
ഒരിക്കൽ നമുക്കൊരു കഥ ഉണ്ടായിരുന്നു. എനിക്ക് എന്റേതായ കഥ, നിനക്ക് നിന്റേതായ കഥ. ആഗ്രഹങ്ങൾ, പ്രതീക്ഷകൾ സ്വപ്നങ്ങൾ എല്ലാം നിറഞ്ഞ ഒരു കഥ. യാഥാർത്ഥ്യത്തിന്റെയും, കാല്പനികതയുടേയും നൂലിൽ ഇഴചേർത്തു നെയ്തെടുത്ത, നമ്മുടെ ജീവിതത്തിന്റെ പ്രതിഫലനമായിരുന്നു അത്.
പക്ഷേ, കാലചക്രം ഉരുളുന്നതിനോടൊപ്പം നമ്മുടെ കഥകൾക്കും രൂപമാറ്റം സംഭവിച്ചു. നാം കണ്ടതും കേട്ടതും അനുഭവിച്ചതും ഓർമ്മയിൽ മാത്രമായി. കഥയിൽ മറ്റുള്ളവരുടെ സാന്നിധ്യം വന്നു ചേരുകയും യാഥാർത്ഥ്യവും ഭാവനയും ഇടകലർന്ന് കഥകൾക്ക് രൂപാന്തരം സംഭവിക്കുകയും ചെയ്തു.
നാട്ടുകാർക്ക് നമ്മെക്കുറിച്ച് അവരുടേതായ കഥകൾ ഉണ്ടായിരുന്നു. അവർ കണ്ടതും കേട്ടതും ഭാവനയും ചേർത്ത് നമ്മെക്കുറിച്ച് അവരുടേതായ ഒരു കഥ സൃഷ്ടിച്ചു. അത് പലരിലൂടെയും കടന്നുപോയി, വളർന്നു, പുതിയ പുതിയ കഥകളായി മാറി.
ഒടുവിൽ, നാം ഒരുമിച്ച് നമ്മുടെ കഥ എഴുതാൻ തീരുമാനിച്ചു. ഹൃദയം തുറന്ന്, ഓർമ്മകൾ പങ്കുവെച്ച്, വരികൾ ഓരോന്നായി എഴുതി ചേർത്ത് കഥ പൂർത്തിയാക്കിയപ്പോൾ, നമ്മുടേത് എന്നുപറഞ്ഞ് വേറൊരു കഥ മുന്നിലെത്തി. നമ്മുടെ സ്വപ്നങ്ങളും ഓർമ്മകളും മറ്റാരുടെയൊക്കെ ഭാവനകളിൽ രൂപപ്പെട്ട് അവരുടെ വാക്കുകളിൽ പ്രതിഫലിച്ചത് .
തെല്ലൊരു ആകാംഷയോടെ ഒരുമിച്ചിരുന്ന് ആ കഥ വായിച്ചപ്പോൾ അറിഞ്ഞു അത് നമ്മുടെ കഥ ആയിരുന്നില്ല. അതിൽ നമ്മുടെ ജീവിതം, സ്വപ്നങ്ങൾ, കലഹങ്ങൾ ഒന്നും എവിടെയും വായിക്കാൻ ഉണ്ടായിരുന്നില്ല. പൂർണമായും മറ്റാരുടെയോ ഒരു കഥ.
ആ നിമിഷം നാം തിരിച്ചറിഞ്ഞു, കഥകൾ ഒരിക്കലും പൂർണ്ണമാകില്ലെന്ന്. അവ നമ്മുടെ അനുഭവങ്ങളോടൊപ്പം വളരും, മാറും. നാം ആഗ്രഹിക്കാത്തതും, ഭയപ്പെടുന്നതും, മറക്കാൻ ആഗ്രഹിക്കുന്നതും എല്ലാം അവയിൽ ഉൾക്കൊള്ളും. ഓരോ വായനക്കാരനും അവരുടേതായ വ്യാഖ്യാനം നൽകും, അങ്ങനെ കഥയ്ക്ക് രൂപാന്തരം സംഭവിച്ചുകൊണ്ടിരിക്കും.
നമ്മുടെ ജീവിതം ഒരു പുസ്തകം പോലെയാണ്, അതിൽ ഓരോ താളും ഒരു പുതിയ അധ്യായം തുറക്കുന്നു. ഓരോ വായനക്കാരനും ഒരു പുതിയ കഥാപാത്രം പോലെയാണ്, അവരുടെ സാന്നിധ്യം കഥാഗതി മാറ്റുന്നു. അവിരാമം അത് തുടർന്നുകൊണ്ടേയിരിക്കും, പുതിയ വാക്കുകളും അനുഭവങ്ങളും കൊണ്ട് സമ്പന്നമാകും.
അതിനാൽ, നമുക്ക് നമ്മുടെ കഥ പറയാം, ലോകം അത് കേൾക്കട്ടെ. അനുഭവങ്ങൾ വരയ്ക്കാം, ഓർമ്മകൾക്ക് നിറം പകരാം . ഒരിക്കലും പൂർണ്ണമാകില്ലെങ്കിലും, നമ്മുടെ കഥ അത് നമ്മുക്ക് മാത്രം സ്വന്തമാണ്, അമൂല്യമാണ്.
കഥകൾ എന്നും അങ്ങനെയാണ്, പലപ്പോഴും ചരിത്രങ്ങളും ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടിലൂടെ അവരുടേതായ ചരിത്ര കഥകൾ രചിക്കും. നാം വായിക്കുന്ന നമ്മുടെ കഥ അവസാനം അതെഴുതുന്ന ആളിൻ്റെ കഥയാകും.