
മലപ്പുറം: മലപ്പുറം മേൽമുറിയിൽ ഓട്ടോറിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മാതാപിതാക്കളും മകളും മരിച്ചു. മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്‌റഫ്(45), സാജിദ(37), ഫിദ(15) എന്നിവരാണ് മരിച്ചത്. അഷ്‌റഫ് ആയിരുന്നു ഓട്ടോ ഓടിച്ചത്.
ഫിദയെ പ്ലസ് വണ്ണിന് ചേര്‍ക്കാന്‍ മലപ്പുറം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലേക്ക് വരുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടമുണ്ടായത്. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു. ഓട്ടോറിക്ഷ തെറ്റായ ദിശയിലാണ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓട്ടോ വരുന്നതുകണ്ട് ബസ് വശത്തേക്ക് ഒതുക്കാൻ ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും ഇതിനിടെ ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു. അഷ്‌റഫും ഫിദയും തൽക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സാജിദ മരിച്ചത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൂവരും.
അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നിട്ടുണ്ട്. ബസിൽ ഡ്രൈവർമാത്രമായിരുന്നു ഉണ്ടായിരുന്നത്. മൂവരുടെയും മൃതദേഹങ്ങൾ മലപ്പുറം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഓട്ടോഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. എന്നാൽ അപകടകാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. ബസ് വരുന്നതുകണ്ടിട്ടും ഓട്ടോറിക്ഷ ബ്രേക്കുചെയ്യാൻ ശ്രമിച്ചില്ലെന്ന് ദൃക്‌സാക്ഷികളും പറയുന്നു. .