഘടിപ്പിച്ച തിരുവനന്തപുരം ഓപ്പണ്‍ 24 കരാട്ടെ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും നിര്‍വഹിച്ചു.

കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എസ്.എസ്. സുധീര്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്. ബാലഗോപാല്‍, സെക്രട്ടറി വിജു വര്‍മ്മ, ജില്ലാ സ്പോർട്സ് കരാട്ടേ അസോസിയേഷൻ സെക്രട്ടറി വി സമ്പത്ത് കരാട്ടെ അസോസിയേഷന്‍ സംസ്ഥാന, ജില്ലാ ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയികളായ കായിക താരങ്ങളെ അനുമോദിച്ചു.മികച്ച സംഘാടകനുള്ള പുരസ്‌കാരം കരാട്ടെ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി സമ്പത്തിന് സമ്മാനിച്ചു. 1200 ൽ പരം കരാട്ടെ താരങ്ങള്‍ വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ മാറ്റുരച്ചു. ഓവറോള്‍ ചാമ്പ്യന്മാരായി ആറ്റിങ്ങല്‍ കരാട്ടെ ടീമും ആദ്യ റണ്ണര്‍ അപ്പായി ഷോട്ടോക്കാൻ അലയൻസും സെക്കൻ്റ് റണ്ണറപ്പായി JKNSK പോത്തൻകോടും തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍ സമ്മാനദാനം നടത്തി.