air-arabia

കോഴിക്കോട്: അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് വന്ന വിമാനത്തില്‍ തീപിടിത്തമുണ്ടായി. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവര്‍ബാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇന്ന് പുലര്‍ച്ചെ അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിലാണ് സംഭവം ഉണ്ടായത്.

തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും തീ അണയ്ക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. മലയാളിയായ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവര്‍ ബാങ്ക് ആണ് പൊട്ടിത്തെറിച്ചത്. ഇയാള്‍ക്കൊപ്പം സഹോദരിയും ഉണ്ടായിരുന്നു.

സംഭവത്തില്‍ നാല് പേരെ അധികൃതര്‍ തടഞ്ഞു. തീപിടിത്തമുണ്ടായപ്പോള്‍ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ച രണ്ട് പേരെയും ഒപ്പം യുവാവിനേയും സഹോദരിയേയുമാണ് തടഞ്ഞത്. പിന്നീട് മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ കോഴിക്കോടേക്ക് എത്തിച്ചത്.

വിമാനം അബുദാബി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ തയ്യാറെടുക്കവേ ഉള്ളില്‍ ചെറിയ തീപ്പൊരിയും ഒപ്പം പുകയും ഉയര്‍ന്നുവെന്ന് ചില യാത്രക്കാര്‍ പറയുന്നു. വിമാനത്തിലെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചില യാത്രക്കാര്‍ മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്തിരുന്നു.

എന്നാല്‍ മറ്റൊരു വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ഈ ദൃശ്യങ്ങള്‍ അധികൃതര്‍ ഇടപെട്ട് ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു.