
തിരുവനന്തപുരം: ഒൻപത് മാസം പ്രായവും നാല് കിലോഗ്രാം മാത്രം തൂക്കവുമുണ്ടായിരുന്ന കുഞ്ഞിൽ സങ്കീർണ്ണ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമാക്കി കിംസ് ഹെൽത്തിലെ മെഡിക്കൽ സംഘം. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുട്ടികളിലൊരാളാണ് തിരുവനന്തപുരം സ്വദേശി കാശിനാഥ്.
മഞ്ഞപ്പിത്തത്തെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കരളിൽ നിന്ന് പിത്താശയത്തിലേക്ക് പിത്തരസമെത്തിക്കുന്ന നാളികളിൽ തടസം സൃഷ്ടിക്കുന്ന ബൈലിയറി അട്രീസിയ (biliary atresia) ബാധിച്ചതായി കണ്ടെത്തി. കരളിനകത്തോ പുറത്തോ ഉള്ള പിത്തനാളികളുടെ സാധാരണഗതിയിലുള്ള വികാസം സംഭവിക്കാതിരിക്കുമ്പോഴാണ് ഈ രോഗാവസ്ഥ ഉണ്ടാവുന്നത്.
കുട്ടിയുടെ ജീവൻ നിലനിറുത്താൻ മറ്റ് വഴികൾ ഇല്ലാത്തതിനെത്തുടർന്നാണ് മെഡിക്കൽ സംഘം ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് ഹെപറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷബീറലി.ടി.യുവും ട്രാൻസ്‌പ്ലാന്റ് സർവീസസ് സീനിയർ കൺസൾട്ടന്റും ക്ലിനിക്കൽ ചെയറുമായ ഡോ. ഷിറാസ് അഹ്‌മദ് റാത്തറും പറഞ്ഞു. ഒരു മാസത്തെ ആശുപത്രി വാസത്തിന് ശേഷം കാശിനാഥ് ആശുപത്രി വിട്ടു.