railway

ന്യൂഡല്‍ഹി: ജൂണ്‍ 17ന് രാവിലെ ബംഗാളില്‍ ഗുഡ്‌സ് ട്രെയിന്‍ കാഞ്ചന്‍ജംഗ എക്‌സ്‌പ്രസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പത്ത് മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. രാജ്യത്ത് റെയില്‍വേ ആധുനികവത്കരണത്തിന്റേയും മുഖം മിനുക്കലിന്റേയും പാതയില്‍ മുന്നോട്ട് പോകുമ്പോഴും അടിക്കടിയുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിഷയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ റെയില്‍വേ മന്ത്രാലയത്തിനും കേന്ദ്ര സര്‍ക്കാരിനും കഴിയില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെ പരിഹാര നടപടികളിലേക്ക് കടന്ന് റെയില്‍വേ.

റെയില്‍വേയില്‍ ലോക്കോപൈലറ്റുമാരുടെ എണ്ണത്തിലുള്ള കുറവാണ് പ്രധാന പ്രശ്‌നമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ദക്ഷിണ റെയില്‍വേയില്‍ 726 പേരെ അടിയന്തരമായി നിയമിക്കാനാണ് റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയിരിക്കുന്നത്. രാജ്യത്താകമാനം 18,799 ഒഴിവുകളാണ് നികത്താനുള്ളത്. തുടര്‍ച്ചയായി നൈറ്റ് ഷിഫ്റ്റുകളെടുക്കേണ്ടി വരികയും ഒപ്പം പലപ്പോഴും ആഴ്ചയില്‍ ഒരു ദിവസം കിട്ടേണ്ട അവധി പോലും എടുക്കാന്‍ പറ്റാത്ത സാഹചര്യവുമുണ്ടെന്ന് കേരളത്തിലേയും തമിഴ്‌നാട്ടിലേയും ലോക്കോപൈലറ്റുമാര്‍ പരാതി പറഞ്ഞിരുന്നു.

അതോടൊപ്പം അസിസ്റ്റന്റ് ലോക്കോപൈലറ്റുമാരുടെ ഒഴിവുകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 218ല്‍ നിന്ന് 508 ആയിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത്. ലോക്കോപൈലറ്റുമാരുടെ ഒഴിവുകളില്‍ നിയമനം വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികള്‍ വേഗത്തിലാക്കണമെന്ന് വിവിധ റെയില്‍വേ സോണുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പലപ്പോഴും അപകടമുണ്ടായാല്‍ ഉത്തരവാദിത്തവും ആരോപണങ്ങളും മുഴുവന്‍ ലോക്കോപൈലറ്റുമാര്‍ക്ക് നേരെ മാത്രമാണെന്നും എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ലെന്നുമാണ് ലോക്കോപൈലറ്റുമാരുടെ സംഘടന പറയുന്നത്.

ബംഗാളില്‍ അപകടമുണ്ടായപ്പോള്‍ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോപൈലറ്റ് ആണ് ഉത്തരവാദിയെന്നും ഇയാള്‍ സിഗ്നല്‍ തെറ്റിച്ചതിനാലാണ് അപകടമുണ്ടായതെന്നുമാണ് റെയില്‍വേ ബോര്‍ഡ് സിഇഒ ആദ്യഘട്ടത്തില്‍ പ്രതികരിച്ചത്. എന്നാല്‍ സ്റ്റേഷന്‍ മാസ്റ്റര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്കോപൈലറ്റ് സിഗ്നല്‍ മറികടന്നതെന്ന് പിന്നീട് തെളിഞ്ഞിരുന്നു. 2023 ഏപ്രില്‍ മുതല്‍ രാജ്യത്തുണ്ടായ ട്രെയിന്‍ അപകടങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ എല്ലാ ലോക്കോപൈലറ്റുമാരും 14 മണിക്കൂറില്‍ അധികം ഡ്യൂട്ടി ചെയ്ത ശേഷവും ജോലിയില്‍ തുടര്‍ന്നപ്പോഴാണ് അപകടങ്ങളുണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്.