hajj-pilgrims

മക്ക: ഹജ്ജ് തീർത്ഥാടനത്തിനിടെ 90 ഇന്ത്യൻ പൗരന്മാർ മരണപ്പെട്ടതായി റിപ്പോർട്ട്. ഏഴ് ഇന്ത്യക്കാരെ കാണാതായി. തീർത്ഥാടനത്തിനിടെ മരിച്ച മൊത്തം ആളുകളുടെ എണ്ണം 645 ആയി ഉയർന്നുവെന്ന് വിവിധ വാർത്താ ഏജൻസികൾ അറിയിച്ചു.

പ്രായാധിക്യമുള്ള നിരവധി തീർത്ഥാടകർ എത്തിയിരുന്നെന്നും ചിലർ സ്വാഭാവിക കാരണങ്ങളാൽ മരണപ്പെട്ടതാണെന്നും മറ്റുചിലർ അതികഠിനമായ ചൂടിൽ കുഴഞ്ഞുവീണ് മരിച്ചതാണെന്നും അധികൃതർ പറയുന്നു. ഏകദേശം 1.8 ദശലക്ഷം തീർത്ഥാടകരാണ് ഇത്തവണ ഹ‌ജ്ജ് തീർത്ഥാടനത്തിനായി മക്കയിലെത്തിയത്.

എക്കാലത്തെയും കഠിനമായ ചൂടാണ് മക്കയിൽ ഇത്തവണ അനുഭവപ്പെടുന്നത്. ചൂട് 50 ഡിഗ്രി സെൽഷ്യസ് കടന്നു. ഓരോ ദശാബ്‌ദത്തിലും 0.4 ഡിഗ്രി സെൽഷ്യസ് വീതം പ്രദേശത്ത് ചൂട് ഉയരുന്നതായി സൗദി ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞവർഷം 48 ഡിഗ്രി സെൽഷ്യസ് ആണ് തീ‌ർത്ഥാടന കാലത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം കനത്ത ചൂടിൽ 200 തീർത്ഥാടകരാണ് കുഴഞ്ഞുവീണ് മരിച്ചത്. 2000 പേർക്ക് ചൂടുമൂലമുള്ള വിവിധ അസ്വസ്ഥതകൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

പകൽ സമയത്ത് പുറത്തിറങ്ങുന്നവർ കുടകൾ ഉപയോഗിക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും തീർത്ഥാടകർക്ക് സൗദി നിർദേശം നൽകിയിരുന്നു. എന്നാൽ, പല ഹജ്ജ് ചടങ്ങുകൾക്കും പകൽ സമയങ്ങളിൽ പുറത്തിറങ്ങേണ്ടതുണ്ട്. ആവശ്യത്തിലധികം ആംബുലൻസ് സേവനം സ്ഥലത്ത് ലഭ്യമാണെങ്കിലും റോഡരികിൽ മൃതദേഹങ്ങൾ കണ്ടതായി ചില തീർത്ഥാടകർ പറഞ്ഞു.