
മുംബയ്: വലിയ സ്വപ്‌നങ്ങൾ കാണുകയും അതിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്‌താൽ നിങ്ങളുടെ സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടുമെന്നതിന്റെ ഉദാഹരണമാണ് ജെൻസൺ ഹ്വാംഗ്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള പൊതു വ്യാപാര കമ്പനിയായ എൻവിഡിയയുടെ സ്ഥാപകനും സിഇഒയുമാണ് ഹ്വാംഗ്. ലോക സമ്പന്നരിൽ റിലയൻസിന്റെ മുകേഷ് അംബാനിയെയും ടാറ്റയുടെ രത്തൻ ടാറ്റയെയും പിന്തള്ളി 11ാം സ്ഥാനത്താണ് ഹ്വാംഗ് ഇപ്പോൾ.
നാല് ബില്യൺ ഡോളർ (3,34,06,60,00,000 രൂപ) ആണ് ഹ്വാംഗിന്റെ ആസ്‌തി മൂല്യം. ആദ്യമായാണ് ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടികയിൽ ഹ്വാംഗ് ഇത്രയും ഉയർന്ന റാങ്കിലെത്തുന്നത്. ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും മറികടന്ന് എൻവിഡിയ ലോകത്തിലെ ഏറ്റവും മൂല്യവത്തായ പൊതു വ്യാപാര കമ്പനിയായി മാറിയിരിക്കുകയാണ്.
കമ്പനിയുടെ ഓഹരികൾ 3.4 ശതമാനം ഉയർന്ന് വിപണി മൂലധനം ഏകദേശം 3.3 ട്രില്യൺ ഡോളറിലെത്തി. ആപ്പിൾ, മൈക്രോസോഫ്റ്റ്, ടെസ്‌ല എന്നിവയുടെ പ്രതിദിന വിറ്റുവരവിനെ മറികടന്ന് ശരാശരി പ്രതിദിന വിറ്റുവരവ് 50 ബില്യൺ ഡോളറുമായി, വാൾ സ്ട്രീറ്റിലെ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന കമ്പനിയായി എൻവിഡിയ ഉയർന്നു.

1963ൽ തായ്‌വാനിലെ തായ്‌നാനിലാണ് ജെൻസൻ ഹ്വാംഗ് ജനിച്ചത്. അഞ്ചാമത്തെ വയസിൽ അദ്ദേഹത്തിന്റെ കുടുംബം തായ്‌ലാൻഡിലേയ്ക്ക് കുടിയേറി. ഒൻപതാം വയസിൽ ഹ്വാംഗിനെയും സഹോദരനെയും വാഷിംഗ്‌ടണിലെ ബന്ധുവിന്റെയൊപ്പം താമസിക്കാൻ കുടുംബം പറഞ്ഞയച്ചു. പഠനകാലത്ത് ഹോട്ടലുകളിൽ വെയിറ്ററായി ജോലി നോക്കിയാണ് ഹ്വാംഗ് ജീവിതച്ചെലവിനായി പണം കണ്ടെത്തിയിരുന്നത്.
1993ലാണ് ക്രിസ് മലചോവ്‌സ്‌കി, കർട്ടിസ് പ്രിം എന്നിവരോടൊപ്പം ചേർന്ന് ഹ്വാംഗ് എൻവിഡിയ സ്ഥാപിച്ചത്. 2007-ഓടെ, അമേരിക്കയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒമാരിൽ 61ാം സ്ഥാനത്തേയ്ക്ക് അദ്ദേഹം ഉയർന്നു. അന്ന് അദ്ദേഹത്തിന്റെ ശമ്പളം 24.6 മില്യൺ ഡോളറായിരുന്നു.